Advertisment

സ്വര്‍ണ്ണത്തിലെ മായം !

author-image
സത്യം ഡെസ്ക്
New Update

ഭീകരവാദ ബന്ധമുള്ള അന്തര്‍ദേശീയ സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന്‍റെ ഇതുവരെയുള്ള പോക്ക് രസകരമായിരിക്കുന്നു.

Advertisment

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഐഎ ദക്ഷിണ മേഖലാ ഡയറക്ടര്‍ കെ ബി വന്ദനയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം പലവട്ടം മണിക്കൂറുകള്‍ ആണ് ചോദ്യം ചെയ്തത്.

publive-image

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒന്നും മുഖവിലക്ക് എടുക്കേണ്ടതില്ലെങ്കില്‍ പോലും പത്ര വാര്‍ത്തകള്‍ വായിച്ചാല്‍ അറിയാതെ ചിരിച്ചു പോകും.

യുഎപിഎ ചുമത്തി പ്രതിയാക്കാന്‍ മതിയായ തെളിവ് ശിവശങ്കറിന് എതിരെ ഇതുവരെ കിട്ടിയിട്ടില്ലത്രെ!

പ്രതിയെ ചോദ്യം ചെയ്ത് കുറ്റകൃത്യം തെളിയിക്കുന്ന കേസ് അന്വേഷണ രീതി അപാരം തന്നെ. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രതിയുടെ കുറ്റസമ്മത മൊഴി അനിവാര്യമല്ല.

അന്വേഷണ ഏജന്‍സികളുടെ മുമ്പാകെ പ്രതി നല്‍കുന്ന കുറ്റ സമ്മത മൊഴി പൊതുവെ അസ്വീകാര്യവുമാണ്. തൊണ്ടി മുതലുകള്‍ കണ്ടെടുക്കുന്നതിന് സഹായകമായ പ്രതിയുടെ കുറ്റ സമ്മത മൊഴി ഭാഗം മാത്രമാണ് തെളിവില്‍ സ്വീകാര്യം.

പ്രതികള്‍ എന്‍ഐഎക്ക് നല്‍കുന്ന കുറ്റസമ്മത മൊഴികള്‍ക്ക് യാതൊരു നിയമസാധുതയുമില്ല, തെളിവില്‍ സ്വീകാര്യവുമല്ല.

അപ്പോള്‍ പിന്നെ ഈ മണിക്കൂറുകള്‍ നീണ്ട ഇനിയും അവസാനിക്കാത്ത ചോദ്യം ചെയ്യല്‍ നാടകത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും എന്താണ്?

ശിവശങ്കറെ പ്രതിയാക്കണമെങ്കില്‍ ശിവശങ്കര്‍ കുറ്റം സമ്മതിക്കണമെന്ന മട്ടിലാണ് വാര്‍ത്തകള്‍. കേസ് അന്വേഷണത്തിന്‍റെ നിഷ്പക്ഷതയും, സുതാര്യതയും സംശയത്തിന്‍റെ കരിനിഴലിലാണ്.

ശിവശങ്കറിന് എതിരെ തെളിവില്ലെങ്കില്‍ അദ്ദേഹത്തെ പ്രതിയാക്കുന്നത് അന്യായവും അധാര്‍മികവുമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നീതിസാരം.

ശിവശങ്കറെ പോലെ ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ അതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ഒരാള്‍ സ്വപ്ന സുരേഷുമായി സൗഹൃദത്തിലാണെന്ന് പറയുന്നതില്‍തന്നെ ഒരു കല്ലുകടിയുണ്ട്.

publive-image

സ്വപ്നസുരേഷും ശിവശങ്കറും ഒരുമിച്ച് മൂന്ന് തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ സ്വപ്ന അനുഗമിച്ചിരുന്നെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ അതീവ ഗുരുതരമാണ്.

ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും ഇല്ലാത്ത, ഇരുണ്ട പശ്ചാത്തലമുള്ള സ്വപ്ന മുന്തിയ ശമ്പളത്തോടെ ഉന്നതസ്ഥാനങ്ങളില്‍ മാറി മാറി നിയമിക്കപ്പെട്ടതും മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുമായി അടുത്ത് ഇടപഴകിയതും ദുരൂഹമാണ്.

ശിവശങ്കര്‍ സ്വപ്നയുടെ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും, രാവേറെ ചെന്നാണ് പലപ്പോഴും തിരിച്ചു പോകുന്നതെന്നും മറ്റും ഫ്ളാറ്റിലെ താമസക്കാര്‍ പറയുന്നതൊക്കെ എല്ലാവരും നവമാധ്യമങ്ങളില്‍ ലൈവ് ആയി കണ്ടതും കേട്ടതുമാണ്.

അത്രക്കൊരു സൗഹൃദം ഉള്ള ശിവശങ്കറിന് സ്വപ്ന എന്താണ് ചെയ്തു കൊണ്ടിരുക്കുന്നതെന്ന് ഇതുവരെ മനസ്സിലായിരുന്നില്ല എന്നൊക്കെ പറയുന്നത് തീര്‍ത്തും അവിശ്വസനീയമാണ്.

കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റും എന്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റും നടത്തുന്ന അന്വേഷണങ്ങളും ശിവശങ്കറിനും, സ്വപ്നക്കും നേരെയാണ് വിരല്‍ ചൂണ്ടുന്നത്.

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ വാടകക്ക് എടുത്ത അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്ന ഹെതര്‍ഫ്ളാറ്റ് സമുച്ചയവും സ്വപ്നയുടെ ഓഫീസ് അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യന്ന ഫെലിറ്റസ് ഫ്ളാറ്റ് സമുച്ചയവും സെക്രട്ടേറിയേറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിന്‍റെ കണ്ണെത്തും ദൂരത്താണ്.

