Advertisment

പാലാ രൂപതയുടെ പുതിയ പ്രഖ്യാപനവും ചില യാഥാർഥ്യങ്ങളും !

New Update

publive-image

Advertisment

2000 ത്തിനുശേഷം വിവാഹിതരായ 5 കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് മാസം 1500 രൂപ വീതം സഹായധനം, നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സ്കോളർഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നല്കുമെന്നുമുള്ള സീറോ മലബാർ സഭയുടെ പാലാ രൂപത സഭാവിശ്വാസികൾക്കായി നടത്തിയ പ്രഖ്യാപനം ഇപ്പോൾ വളരെയേറെ ചർച്ചചെയ്യപ്പെടുകയാണല്ലോ

പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും തങ്ങളുടെ രൂപതയിലെ 5 ൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാസം 2000 രൂപവീതം നൽകുമെന്ന പ്രഖ്യാപനവുമായി രംഗത്തുവന്നിട്ടുണ്ട്.

ഈ പ്രഖ്യാപനങ്ങൾക്കെതിരേ ധാരാളം വിമർശനങ്ങൾ സഭാവിശ്വാസികളിൽനിന്നുവരെ ഉയർന്നുവരുന്നുണ്ട്. ഇന്നത്തെ ന്യൂക്ലിയർ കുടുംബ പശ്ചാത്തലത്തിൽ പോലും രണ്ടുകുട്ടികളെ നല്ലരീതിയിൽ പരിപാലിച്ച് വിദ്യാ ഭ്യാസം നൽകി ഒരു സ്ഥാനത്തെത്തിക്കുവാൻ വലിയ ബുദ്ധിമുട്ടും നല്ല പണച്ചിലവുമാണ്. അതുകൊണ്ടുതന്നെ ആഗ്രഹിക്കുന്ന നിലയിൽ അവരെ പഠിപ്പിക്കുവാൻ പല മാതാപിതാക്കൾക്കും കഴിയുന്നുമില്ല.

ഇന്നത്തെക്കാലത്ത് ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ജോലിക്കാരാകുന്നതും മക്കളുടെ സുശോഭനമായ ഭാവിയ്ക്കും നല്ല ജീവിതസാഹചര്യങ്ങൾക്കും വേണ്ടിയാണുതാനും. പഴയകാലത്തെപ്പോലെ അരാജകത്വവും പട്ടിണിയും ഇന്നില്ലായെന്നതിനൊരു കാരണം മാറിവന്ന ജീവിതസാഹചര്യങ്ങളും അണുകുടുംബം എന്ന ആശയവുമാണ്.

പാലാ രൂപതയെ ഇത്തരം ഒരു പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾകൂടി ഇവിടെ വിലയിരുത്ത പ്പെടേണ്ടതുണ്ട്. വളരെയേറെ കണക്കുകൂട്ടലുകളും അപഗ്രഥനങ്ങളും നടത്തിയാകാം അവർ ഇത്തരമൊരു തീരുമാനത്തിന് മുതിർന്നതുതന്നെ എന്നുവേണം അനുമാനിക്കാൻ.

ഇന്ന് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ക്രിസ്തുമതം പ്രത്യേകിച്ചും കത്തോലിക്കാ സഭ വലിയ വെല്ലുവിളികൾ നേരിടുകയാണ്. ദേവാലയങ്ങളിൽ വിശ്വാസികൾ പോകാറില്ല. പല പള്ളികളും വിൽക്കപ്പെടുന്നു. പൗരോഹിത്യവേലയ്ക്ക് ആളെ കിട്ടാനില്ല. സന്യാസജീവിതത്തോട് ഇന്നത്തെ തലമുറയ്ക്ക് ഒട്ടും ആഭിമുഖ്യമില്ല. വിശ്വാസികൾ ധാരാളം നിരീശ്വരവാദത്തിലേക്കും മതമില്ലാത്ത സമൂഹമായും മാറപ്പെടുന്നു. മതങ്ങളോടുള്ള വിമുഖത അവർ പരസ്യമായിത്തന്നെ വെളിപ്പെടുത്തുന്നുമുണ്ട്.

ലോകത്തെ സമ്പന്നരും സന്തോഷവാന്മാരുമായ നോർവേ, ഫിൻലാൻഡ് രാജ്യങ്ങളിൽ 20 മുതൽ 30 % വരെ ആളുകൾ ഇന്ന് ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. ഇവരെല്ലാം ക്രിസ്തുമതത്തോട് വിടപറഞ്ഞവരാണ് എന്നതും വസ്തുതയാകുന്നു. അതുപോലെ ജർമ്മനി, ഫ്രാൻസ്, ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. അമേരിക്കയിൽ 30% ആളുകൾ മതമുപേക്ഷിച്ചു ജീവിക്കുന്നവരാണ്. ആസ്‌ത്രേലിയയിൽ 31 % ആളുകൾ മതമില്ലാത്തവരാണ്. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന ബ്രിട്ടനിൽ ഇന്ന് മതമുപേക്ഷിച്ചവർ 25% ത്തിലുമധികമാണ്. കത്തോലിക്കാസഭയുടെ ആസ്ഥാനമായ റോം ഉൾപ്പെടുന്ന ഇറ്റലിയിൽ മതമില്ലാത്തവർ 12.5 % ത്തിലും അധികം വരും.

