Advertisment

കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസും ഇനിയും തുടരുന്ന ദുരൂഹതകളും ! ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക് തിരുന്നല്‍വേലിയില്‍ കിട്ടിയ ഏക്കറുകണക്കിന് ഭൂമി പാരിതോഷികമോ ? കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും അന്ന് ദക്ഷിണ മേഖലാ ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയുടെയും സ്വത്തു വിവരങ്ങളും ഭൂമിയിടപാടും അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യം ചര്‍ച്ചയാകുന്നു ! ചാരക്കേസിനെ കാത്തിരിക്കുന്നത് വഴിത്തരിവോ ? ഇപ്പോഴത്തെ വാദികള്‍ വീണ്ടും പ്രതിസ്ഥാനത്തേക്കോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

1994 ൽ പുറത്തുവന്ന ഐഎസ്ആര്‍ഒ ചാരക്കേസിൽ അന്ന് അന്വേഷണം നടത്തിയിരുന്ന കേരളാ പോലീസ് സംഘം, മാലി സ്വദേശിനികളും ശാസ്ത്രജ്ഞൻ നമ്പി നാരായണനുൾപ്പെടെയുള്ളവരുടെയും പങ്കുകളെപ്പറ്റി നിരവധി കണ്ടെത്തലുകൾ നടത്തിയിരുന്നു.

എന്നാൽ പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ആ കണ്ടെത്തലുകളെല്ലാം തള്ളിക്കളയുകയും നമ്പി നാരായണനും കൂട്ടരും പൂർണ്ണമായും നിരപരാധികളാണെന്നും ചാരക്കേസ് തന്നെ കേരള പോലീസ് കെട്ടിച്ചമച്ചതാണെന്നുമുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

ഈ സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നമ്പി നാരായണനെ കേസിൽ നിന്നും സുപ്രീം കോടതി മുക്തനാക്കുകയും ഒപ്പം അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നൽകാനും വിധിക്കുകയുണ്ടായി. അതേത്തുടർന്നാണ് അദ്ദേഹത്തിന് കേരള സർക്കാർ 2018 ൽ 50 ലക്ഷം രൂപ നൽകിയത്.

അതിനുമുൻപ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം 2012 ൽ അന്നത്തെ UDF സർക്കാർ ഇടക്കാലാശ്വാസമായി അദ്ദേഹത്തിന് 10 ലക്ഷം രൂപ നൽകുകയുണ്ടായി. വീണ്ടും തിരുവനന്തപുരം സബ്കോടതിയിൽ നമ്പി നാരായണൻ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷികളിലൊരാളായ സിബി മാത്യൂസ് സുപ്രീം കോടതിയെ സമീപിക്കുകയും ഈ ഹർജിയുടെ മെരിറ്റ് നോക്കി മാത്രമേ കേസ് തീർപ്പാക്കാവൂ എന്ന ഉത്തരവ് സാമ്പാദിച്ച് അതു സബ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

അതിനുശേഷമാണ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനെ മദ്ധ്യസ്ഥനായി നിയോഗിച്ച് കോടതിക്ക് വെളിയിൽ വച്ചു നഷ്ടപരിഹാരം 1.3 കോടി രൂപയ്ക്കു സർക്കാരും നമ്പി നാരായണനും തമ്മിൽ തീരുമാനിച്ച് കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഇക്കാര്യം സബ്കോടതിയെ അറിയിച്ചപ്പോൾ ഹർജി പിൻവലിക്കാതെ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നു കോടതി നിലപാടെടുത്തു. അന്നുതന്നെ നമ്പി നാരായണൻ തന്റെ ഹർജി പിൻവലിക്കുകയാണുണ്ടായത്.

ഈ തുക സർക്കാർ ഖജനാവിൽ നിന്നു പിൻവലിച്ചു ഹർജിക്കാരന് പണമായി നൽകിയതിലെ നിയമവി രുദ്ധത ഇപ്പോൾ ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ഒരു കേസിൽ തന്നെ നഷ്ടപരിഹാരമെന്ന പേരിൽ മൂന്ന് തവണകളായി നമ്പി നാരായണന് ഇതുവരെ ലഭിച്ചത് ഒരു കോടി തൊണ്ണൂറ്‌ ലക്ഷം രൂപയാണ് !!.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അമ്പരപ്പിക്കുന്നവയാണ്. നമ്പി നാരായ ണനെതിരേ കേസന്വേഷിച്ച സിബി മാത്യു ഉൾപ്പെടെയുള്ള കേരളാ പോലീസ് ഉദ്യോഗസ്ഥർ ഐഎസ്ആര്‍ഒ ചാരക്കേസിൽ നടത്തിയ ഗൂഡാലോചന അന്വേഷിക്കണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇപ്പോൾ നടക്കുന്ന സിബിഐ അനേഷണത്തിലാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന പല വിവരങ്ങളും ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

പ്രതികളായ എസ്. വിജയൻ, തമ്പി എസ് ദുർഗാദത്ത്, സിബി മാത്യൂസ് എന്നീ മുൻ പോലീസുദ്യോഗസ്ഥർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് അവർ ഈ രേഖകളെല്ലാം ഹാജരാക്കിയിട്ടുള്ളത്.

