Advertisment

മാനവികതയുടെ അടയാളമായി കർമ നിരതനായ ചന്ദ്രൻ തച്ചമ്പാറ

New Update

publive-image

Advertisment

സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് നമ്മള്‍ പൊതുവില്‍ സാമൂഹ്യ പ്രവര്‍ത്തകർ എന്ന് പറയുന്നത്. ലളിതവും നിസ്വാർഥവുമായ

ജീവിതത്തോടും മാനവിക ചിന്തകളോടും തല്പരനായി, ഗ്രാമീണ ജനതക്കിടയിൽ

നാലു പതിറ്റാണ്ടായി നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് ചന്ദ്രൻ തച്ചമ്പാറ.

ജീവിതത്തിൽ 59 പടികൾ കയറി പിൻതിരിഞ്ഞ് നോക്കുമ്പോൾ നേട്ടങ്ങളുടെ തട്ട് ഒരു പാട് ഉയരത്തിലാണ്. എന്നാൽ നഷ്ട്ടങ്ങളുടേയും കോട്ടങ്ങളുടേയും തട്ട് ഒരു പാട് താഴെയാണ് എന്ന സത്യം ഒരു നൊമ്പരമായി നിൽക്കുന്നു.

പൊതുപ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സഹായിക്കാൻ കഴിഞ്ഞ ഒരു പാട് പേരുടെ മുഖങ്ങൾ ചന്ദ്രന്റെ ഓർമ്മയിൽ തെളിയുന്നു. കൗമാരക്കാരനായ ചന്ദ്രനെ ആദ്യമായി പൊതുരംഗത്തേക്ക് കൊണ്ടുവന്ന വ്യക്തി മുതുകുർശ്ശി മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റൻറ് ആയിരുന്ന കൊങ്ങത്ത് മമ്മൂട്ടി ആണ്.

ഒരു വർഷത്തോളമേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ. ആകസ്മികമായ അദ്ദേഹത്തിൻ്റെ വിയോഗം ചന്ദ്രന് വലിയ നഷ്ടമായി. മുതുകുർശ്ശിയിലേക്ക് ടാർചെയ്ത റോഡ് പോലും ഇല്ലാത്ത അക്കാലത്ത് ബസ്സ് ഓട്ടം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു മാസ് പെറ്റീഷൻ തയ്യാറാക്കി പൊതുജനങ്ങളുടെ ഒപ്പ് വാങ്ങി അയച്ചു കൊണ്ടായിരുന്നു ആദ്യ പൊതു പ്രവർത്തനം.

പലരും നിരുത്സാഹപ്പെടുത്തിയ ആ പ്രയത്നത്തിലൂടെ ബസ്സ് റൂട്ട് അനുവദിച്ചു കിട്ടി. അങ്ങനെ ബസ്സ് ഓട്ടം തുടങ്ങി.ചന്ദ്രന് ആത്മവിശ്വാസമായി. ആയതിന് മമ്മുട്ടി സാറിനോട് ചന്ദ്രൻ കടപ്പെട്ടിരിക്കുന്നു. തങ്കപ്പേട്ടൻ അതുപോലെ ടി.ആർ. തിരുവിഴാംകുന്ന് ഒരുപാട് സഹായിച്ചു. ടി.ആർ. ആണ് ചന്ദ്രന് ചന്ദ്രൻ തച്ചമ്പാറ എന്ന പേര് ഉണ്ടാക്കി എടുക്കുന്നതിൽ തല്പരനായ ആൾ.

അതുപോലെ അക്കാലത്തെ മാധ്യമ രംഗത്ത് റിപ്പോർട്ടർമാരായ കെ.എം.മൗലവി (മലയാള മനോരമ), രാജഗോപാൽ (മാതൃഭൂമി), കെ.രാമൻകുട്ടി (ദേശാഭിമാനി) ടി.സിദ്ധിക്ക് (കേരളകൗമുദി) തുടങ്ങിയവരുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്.

ആഴ്ചയിൽ രണ്ടും മൂന്നും വാർത്തകൾ കൊടുക്കുമായിരുന്നു. എഡിറ്റിംഗ് നടത്താതെ അവ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് കെ.ഇസ്മയിൽ, കെ.ജനാർദ്ദനൻ, രാജേഷ്,സുജിത്ത്, മാത്യു മാഷ്, സിബിൻ ഹരിദാസ്, കൂടാതെ ദൃശ്യമാധ്യമ രംഗത്തെ സുഹൃത്തുക്കളായ സമദ് കല്ലടിക്കോട്, സിറാജ് കൊടുവായൂർ, പ്രേമൻ തുടങ്ങി ഒട്ടേറെ മാധ്യമ പ്രവർത്തകർ പ്രചോദനമേകി.

പൊതുപ്രവർത്തനത്തിൻ്റെ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ ചെറുതും വലുതുമായ ഒരു പാട് സംഘടനകളുടെ നേതൃത്ത്വ പദവികൾ വഹിക്കാൻ കഴിഞ്ഞതും ചന്ദ്രന് കിട്ടിയ അംഗീകാരമാണ്.

