Advertisment

ബ്രാഹ്മണയുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ അതിക്രൂരമായി നടുറോഡിൽ വെട്ടിക്കൊന്നു ! വരേണ്യവെറിയുടെ ഏറ്റവും പുതിയ ഇരയായി ഈ ദളിത് യുവാവ് !

New Update

publive-image

Advertisment

ദീപ്തിയും അനീഷും വിവാഹവേളയിൽ

ബ്രാഹ്മണയുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ അതിക്രൂരമായി നടുറോഡിൽ വെട്ടിക്കൊന്നു. ഉച്ചനീചത്വവും ജാതീയമായ വേർതിരിവുകളും സമൂഹത്തിൽ ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ 24 നു നടന്ന ഈ അരുംകൊല.

ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലാ നിവാസികളായ അനീഷിന്റെയും ദീപ്തിമിശ്രയുടെയും പ്രണയം മൊട്ടിട്ടത് ഇരുവരും ഗോരഖ്‌പൂരിലെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ കോളേജിൽ പഠിക്കുമ്പോഴാണ്. കൃത്യമായി പറഞ്ഞാൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് 2017 ഫെബ്രുവരി 9 നായിരുന്നു.

അന്ന് ആദ്യസമാഗമത്തിൽത്തന്നെ തുടക്കമിട്ടതാണ് ഇരുവരുടെയും പ്രണയം. പഠനത്തിലും മികവ് പുലർത്തിയ ഇരുവർക്കും കാമ്പസ് സെലക്ഷൻ വഴി ഒരേപോലെ പഞ്ചായത്ത് അധികാരികളായി നിയമനവും ലഭിച്ചു.

publive-image

ദളിത് വിഭാഗക്കാരനായ അനീഷിന്റെ കുടുംബം സമ്പന്നമാണ്. പിതാവ് സിംഗപ്പൂരിലും ബാങ്കോക്കി ലുമൊക്കെ ജോലി ചെയ്ത വ്യക്തിയും ദളിത് വിഭാഗങ്ങളിൽ വളരെ ആദരണീയനുമാണ്. അനീഷിന്റെ സഹോദരൻ അനിൽ ചൗധരി 10 വർഷം വരെ ഗ്രാമ മുഖ്യൻ (സർപഞ്ച്‌) ആയിരുന്നു. ഇപ്പോൾ വനിതാ സംവരണമായതോടെ അദ്ദേഹത്തിൻ്റെ ഭാര്യയാണ് ഗ്രാമമുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടത്.

ദീപ്തിയുടെ പിതാവ് നളിൻ മിശ്രയും വളരെക്കാലം ദുബായിൽ ജോലിചെയ്ത വ്യക്തിയാണ്. ഇപ്പോൾ മടങ്ങിവന്നശേഷം മജ്‌ഗാവ് എന്ന സ്ഥലത്ത് ടെക്സ്റ്റൈൽ ഷോപ്പ് നടത്തുകയാണ്. ഗോരഖ്‌പൂരിനടുത്തുള്ള "ദേവകലി ധർമ്മസേൻ " ഗ്രാമത്തിലെ ബ്രാഹ്മണ മേധാവികളുടെ കുടുംബമാണ് നളിൻ മിശ്രയുടേത്.

ദീപ്തി - അനീഷ് പ്രണയം അവരുടെ ജോലി പരിശീലനകാലത്ത് അതിൻ്റെ പാരമ്യതയിലെത്തുകയും വിവരം ഇരു വീട്ടുകാരും അറിയുകയും ചെയ്തു. അനീഷിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചപ്പോൾ ദീപ്തിയുടെ വീട്ടിൽ നേരേ മറിച്ചായിരുന്നു കാര്യങ്ങൾ.