publive-image

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരുടെയും അന്നത്തെ ദക്ഷിണമേഖലാ ഐജി ആയിരുന്ന രമൺ ശ്രീവാസ്തവയുടെയും സ്വത്തു വിവരങ്ങളും അവർ നടത്തിയ ഭൂമിയിടപാടുകളും പരിശോധിക്കണമെന്നാണ് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനടിസ്ഥാനമായി കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ഡിഐജി രാജേന്ദ്രനാഥ് കൗൾ, രമൺശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ എന്നിവരുമായി നമ്പി നാരായണനും മകൻ ശങ്കർകുമാറും തമ്മിൽ നടത്തിയ തിരുനൽവേലിയിലെ ഏക്കർ കണക്കിനുള്ള ഭൂമിയിടപെടലുകളുടെ രേഖകളാണ് അവർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

publive-image

ചാരക്കേസിൽ ഉൾപ്പെട്ടിരുന്ന രമൺ ശ്രീവാസ്തവയും ചാരക്കേസ് അന്വേഷണത്തലവൻ രാജേന്ദ്രനാഥ് കൗളും ചേർന്ന് ആരോപിതനായിരുന്ന നമ്പി നാരായണനുമായി ചാരക്കേസിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെ നടത്തിയ ഭൂമിയിടപാടുകളാണ് ഇവയെന്നതും വളരെ ശ്രദ്ധേയമാണ്. ഇതുകൂടാതെ നമ്പി നാരായണന്റെ ബന്ധുവായ പോൾ സ്വാമിയുമായും ബന്ധപ്പെട്ട് ഒട്ടേറെ ബിനാമി ഇടപാടുകൾ നടന്നതായും ഇവർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

16/07/2021 ൽ മാതൃഭൂമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചാരക്കേസ് ആദ്യം സിബിഐക്ക് കൈമാറിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരിവത്സന്റെ സഹോദരീ ഭര്‍ത്താവിനും മൂത്ത സഹോദരിക്കുമായി 22 ഏക്കര്‍, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കര്‍, കൗളിന്റെ അടുത്തബന്ധുവിന് ഒരേക്കര്‍, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കര്‍, മുന്‍ സിബിഐ ഡിഐജി പി. മധുസൂദനന്‍ നായരുടെ ബിനാമിക്ക് 18.88 ഏക്കര്‍ വസ്തു, എന്നിങ്ങനെയാണ് തിരുനെല്‍വേലി ജില്ലയില്‍ നടത്തിയ മറ്റു ഭൂമി ഇടപാടുകള്‍.

ചാരക്കേസില്‍ നിന്ന് നമ്പി നാരായണന്‍ ഒഴിവായത് സിബിഐ ഉദ്യോഗസ്ഥരെ ഭൂമി നല്‍കി സ്വാധീനിച്ചാണെന്ന വാദമാണ് പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.

ഈ രേഖകളും വിവരങ്ങളുമെല്ലാം തങ്ങൾ അന്ന് അന്വേഷണം നടത്തിയിരുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന് നല്കിയിരുന്നതാണെന്നും അവർ ഇവയൊന്നും പരിഗണിച്ചില്ലെന്നുമാണ് പ്രതികൾ കോടതിയെ അറിയിച്ചത്.

ഇവിടെ ഇതോടൊപ്പം മറ്റു ചില സംശയങ്ങൾ കൂടി ദൂരീകരിക്കേണ്ടതുണ്ട്.

1. മറിയം റഷീദ അറസ്റ്റു ചെയ്യപ്പെട്ടതിൻ്റെ പത്താം നാൾ അതായത് 1994 നവംബർ ഒന്നാം തീയതി ശ്രീ. നമ്പി നാരായണൻ ഐ.എസ്.ആർ.ഒ യിൽ നിന്നും സ്വമേധയാ വിരമിക്കുന്നതിനായി അപേക്ഷ നല്കിയതെന്തിനാണ് ?

2. അദ്ദേഹം മികച്ച ഒരു ശാസ്ത്രജ്ഞനായിരുന്നെങ്കിൽ കൂടുതൽ രാജ്യസേവനം നടത്താതെ എന്തിന് ജോലിവിടാൻ തീരുമാനിച്ചു ? അന്ന് ISRO ഡയറക്ടറായിരുന്ന ശ്രീ.മുത്തുനായകം VRS തീരുമാനത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാതെ സ്വയം പിരിയാനുള്ള അപേക്ഷ അംഗീകരിച്ച ശുപാര്ശയോടെ അതെന്തുകൊണ്ട് കേന്ദ്ര സർക്കാരിനയച്ചു ?

3. മുന്തിയ ശമ്പളമുള്ള ജോലിയിൽനിന്ന് സ്വമേധയാ വിരമിക്കാൻ തീരുമാനിച്ച അദ്ദേഹം പാപ്പരായതെങ്ങനെ യാണ് ?

ഇനിയും ഉത്തരം ലഭിക്കേണ്ട ഈ ചോദ്യങ്ങൾക്കൊപ്പം ISRO ചാരക്കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഭൂമികൈമാറ്റമുൾപ്പെ ടെയുള്ള ഗുരുതരമായ ബിനാമി ഇടപാടു കളുടെ രേഖകൾ കൂടി പുറത്തുവന്ന സ്ഥിതിക്ക് ഇക്കാര്യത്തിൽ വിശദമായ ഒരു പുനരന്വേഷണത്തിന് ബഹുമാനപ്പെട്ട കോടതി ഉത്തരവിടുമോ എന്നാണ് അറിയാനുള്ളത്.

voices
Advertisment