Advertisment

പ്രളയവും നിപ്പയും കോവിഡും വിതച്ച പ്രതിസന്ധിയിൽ ഉഴറി കടുത്തുരുത്തിയുടെ അഭിമാനമായി മാറിയ 'മാംഗോ മെഡോസ് '

New Update

publive-image

Advertisment

വിവിധ കാലാവസ്ഥ മേഖലകളിൽ വളരുന്ന ജൈവവൈവിധ്യങ്ങളുടെയും നമ്മുടെ പരിസ്ഥിതിയുടെയും കാർഷികവൃത്തിയുടെയും സംസ്കാരത്തിൻ്റെയും ആയുർവേദത്തിൻ്റെയും സാഹിത്യത്തിൻ്റെയും സമന്വയത്തിലൂടെ ലോക ടൂറിസത്തിൻ്റെ ഭൂപടത്തിൽ സ്ഥാനം പിടിച്ച 'മാംഗോ മെഡോസ് ' ഇന്ന് നേരിടുന്നത് വൻ പ്രതിസന്ധിയാണ്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി - ആയാംകുടിയിൽ എൻ കെ കുര്യൻ എന്ന മനുഷ്യൻ തൻ്റെ ജീവിതകാല സമ്പാദ്യം മുഴുവൻ മുതൽ മുടക്കി 2005 മുതൽ വളർത്തിയെടുത്ത അത്ഭുതലോകം ആണ് മാംഗോ മെഡോസ്. 4800 ഇനങ്ങളിൽപ്പെട്ട വിവിധ കാലാവസ്ഥ മേഖലയിൽ അധിവസിക്കുന്ന വൃക്ഷങ്ങളും ചെടികളും സസ്യങ്ങളും പക്ഷിമൃഗാദികളും മത്സ്യങ്ങളും ആണ് ഈ അത്ഭുതലോകത്തിലെ വിസ്മയ കാഴ്ചകൾ.

2005 മുതൽ തുടങ്ങിയ കഠിന പ്രയത്നം അന്ന് വരെ സമ്പാദിച്ച സകല വരുമാനവും മുതൽ മുടക്കിയാണ് ഒരുപക്ഷേ ലോകത്ത് തന്നെ ആരും മുതിരാതിരുന്ന ഒരു സ്വപ്ന പദ്ധതിയ്ക്ക് എൻ കെ കുര്യൻ തുടക്കം കുറിക്കുന്നത്.

അപ്പർകുട്ടനാടിൻ്റെ മണ്ണിൽ വിവിധ കലാവസ്ഥാ മേഖലകളിൽ അധിവസിക്കുന്ന ഒരോ സസ്യങ്ങളെയും മണ്ണിനോട് ഇണക്കിചേർത്ത് വെള്ളവും വളവും തൻ്റെ ജീവശ്വാസവും പകർന്ന് കൊടുത്തു വളർത്തി വലുതാക്കിയാണ് 2017 ൽ ലോകത്തിൻ്റെ മുന്നിൽ ജൈവവൈവിധ്യ കാഴ്ച്ചകളുടെ വിസ്മയവുമായി മാംഗോ മെഡോസ് വളർന്ന് പടർന്നത്

അതിനിടയിൽ പല വിധത്തിലുള്ള പ്രതിസന്ധികളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. പ്രധാനമായും സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു ഏറ്റവും മുഖ്യം. ജീവിത സമ്പാദ്യം മുഴുവൻ ഇറക്കി തുടങ്ങിയ സ്വപ്ന പദ്ധതിയിലേക്ക് പല തവണകളായി മുതൽ മുടക്കിയത് ഏതാണ്ട് 120 കോടിയോളം രൂപയാണ്.