കേരളത്തിന്റെ അഭിമാനമായ ലോക സഞ്ചാരി, സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ശ്രദ്ധിക്കുക. "യൂറോപ്പിലെ ആരാധനാലയങ്ങളിൽ പുരോഹിതനോടുതന്നെ മതഗ്രന്ഥങ്ങളിലെ പൊരുത്തക്കേടുകൾ ചോദിക്കാൻ ആളുകൾ തയ്യറാകുന്നു. നാലാം ദിവസം സൂര്യനുണ്ടായി എന്ന് പറയുമ്പോൾ അതിനുമുൻപ് മൂന്നു ദിവസങ്ങളും ദിനരാത്രങ്ങളും എങ്ങനെയുണ്ടായി എന്നുതുടങ്ങിയ പല ചോദ്യങ്ങളും അവരുന്നയിക്കുന്നു. വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ അവർ പിന്നെ ആരാധനാലയങ്ങളിൽ പോകാൻ മടിക്കുകയാണ്.

നല്ല ജീവിതസാഹചര്യങ്ങളും സൗജന്യവിദ്യാഭ്യാസവും ചികിത്സയും സാമ്പത്തികസുരക്ഷയും കൈവന്നതിനാൽ ദൈവസങ്കൽപ്പത്തിന് ഉലച്ചിൽതട്ടി എന്ന വാദത്തോട് യോജിക്കനാകില്ല. കാരണം മതമുപേക്ഷിക്കുന്നവരെല്ലാം സമ്പന്നരല്ല എന്നതുതന്നെയാണ്. പ്രസക്തമായ മറ്റൊരു വസ്തുത യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ഇന്ന് നൂറുകണക്കിന് മലയാളികളായ പുരോഹിതന്മാരാണ് വീടുകൾ തോറും ആളുകളിൽ മതപരമായ ബോധവൽക്കരണം നടത്തുന്നത് എന്നതാണ്.

ഇന്ന് യൂറോപ്പിൽ നമുക്ക് സഭാവസ്ത്രം ധരിച്ച മതപുരോഹിതന്മാരെ യാത്രകളിലോ വഴിയിലോ വിരളമായേ കാണാൻ കഴിയുകയുള്ളു. അവർ ആരാധനാലയങ്ങളിലോ സഭാചടങ്ങുകളിലോ മാത്രമേ ഇത്തരം വസ്ത്രങ്ങൾ ധരിക്കാറുള്ളു. ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിന് നൂറുകണക്കിന് ഫ്യൂണറല്‍ ഏജൻസികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. മരണം നടന്നാൽ ആളുകൾ അവരെയാണ് ബന്ധപ്പെടുക. എല്ലാ ചടങ്ങുകളും പുരോഹിതനെയുമൊക്കെ അവരാണ് ഏർപ്പാട് ചെയ്യുക. അതിനുള്ള ഫീസ് നൽകിയാൽ മാത്രം മതിയാകും. ചടങ്ങുകളും പ്രാർത്ഥനകളുമൊക്കെ വളരെ ലളിതമാണ്.

പാശ്ചാത്യരാജ്യങ്ങളിൽ സഭ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ കേരളത്തിലെ സഭാനേതൃത്വം മുൻകൂട്ടി കണ്ടിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. അണുകുടുംബ ആശയം പൂർണ്ണമായും കേരളത്തിൽ നടപ്പായതോടെ ഇന്ന് പൗരോഹിത്യജോലിക്ക് ആളില്ലാത്ത അവസ്ഥയാണ്. ഒന്നോ രണ്ടോ കുട്ടികളുള്ള ഭൂരിഭാഗം മാതാപിതാക്കളും അവരെ പുരോഹിതനോ, കന്യാസ്ത്രീയെ ആക്കുവാൻ തയ്യറാകുന്നില്ല എന്നതും സന്യസ്ത ജീവിതത്തോടുള്ള തലമുറയുടെ വിമുഖതയുമാണ് ഇത്തരമൊരു നീക്കത്തിന് പാലാ, പത്തനംതിട്ട രൂപതകളെ നിർബന്ധിതരാക്കിയതെന്നുവേണം അനുമാനിക്കാൻ.

സഭകൾക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ല. അപാരമായ സമ്പത്തിനധിപരാണ് കേരളത്തിലെ സീറോ മലബാർ സഭാനേതൃത്വം. ഇന്ത്യയിലെ 742 ജില്ലകളിൽ ഒട്ടു മിക്കതിലും ഇവർക്ക് സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസം, ആതുരശിശ്രൂഷ, അനാഥാലയം, ചാരിറ്റി തുടങ്ങിയ എല്ലാ മേഖലകളിലും ഇവർ സജീവമാണ്. മതന്യൂനപ ക്ഷമായതിനാൽ സൗജന്യ സ്ഥലവും സംരക്ഷണവും ഗ്രാൻഡുകളും ഒക്കെ നിർലോഭം ലഭിക്കുന്നുമുണ്ട്. സഭാനേതൃത്വത്തിന്റെ ഏറ്റവും വലിയ സാമ്പത്തികസ്രോതസ്സാണ്‌ ഈ സ്ഥാപനങ്ങളെല്ലാം.

യൂറോപ്പിലും മറ്റുള്ള പാശ്ചാത്യരാജ്യങ്ങളിലും ക്രിസ്തീയ സഭകൾക്കുണ്ടായ വീഴ്ചകളും പതനവും ഇവിടെയും ആവർത്തിക്കാതിരിക്കാനും വിശ്വസസമൂഹത്തെ എക്കാലവും ഒപ്പം നിർത്താനും ഉള്ള കേരളത്തിലെ സഭാനേതൃത്വത്തിൻ്റെ അക്ഷീണ പരിശ്രമത്തിൻ്റെ ഭാഗമായാണ് പാലാ - പത്തനംതിട്ട രൂപതകളുടെ ഇപ്പോഴത്തെ സഭാവിശ്വാസികൾക്കായുള്ള പുതിയ ഓഫറുകളെ നോക്കിക്കാണേണ്ടത് എന്നുവേണം അനുമാനിക്കാൻ.

voices
Advertisment