ദീപ്തിയുടെ പിതാവും ബന്ധുക്കളും ബന്ധത്തെ ശക്തിയുക്തം എതിർത്തു. അനീഷിനെ അപായപ്പെടുത്തുമെന്നവർ പരസ്യമായി ഭീഷണിമുഴക്കി. ഭീഷണി മാത്രമല്ല ദീപ്തിയുടെ വീട്ടുകാരും ഗുണ്ടകളും അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനീഷ് അതൊന്നും വകവച്ചില്ല. അതിരുകടന്ന ആ ആത്മവിശ്വസമാണ് അയാൾക്ക് വിനയായത്. വീട്ടുകാരുടെ എതിർപ്പ് വിവാഹത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലിൽ ഇരുവരും 2019 മെയ് 12 ന് ഗോരഖ്‌ പൂരിൽ വച്ച് വിവാഹിതരായി. ജാതി വെവ്വേറെയാണെന്നതൊഴിച്ചാൽ ഇരു കുടുംബങ്ങളും സമ്പന്നർ, രണ്ടുപേർക്കും മാന്യമായ സർക്കാർ ജോലി, നല്ല ശമ്പളം, വാഹനം ഇതൊക്കെയായാൽ ജീവിതത്തിൽ മറ്റെന്താണ് വേണ്ടത് എന്നായിരുന്നു അവരുടെ ചിന്തകൾ. എന്നാൽ മറുവിഭാഗം ജാതിവിദ്വേഷത്താൽ വെറിപൂണ്ട നിലയിലായിരുന്നു.

publive-image

ദീപ്തിയും അനീഷും വിവാഹവേളയിൽ സുഹൃത്തുമൊത്ത്

ദീപ്തിയുടെ കുടുംബം പ്രതികാരദാഹവുമായി രംഗത്തെത്തി. ദീപ്തിയെ തട്ടിക്കൊണ്ടുപോയെന്ന കാരണം പറഞ്ഞ് പോലീസിൽ പരാതി നൽകി. ദീപ്തിയെ അനീഷ് സ്ഥലത്തില്ലാത്ത തക്കം നോക്കി അവർ തട്ടി ക്കൊണ്ടുവന്നു. മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും അനീഷിനെതിരേ പോലീസിൽ മൊഴി നല്കിപ്പിച്ചു.

ദീപ്തി ജോലിക്കു പോകുമ്പോൾ വാഹനത്തിലും ഓഫീസിലും അവളുടെ ഇളയച്ഛന്റെ നേതൃത്വത്തിൽ 6 അംഗ സംഘം ലൈസൻസുള്ള റൈഫിളുകളുമായി സദാ കാവലുണ്ടായിരുന്നു. അനീഷിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന നിലവന്നപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് രാത്രി ആരുമറിയാതെ ദീപ്തി വീട്ടിൽ നിന്നും രക്ഷപെട്ട് അനീഷിനടുത്തെത്തി. അനീഷിന്റെ കുടുംബം ഇരുവർക്കും സുരക്ഷയൊരുക്കുകയും ചെയ്തു.

പിതാവിന്റെയും ബന്ധുക്കളുടെയും ചെയ്തികളും നിയമവിരുദ്ധനടപടികളും വിവരിച്ചുകൊണ്ട് ദീപ്തി സമൂഹമാധ്യമങ്ങളിൽ വിശദമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. താനും അനീഷും സ്വന്ത ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും തങ്ങളെ അപായപ്പെടുത്താൻ പിതാവും ഇളയച്ഛനും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ദീപ്തി വിഡിയോയിൽ ആരോപിച്ചിരുന്നു. അപ്പോഴും അനീഷിനെതിരേ ഒന്നൊന്നായി വ്യാജപരാതികൾ പലതും ദീപ്തിയുടെ കുടുംബം പോലീസിൽ നൽകുകയുണ്ടായി.

കഴിഞ്ഞ മെയ് 28 ണ് ഗോരഖ്‌പൂരിലെ മഹാദേവ് ജാർഖണ്ഡി ക്ഷേത്രത്തിൽ ഇരുവരുടെയും വിവാഹം ആർഭാടമായി അനീഷിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ഷണിച്ചിരുന്നുവെങ്കിലും ദീപ്തിയുടെ കുടുംബത്തിൽനിന്ന് ഒരാൾപോലും ചടങ്ങിൽ പങ്കെടുത്തില്ല. അതിനുശേഷം അവാന്തിക ഹോട്ടലിൽ നടന്ന റിസപ്‌ഷനിൽ സമൂഹത്തിലെ നാനാതുറയിലുമുള്ള പ്രമുഖരായ പലരും പങ്കെടുക്കുകയുണ്ടായി.

വീട്ടുകാരുടെ പിണക്കം അവസാനിക്കുമെന്നും മെല്ലെമെല്ലെ അവരെ അനുനയിപ്പിക്കാമെന്നുമുള്ള ദീപ്തിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. ജാതിവിദ്വേഷത്താൽ പ്രതികാരദാഹികളായി മാറിയ ദീപ്തിയുടെ പിതാവും ബന്ധുക്കളും കരുതലോടെ കരുക്കൾ നീക്കി.

