Advertisment

മാധ്യമങ്ങളുടെ മൗനം... മാധ്യമ പ്രവർത്തകരുടെയും... (ലേഖനം)

New Update

publive-image

Advertisment

കെഎംബി എന്ന് വിളിപ്പേരുള്ള സിറാജ് പത്രം ലേഖകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം തികയുമ്പോഴും സഹപ്രവർത്തകന്റെ മരണത്തിൽ മാധ്യമ പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ഖേദം ഇന്നൊരു വാർഷിക ദിനത്തിൽ മാത്രം ഒതുങ്ങി പോകുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ആയിരുന്നു ആ ദാരുണ സംഭവം.വാഹനമിടിച്ച് റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ട് അപകടമുണ്ടാക്കിയ ശ്രീറാം അന്ന് സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.

പ്രതിയെ ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തുന്ന വിചിത്രമായൊരു നടപടിയാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും പിന്നീടുണ്ടായത്. കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയ ക്രൂരമായ നീക്കം വിവാദമാവുകയും മാധ്യമ സംഘടനകൾ പ്രതിഷേധം ഉയർത്തുകയും ചെയ്തപ്പോഴാണ് അതിൽ നിന്നും അധികാരികൾ പിന്മാറിയത്.

ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാർ ഇടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. ഇതിന്റെ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിഷേധിക്കാനാവാത്ത ഒരു സത്യമായി നിലനിന്നിരുന്നു. നരഹത്യ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ യുവതിയുടെയും കാര്യത്തിൽ കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ല എന്നത് പ്രിവിലേജിന്റെ ബലത്തിൽ ഇവിടെ എന്തും ചെയ്യാം എന്ന് വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്റെ കാര്യത്തിൽ ഇതാണ് നീതിയെങ്കിൽ മറ്റുള്ളവരുടെ കാര്യം പിന്നെ എന്തായിരിക്കും? ഒരു സാധു മനുഷ്യനെ കൊന്ന് കളഞ്ഞിട്ട്,സാക്ഷി മൊഴികളെല്ലാം അയാൾക്കെതിരായിട്ടും ദുർന്യായങ്ങൾ പറഞ്ഞ് നിയമ വ്യവസ്ഥകളെയൊന്നാകെ കബളിപ്പിച്ച ശ്രീറാം ഇന്നും സർക്കാർ തസ്തികയിൽ ജോലി ചെയ്യുന്നുവെങ്കിൽ, സർക്കാർ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?

നമ്മൾ മാധ്യമ പ്രവർത്തകർക്കു നേരെയോ നമ്മിൽ പെട്ട ഒരു സഹപ്രവർത്തകന് നേരെയോ വ്യക്തമായ ഒരു അനീതി ഉണ്ടാകുമ്പോൾ എല്ലാവരും ചേര്‍ന്ന് അതിനെ പ്രതിരോധിക്കാനാണ് തയ്യാറാവേണ്ടത്. അതാവണം നമ്മുടെ സംസ്‌കാരം.

ഈ സമൂഹത്തിൽ ശബ്ദമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന ഏതൊരു വിഭാഗത്തിന്റെയും നാവായും പേനയായും മാറുന്ന നമ്മൾ മാധ്യമ പ്രവർത്തകർക്കു വേണ്ടി ശബ്ദിക്കാൻ നമ്മളല്ലാതെ മാറ്റാരുമില്ല എന്നതാണ് സത്യം. മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും എല്ലാവരും ഒറ്റ മനസ്സായി പ്രതിരോധരംഗത്ത് യോജിച്ചുനിൽക്കുന്നതിന് മീഡിയയുടെ പേരും നിലപാടും തടസ്സമാവരുത്.

മാധ്യമ പ്രവർത്തകർ അവർ പ്രതിനിധാനം ചെയ്യുന്ന മീഡിയയുടെ മഹിമക്കുവേണ്ടി നിരന്തരം ത്യാഗമനുഭവിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. മാധ്യമ പ്രവർത്തനമെന്നതും മാധ്യമപ്രതിനിധി എന്നതും ആപേക്ഷികവും പൊതുവായതുമാണ്. ഒന്നും ശാശ്വതമല്ല, ഇന്ന് പ്രതിനിധാനം ചെയ്യുന്ന മാധ്യമമായിരിക്കില്ല നാളെ. ഈ ബോധത്തോടെ മാധ്യമ സുഹൃത്തുക്കൾ പ്രവര്‍ത്തിച്ചാല്‍ നമുക്ക് നല്ലത്.

ഭരണ കൂട താല്‍പര്യവും സ്ഥാപിത താല്‍പര്യവും ഏറ്റുമുട്ടുന്നിടത്ത് ജന താല്‍പര്യത്തിനാവണം മുന്‍കൈ. അതേസമയം അധികാരത്തിലിരിക്കുന്ന സർക്കാർ ആരായാലും ശരിയായ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കലഹിച്ചു കൊണ്ടിരിക്കണം. സമൂഹത്തിൽ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ദുരന്തം സ്വന്തം പ്രശ്നമായി ജീവിതത്തിലേറ്റുവാങ്ങി നയങ്ങളെ എതിര്‍ക്കാനും നീതിക്കുവേണ്ടി എഴുതാനും ഒരുമിക്കുമ്പോഴും, നമുക്ക് എവിടെയും ഒരു കൈത്താങ്ങുമില്ല.

ഈ പരിഷ്‌കാരത്തിന്റെ കാലത്തും ജനജീവിതം സുഭദ്രമാവുന്നതിന് പലവിധ നടപടികളും ഉണ്ടാകുമ്പോഴും മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ മാത്രം സംഘടിത ശബ്ദം എവിടെയും ഉയരുന്നില്ല. കോവിഡിന്റെ മഹാ പ്രതിസന്ധി കാലത്തും ഈ വിഭാഗത്തെ പ്രത്യേകം സഹായിച്ചതായും അറിവില്ല.

പ്രതികരിക്കുന്നവരെ ശത്രുവായി കാണുന്ന കാട്ടാള നീതിയല്ല സർക്കാരുകൾ കാണിക്കേണ്ടത്. മാധ്യമ പ്രവർത്തകരായ ബഷീറും,എസ്.വി. പ്രദീപും അവിചാരിതമായി വീണുപോയ മറ്റനേകം മാധ്യമ സുഹൃത്തുക്കളുടെയും കാര്യത്തിൽ അവർക്കും അവരുടെ കുടുംബത്തിനും നീതി ലഭ്യമാവുക തന്നെ വേണം.

മാധ്യമങ്ങളിലെ ജീവനക്കാര്‍ക്കും അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും മാന്യ വേതനവും ആനുകൂല്യവും നൽകാൻ,തൊഴിലിൽ സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കേരളത്തിലെ ഏതെല്ലാം മുന്നണികൾക്ക് എന്തെല്ലാം പറയാൻ ഉണ്ട് എന്നതും പ്രസക്തമാണ്.

voices
Advertisment