ലോ അക്കാദമി, ലോ കോളേജ് സൊസൈറ്റിയുടെ ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഹെതര്‍ഫ്ളാറ്റ് സമുച്ചയം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥയോടെ സൊസൈറ്റിക്കു നല്‍കിയ സ്ഥലത്താണ് പത്തു നിലയുള്ള ഫ്ളാറ്റ് സമുച്ചയം പടുത്തുയര്‍ത്തിയിരിക്കുന്നത്.

ലോ അക്കാദമി ലോ കോളേജിന്‍റെ മുന്‍ പ്രന്‍സിപ്പല്‍ ലക്ഷ്മി നായരുടേയും സഹോദരന്‍ അഡ്വക്കേറ്റ് നാഗരാജിന്‍റേയും അവരുടെ പിതൃസഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍നായരുടേയും മറ്റും ഉടമസ്ഥതയിലുള്ള പ്രസ്തുത ഫ്ളാറ്റിന്‍റെ നിര്‍മ്മാണം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

publive-image

ആരാണന്നല്ലെ ഈ കോലിയക്കോട് കൃഷ്ണന്‍നായര്‍? മുഖ്യമന്ത്രിയുടെ മകളുടെ രണ്ടാം വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഏക സിപിഎം നേതാവാണ് അദ്ദേഹം.

റിബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന അപ്പാര്‍ട്ട്മെന്‍റും ഹെതര്‍ഫ്ളാറ്റില്‍ തന്നെ ആണ്. സര്‍ക്കാര്‍ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിലെ അപ്പാര്‍ട്ട്മെന്‍റ് സര്‍ക്കാര്‍ വാടകക്ക് എടുക്കുന്ന അത്ഭുത പ്രവര്‍ത്തി കാണാനുള്ള അപൂര്‍വ്വ ഭാഗ്യവും കേരള ജനതക്കുണ്ടായി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐറ്റി ഫെലോയും ചേര്‍ന്ന് പ്രസ്തുത ഫ്ളാറ്റിലെ അപ്പാര്‍ട്ട്മെന്‍റ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്ക് തരപ്പെടുത്തിക്കൊടുത്തത് യാദൃശ്ചികമാകാന്‍ ഒരു സാധ്യതയുമില്ല. ഏതായാലും സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുടെ അപ്പാര്‍ട്ടുമെന്‍റുകളും ശിവശങ്കറിന്‍റെ ഓഫീസും സമീപത്ത് കണ്ണെത്തും ദൂരത്തായതില്‍ അസുഖകരമായ രസതന്ത്രമുണ്ടെന്ന് പറയാതെ വയ്യ!.

എന്‍ഐഎയുടെ ഈ അന്വേഷണ നാടകം ഒരു സി പി എം, ബി ജെ പി രഹസ്യ അജണ്ടയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ശിവശങ്കര്‍ പ്രതിയായാല്‍ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നു ആര്‍ക്കാണ് അറിയാത്തത്?.

സി പി എം അസ്തമിക്കാന്‍ പോകുന്ന പാര്‍ട്ടിയാണ്. പശ്ചിമബംഗാളിലും, ത്രിപുരയിലും സിപിഎം ബിജെപിയായി രൂപഭേദപ്പെട്ടു കഴിഞ്ഞു.

ആകെയുള്ള അത്താണി കേരള ഭരണമാണ്. കേരള ഭരണംകൂടി നഷ്ടപ്പെടുന്നത് സിപിഎമ്മിന് അചിന്തനിയമാണ്. തിരഞ്ഞെടുപ്പുകളില്‍ വോട്ട് വില്‍ക്കുന്ന പാരമ്പര്യമുള്ള കേരളത്തിലെ ബിജെപി നേതാക്കളെ വിലക്കെടുക്കുന്നത് പലവഴികളിലായി എണ്ണമറ്റകോടികള്‍ വാരിക്കൂട്ടിയ സിപിഎമ്മിന് തീര്‍ത്തും നിസ്സാരം.

പശ്ചിമബംഗാളിലും, ത്രിപുരയിലും ബിജെപിയില്‍ ചേക്കേറിയ പഴയകാല സിപി എം കാരോടുള്ള ഉപകാര സ്മരണയായി വേണമെങ്കില്‍ കണക്കു കൂട്ടുകയും ചെയ്യാം.

ശിവശങ്കര്‍ കുറ്റമൊന്നും സമ്മതിച്ചില്ല, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു പോയി, യുഎഇ സര്‍ക്കാര്‍ സഹകരിക്കുന്നില്ല, എന്നൊക്കെയുള്ള തടസ്സവാദങ്ങളില്‍ സ്വര്‍ണ്ണക്കടത്തു കേസിന്‍റെ അന്വേഷണം വഴിമുട്ടിയാലും ജനകിയ കോടതി കുറ്റവാളികളെ വെറുതെ വിടില്ല.

വാല്‍കഷ്ണം

സിപിഎമ്മിനുള്ളില്‍ ഭീതിയോടെ വാമൂടി കെട്ടിയിരിക്കുന്ന ഒരുപാട് പിണറായി വിരുദ്ധരുണ്ട്. മുഖ്യമന്ത്രി രാജിവച്ചാല്‍ അവരുടെ കാലം തെളിയും. അവരാരും ഒരുകാര്യത്തിലും മുഖ്യമന്ത്രിയേക്കാള്‍ പിന്നിലല്ല. അവരുടെ തേരോട്ടം കൂടി സഹിക്കേണ്ടിവരുന്ന ഗതികേട് ജനങ്ങള്‍ക്ക് ഉണ്ടാകാതിരിക്കട്ട !

- അഡ്വ. എസ് അശോകന്‍

article
Advertisment