പി.ടി.ഭാസ്ക്കര പണിക്കർ നേതൃത്വം നൽകിയിരുന്ന ഭരണപരിഷ്ക്കാര വേദിയുടെ തച്ചമ്പാറ യൂണിറ്റ് സെക്രട്ടറിയായും ജില്ലാ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു. പി.ടി.ബി, എം.എൽ.എ.കുമാരൻ, ഇന്ത്യനൂർ ഗോപി മാഷ്, ടി.ആർ.തിരുവിഴാംകുന്ന് തുടങ്ങി ഒട്ടേറെ പേരെ പങ്കെടുപ്പിച്ച് തച്ചമ്പാറയിൽ ആദ്യമായി ഏകദിന സാംസ്കാരിക സെമിനാർ നടത്തി.

പി.ടി.ബിയുടെ അഭിനന്ദനം ഇന്നും ചന്ദ്രന് ആഹ്ലാദകരമായ ഓർമയാണ്. കാൻഫെഡ്, മദ്യനിരോധന സമിതി, എസ് എൻ ഡി പി മുതുകുർശ്ശി ശാഖ ഡി വൈ എഫ് ഐ, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ, കേരള ഉപഭോക്തൃ സംരക്ഷണ സമിതി, എടായ്ക്കൽ പൗരസമിതി, സംഘമിത്ര പുരുഷ അയൽക്കൂട്ടം, ആശ്വാസ് കെ എച്ച് ഡി പി തച്ചമ്പാറ യൂണിറ്റ് സാരഥി തുടങ്ങി ഒട്ടേറെ സംഘടനകളിൽ നേതൃരംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ജില്ല നവോത്ഥാന വേദി,ഹാസ്യവേദി, കർഷക സംഘടന ഐക്യവേദി എന്നി സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും കേരള യുക്തിവാദി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം, താലൂക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

ദേശബന്ധു ഹൈസ്കൂൾ പിടിഎ കമ്മിറ്റി അംഗം, മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ കമ്മിറ്റി അംഗം തച്ചമ്പാറ ദേശീയ ഗ്രന്ഥശാല കമ്മിറ്റി അങ്ങനെ വേറെയും ചുമതലകൾ.

1998ൽ തച്ചമ്പാറ പഞ്ചായത്തിൽ ആദ്യമായി ഒരു വനിതാ സ്വയംസഹായ സംഘം രൂപികരിക്കുകയും പിന്നീട് അന്നുണ്ടായിരുന്ന ഒമ്പത് വാർഡുകളിലും രൂപീകരിക്കാൻ നേതൃത്വം കൊടുക്കാനും കഴിഞ്ഞു.

മഹിളാസമാജം, ബാലജനസഖ്യം, സാക്ഷരതാ പ്രവർത്തനം തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലും സജീവമായി. അര നൂറ്റാണ്ടായി യാതൊരു രേഖകളും ഇല്ലാതെ കഷ്ടപ്പെടുന്ന ആനക്കല്ല് എസ്. ടി. കോളനി, ആക്കഞ്ചോല, ചേനമ്പാറ, കോളനികളിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾക്ക് ആധാരം, പട്ടയം, നികുതി രശീതി മുതലായ രേഖകൾ സംഘടിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞത് ചന്ദ്രൻ നടത്തിയ ശ്രദ്ധേയ പ്രവർത്തനമായിരുന്നു.

നിരവധി ക്ലബ്ബുകൾ, പൗരസമിതികൾ,വനിതാ പുരുഷ അയൽക്കൂട്ടങ്ങൾ എന്നിവ രൂപികരിക്കാനും മുന്നിട്ടിറങ്ങി. മാതൃ -ശിശു സംരക്ഷണ കേന്ദ്രം,മൃഗാശുപത്രി, ഗ്രാമസേവകൻ ഓഫീസ്, അംബർ ചക്കാകേന്ദ്രം തുടങ്ങിയവയുടെ ശോചനീയാവസ്ഥ തുടങ്ങി തച്ചമ്പാറയുടെ വികസന കാര്യങ്ങൾ സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

2013 ൽ ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ചന്ദ്രനെ തേടിയെത്തി. ദേശീയ പാതയിൽ ഹൈസ്‌കൂളിന് സമീപം ചന്ദ്രാ സ്റ്റോർ എന്ന പേരിൽ ഒരു കൊച്ചു സ്ഥാപനം പ്രവർത്തിക്കുന്നു. സാമൂഹ്യ ജീവിതത്തിന്റെ തിരക്ക് പിടിച്ച നിമിഷങ്ങൾക്കിടയിലും ഈ സ്ഥാപനവും അവിടെയെത്തുന്ന മനുഷ്യരും ചന്ദ്രന് ഹൃദയഹാരിയായ അനുഭവം സമ്മാനിക്കുന്നു.

ഇവിടെ കുട്ടികളുമായുള്ള നീണ്ട 20 വർഷത്തെ ഊഷ്‌മളമായ സ്നേഹ ബന്ധം ചന്ദ്രനും, അവിടെ പഠിച്ചു പോകുന്ന കുട്ടികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. അന്ധവിശ്വാസങ്ങളും വർഗീയതയും കുരുന്നു മനസ്സുകളിൽ അടിച്ചേൽപ്പിക്കുമ്പോൾ പ്രതിരോധത്തിന്റെ മാനവികസന്ദേശം ഉയർത്തി പിടിക്കാൻ ചന്ദ്രൻ അവിടെയും ശ്രദ്ധ പതിപ്പിക്കുന്നു.

voices
Advertisment