അത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള കഷ്ടപ്പാടുകൾ അതിജീവിച്ച് ലോണുകളും മറ്റുമായി സ്വപ്ന സാക്ഷാത്കാരത്തിനായുള്ള പ്രയാണം. ഒരു ഘട്ടത്തിൽ മുന്നോട്ട് നീങ്ങുവാൻ മാർഗ്ഗങ്ങൾ തേടേണ്ടി വന്നപ്പോൾ മുഴുവനായും പൂർത്തീകരിക്കാത്ത ആ ജൈവവൈവിധ്യ കലവറ ജനങ്ങൾക്കായി തുറന്ന് കൊടുത്തു. അഭൂതപൂർവ്വമായ വരവേൽപ്പായിരുന്നു ജനങ്ങൾ മാംഗോ മെഡോസിനും അതിൻ്റെ ശില്പി എൻ കെ കുര്യനും നൽകിയത്.

പരിധി നിർണ്ണയിച്ചുള്ള പ്രവേശനം ആയിരുന്നു ആദ്യഘട്ടത്തിൽ മാംഗോ മെഡോസിൽ നൽകിയിരുന്നത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജനശ്രദ്ധ നേടിയ മാംഗോ മെഡോസിലേക്ക് സന്ദർശകരുടെ അഭൂതപൂർവ്വമായ തിരക്കായിരുന്നു.

കിലോമീറ്ററുകളോളം നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് മുന്നിൽ പ്രവേശന കവാടത്തിൽ ദിവസവും 'ഹൗസ് ഫുൾ ' ബോർഡ് പ്രദർശിപ്പിക്കേണ്ടിവന്നിരുന്ന നാളുകളായിരുന്നു മാംഗോ മെഡോസിന്. പൂർണ്ണമായും പൂർത്തീകരിച്ചിരുന്നില്ല എങ്കിലും മാംഗോ മെഡോസ് അതിൻ്റെ ശില്പിയുടെ ദീർഘവീക്ഷണത്തിൽ കണ്ടത് പോലെ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു എന്നതിൻ്റെ സൂചനകളായിരുന്നു അത്.

സാമ്പത്തിക പ്രതിസന്ധികൾക്കും ഒരു വിധം പരിഹാരമായി മാറികൊണ്ടിരുന്ന നാളുകൾ ആയിരുന്നു അത്. 12 വർഷകാലത്തോളം നിക്ഷേപം നടത്തിയ കോടിക്കണക്കിന് രൂപയുടെ ബാധ്യതകൾ തീർക്കുന്നതിനും പ്രവർത്തന ചെലവിനും വേണ്ടുന്ന തുക മടക്കി കിട്ടുവാൻ തുടങ്ങിയ കാലം എങ്കിലും മാംഗോ മെഡോസ് അതിൻ്റെ സംവിധായകൻ്റെ മനസ്സിലെ പൂർണ്ണതയിലേക്ക് അന്നും എത്തപ്പെട്ടിരുന്നില്ല.

എന്നാൽ പതിയെ പതിയെ ആ സ്വപ്നം പൂവണിയുന്ന ഒരു കാലം മുന്നിൽ തെളിഞ്ഞു വന്ന സമയം ഏതാണ്ട് മുന്നൂറോളം പേർക്ക് ഒരേ സമയം തൊഴിൽ നൽകികൊണ്ടായിരുന്നു മാംഗോ മെസോസിൻ്റെ പ്രവർത്തനം മുന്നോട്ട് പോയത്.

2018 മെയ് മാസത്തിൽ ആണ് ആദ്യ അശനിപാതം 'നിപ്പ വൈറസി' ൻ്റെ രൂപത്തിൽ മാംഗോ മെഡോസ്സിനെ പിടികൂടുന്നത്. കോഴിക്കോട് ജില്ലയിൽ ആദ്യമായി 'നിപ്പ വൈറസ് ' ബാധ സ്ഥിരീകരിച്ചപ്പോൾ ഏതാണ്ട് ഒന്നര വർഷക്കാലത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയിരുന്ന മാംഗോ മെഡോസിൻ്റെ താളം തെറ്റിച്ച നാളുകളായിരുന്നു.