ഇക്കഴിഞ്ഞ ജൂലൈ 24 ന് ഗോപാൽപൂരിലെ പങ്കജ് ട്രേഡേഴ്‌സ് എന്ന ഹാർഡ്‌വെയർ സ്ഥാപനത്തിൽ നിന്ന് സാധനം വാങ്ങി ഇളയച്ഛൻ ദേവി ദയാലിനൊപ്പം പുറത്തേക്കിറങ്ങിയ അനീഷിനെ മുഖം മൂടിയണിഞ്ഞ 4 പേർ ഓടിയെത്തി റോഡിൽവച്ചതന്നെ കൈക്കോടാലികൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടസ്സം പിടിച്ച ദീൻ ദയാൽ വെട്ടേറ്റു ബോധരഹിതനായി നിലത്തുവീണു.

publive-image

ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന നെഞ്ചിൽ വെട്ടുകൊണ്ട ദീൻ ദയാൽ

അനീഷ് സംഭവസ്ഥത്തുതന്നെ പിടഞ്ഞുവീണു മരിച്ചു. അനീഷിന്റെ മരണം ഉറപ്പാക്കിയ അക്രമികൾ ആയുധമുപേക്ഷിച്ച് ഓടിമറഞ്ഞു.

നെഞ്ചിൽ വെട്ടേറ്റ ദീൻ ദയാൽ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നെങ്കിലും ജീവന് ഇപ്പോഴും ഭീഷണി നിലനിൽക്കുകയാണ്‌. കാരണം ഈ അരുംകൊലയുടെ ഒരേയൊരു ദൃക്‌സാക്ഷി അദ്ദേഹം മാത്രമാണ്. നിരവധിയാളുകളുടെയും കടക്കാരുടെയും കണ്മുന്നിൽ നടന്ന ഈ കൊലപാതകത്തിന് ഒരൊറ്റയാൾപോലും ഇതുവരെ സാക്ഷിപറയാൻ തയ്യറായിട്ടില്ല എന്നതാണ് അതിശയകരം.

publive-image

അനീഷ് വെട്ടേറ്റു വീണു മരിച്ച സ്ഥലം

ദീപ്തിയുടെയും അനീഷിന്റെ വീട്ടുകാരുടെയും ദീൻ ദയാലിന്റെയും മൊഴികൾ ആധാരമാക്കി ദീപ്തിയുടെ പിതാവുൾപ്പെടെ 17 പേരെയും അജ്ഞാതരായ അക്രമികൾ 4 പേരെയും പ്രതികളാക്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. നാലു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതായും മറ്റുള്ളവരും താമസിയാതെ പിടിയിലാകുമെന്നും ഉന്നതപൊലീസ് അധികാരി അഞ്ജനി കുമാർ പാണ്ഡെ പറയുന്നു.

publive-image

അനീഷിന്റെ ചിത്രവുമായി ദീപ്തി

ദീപ്തി തൻ്റെ എല്ലാമായിരുന്ന പ്രിയതമന്റെ ചിത്രം മാറോടണച്ചുകൊണ്ടാണ് അനീഷിന്റെ അശ്രദ്ധയെ ഓർത്ത് വിലപിക്കുന്നത്. തൽക്കാലം താമസിക്കുന്ന മേഖലവിട്ട് മാർക്കറ്റിൽ പോകരുതെന്ന് അവൾ അയാളെ പലതവണ വിലക്കിയിരുന്നതാണ്.

publive-image

കാരണം അനീഷിനെ ഇല്ലാതാക്കാൻ തൻ്റെ കുടുംബം എന്തുചെയ്യാനും മടിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു. കാലം എല്ലാം മാപ്പാക്കുമെന്നും ഈ അന്തരം നാളുകൾ കഴിയുമ്പോൾ ഇല്ലാതാകുമെന്നും അവൾ ഉറച്ചുവിശ്വസിച്ചിരുന്നു. അനീഷിനെയും അങ്ങനെതന്നെ ആശ്വസിപ്പിച്ചിരുന്നു.

publive-image

കേസ് രജിസ്റ്റർ ചെയ്ത ഗോരഖ്‌പൂരിലെ ഗോല പോലീസ് സ്റ്റേഷൻ

എന്നാൽ വിധി മറ്റൊന്നായി മാറി. വരേണ്യവെറിയുടെ ബലിക്കല്ലിൽ മറ്റൊരു കുരുതികൂടി അതും സാമൂഹ്യസമത്വം ഉദ്‌ഘോഷിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ.

voices
Advertisment