പിന്നീട് വന്നത് വൈറസ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഉണ്ടായ നടപടികൾ ആ ദിവസങ്ങളിലുണ്ടായിരുന്ന സന്ദർശക ബുക്കിംഗുകളെല്ലാം ക്യാൻസൽ ചെയ്യേണ്ടിവന്നു. അതിൻ്റെ തുടർച്ചയായി നൂറ്റാണ്ട് കണ്ട പ്രളയം മാംഗോ മെഡോസ്സിൻ്റെ സ്വപ്നങ്ങൾക്ക് മുകളിൽ പിന്നെയും ഒരു പരീക്ഷണമായി. അതിൽ നിന്നും കരകയറി വന്നപ്പോൾ തന്നെ 2019 ലെ പ്രളയം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്നു. കുറച്ച് നാളുകൾ കൊണ്ട് അതിനെയും മറികടക്കുവാൻ മാംഗോ മെഡോസിന് കഴിഞ്ഞു.

വീണ്ടും ആ സന്ദർശക തിരക്കിൻ്റെ നാളുകളിലേക്ക് മാംഗോ മെഡോസ് തിരികെ എത്തി. പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തി മുന്നോട്ടു കുതിക്കുവാനുള്ള പ്രയാണത്തിലായി. എന്നാൽ വീണ്ടും ഒരു വൈറസ് പ്രഹരം മാംഗോ മെഡോസ്സിന്

2021 മാർച്ച് മുതൽ കോവിഡ് -19 കൊറോണ വൈറസിന്‍റെ നിയന്ത്രണ നടപടികളുടെ ഭാഗമായി ലോകത്തും രാജ്യത്താകമാനവുമായി നടന്ന പ്രതിരോധ നടപടികൾ ലോക്ക് ഡൗൺ യാത്രാവിലക്ക് ഒക്കെ മറ്റ് മേഖലയെ പിടികൂടിയത് പോലെ തന്നെ മാംഗോ മെഡോസ്സിനെയും പിടികൂടി.

2019 മാർച്ച് മുതൽ നാളിത് വരെയായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് താണ്ഡവം അക്ഷരാർത്ഥത്തിൽ മാംഗോ മെഡോസ്സിൻ്റെ പ്രതിസന്ധികൾ വളരെയധികം കഠിനമാക്കി. സന്ദർശകർ ഇല്ല എങ്കിലും പരിപാലന ചെലവുകൾകൾക്ക് മാത്രമായി ആറേഴു ലക്ഷം രൂപയോളം മാസം ചെലവ് ഉണ്ടാകുന്നു.

അതിനിടയിൽ കടബാധ്യതകൾ പലിശയ്ക്ക് മുകളിൽ പലിശ കയറി പെരുകി വന്നു. ഗ്യാരൻ്റിയായി നൽകിയിരുന്നവയെല്ലാം ജപ്തി ഭീക്ഷണിയുടെ നിഴലിലായി എന്ത് ചെയ്യണം എന്നറിയാതെ ഉഴലുകയാണ് ഇപ്പോൾ മാംഗോ മെഡോസ്സും എൻ കെ കുര്യനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും. സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള സഹായങ്ങൾ ലഭ്യമാകുന്നതിനുള്ള ശ്രമങ്ങൾ ഒരു വശത്തുകൂടി നടക്കുന്നു.

നമ്മുടെ കാർഷിക വൃത്തിയുടെയും പരിസ്ഥിതിയുടെയും സംസ്കാരത്തിൻ്റെയും ആയുർവേദത്തിൻ്റെയും സാഹിത്യത്തിൻ്റെയും ജൈവവൈവിധ്യത്തിൻ്റെയും ഒക്കെ സമിശ്ര ലോകം ഒരായുസ്സ് കൊണ്ട് സ്വരൂപിച്ച് സ്വപ്ന സാക്ഷാത്കാരമായി അതിനപ്പുറം ജീവിതചര്യയായി മാറ്റിയ എൻ കെ കുര്യനും മാംഗോ മെഡോസ്സിനും ഇപ്പോൾ വേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കൈത്താങ്ങ് ആണ്.

അദ്ദേഹത്തിൻ്റെയും മാംഗോ മെഡോസ്സിൻ്റെയും അവിടുത്തെ ജീവനക്കാരുടെയും പ്രതിസന്ധി കാലഘട്ടത്തിൽ അവർക്കൊപ്പം നമുക്കും ഒരുമിക്കാം.

voices
Advertisment