Advertisment

രമേശ് ചെന്നിത്തല മാറണം എന്ന് പറയുന്നത് രാഷ്ട്രീയ ധാർമ്മികതയോ ? യുഡിഎഫിനെ ഒരു മത്സരത്തിനെങ്കിലും പ്രാപ്തനാക്കിയ രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണമെന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കണം. ഉമ്മൻചാണ്ടി വന്നതു കൊണ്ട് ഈ തിരഞ്ഞെടുപ്പിൽ എന്ത് ഗുണമുണ്ടായി ?

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കേരളത്തിലെ കോൺഗ്രസിൽ ശീതയുദ്ധം ആരംഭിച്ചിരിക്കുന്നു. നേതൃമാറ്റത്തിന് വേണ്ടി ഗ്രൂപ്പ് മാനേജർമാർ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും ഗ്രൂപ്പ് യോഗങ്ങളും നടക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം യഥാർത്ഥത്തിൽ മുല്ലപ്പള്ളിയല്ല മറിച്ച് രമേശ് ചെന്നിത്തലയാണ്.

ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. ഇവരെ രണ്ട് പേരേയും ഒരേ ത്രാസിൽ തൂക്കുന്നത് ശരിയാണോ ? മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു എന്നത് നിസ്തർക്കമായ സംഗതിയാണ്.

ഇത്രയും നിർജീവമായ ഒരു പാർട്ടി നേതൃത്വം സമീപകാലത്ത് കേരളത്തിൽ ഉണ്ടായിട്ടില്ല. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുല്ലപ്പള്ളിക്കായില്ല. തന്റെ കസേര പോകാതെ നോക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

കോൺഗ്രസിന് ബൂത്ത് കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പലയിടത്തും ഇല്ലായിരുന്നുവെന്നത് അദ്ദേഹത്തെ അലട്ടിയില്ല. അദ്ദേഹം അത് അന്വേഷിച്ചതുമില്ല.മറിച്ച് പത്രസമ്മേളനം വിളിച്ച് എല്ലാ ദിവസവും പിണറായി വിജയനെ തേജോവധം ചെയ്യാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്.

രമേശ് ചെന്നിത്തല സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾക്ക് മുല്ലപ്പള്ളിയിൽ നിന്നോ പാർട്ടിയിൽ നിന്നോ യാതൊരു പിന്തുണയും കിട്ടിയതുമില്ല. രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുക എന്ന അജൻഡ നടപ്പാക്കുകയാണ് യഥാർത്ഥത്തിൽ മുല്ലപ്പള്ളി ചെയ്തു കൊണ്ടിരുന്നത്.

ഈ സമയമത്രയും സഖാക്കൾ താഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ അഹോരാത്രം പണിയെടുക്കുകയായിരുന്നു. ഇത് മനസ്സിലാക്കുവാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞില്ല. ചുരുക്കിപ്പറഞ്ഞാൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ ഒരു പ്രധാന കാരണക്കാരൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് എന്ന സത്യം നിലനിൽക്കുന്നു.

തോൽവിയുടെ മറ്റൊരു പ്രധാന കാരണക്കാരൻ ഉമ്മൻ ചാണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാലര വർഷക്കാലം അജ്ഞാതവാസത്തിലായിരുന്ന ഉമ്മൻചാണ്ടി പെട്ടന്ന് ഒരു ദിവസം നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായി വരുന്നു.

ഇതിന് പറഞ്ഞ കാരണം രമേശ് ചെന്നിത്തല നയിച്ചാൽ തിരഞ്ഞെടുപ്പ് ജയിക്കില്ല എന്നതാണ്. ഇത് എ ഗ്രൂപ്പ് മാനേജർമാർ ഉണ്ടാക്കിയെടുത്ത ഒരു കുതന്ത്രമായിരുന്നു. ഇതിന് ചില ഡൽഹി നേതാക്കളുടെ സഹായവും കിട്ടി. മുസ്ലീം ലീഗിനും ഉമ്മൻചാണ്ടി വന്നാൽ മാത്രമേ തൃപ്തിയുള്ളു.

കാരണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലീഗിന് അവർ പോലും ആവശ്യപ്പെടാതെ ഉമ്മൻ ചാണ്ടി അഞ്ചാം മന്ത്രി നൽകിയപ്പോൾ രമേശ് ചെന്നിത്തല അതിനെ ശക്തിയുക്തം എതിർത്തിരുന്നുവെന്നതാണ്.

ആ ഭരണത്തിൽ ഉമ്മൻ ചാണ്ടി ലീഗിനെ കയറൂരി വിട്ടിരിക്കുകയായിരുന്നു. ലീഗ് വിചാരിക്കുന്ന കാര്യങ്ങൾ മാത്രമായിരുന്നു അന്ന് നടന്നിരുന്നത്. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വരാതിരിക്കുവാൻ അന്ന് ഉമ്മൻ ചാണ്ടി പരമാവധി ശ്രമിച്ചുവെങ്കിലും അവസാനം മന്ത്രിസ്ഥാനം നൽകേണ്ടി വന്നുവെന്നത് സമീപകാല ചരിത്രം.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് നിയമസഭാ കക്ഷിയിൽ മേൽക്കൈ നേടിയതോടെ മത്സരിച്ചാലും തോൽക്കുമെന്ന് മനസ്സിലായ ഉമ്മൻ ചാണ്ടി പിൻവലിയുകയായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ യുഡിഎഫ് നേതൃത്വം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവാണ് കനത്ത പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം.

രണ്ട് തവണ എ.കെ ആന്റണിയും തുടർന്ന് രണ്ട് തവണ ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായ പ്പോൾ ഇത്തവണ ഒരു ഹൈന്ദവൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും എന്ന് ഒരു വിഭാഗം ന്യായമായി വിശ്വസിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ രമേശ് ചെന്നിത്തലയുടെ വിശ്വാസ്യത കൂടി വരികയും ചെയ്തു. എന്നാൽ രമേശ് ചെന്നിത്തല ഒരു കാരണവശാലും മുഖ്യമന്ത്രി ആവരുത് എന്ന ദൃഢനിശ്ചയത്തോടെ ചിലർ കരുക്കൾ നീക്കിയപ്പോൾ നല്ലൊരു വിഭാഗം ഹൈന്ദവർ യുഡിഎഫിൽ നിന്ന് അകന്നു .

അവർ ബിജെപിക്ക് വോട്ട് നൽകാതെ ഇടത് മുന്നണിക്ക് വോട്ട് ചെയ്തു. കാരണം കോൺഗ്രസിലേക്കാൾ ഹൈന്ദവ പ്രാതിനിധ്യമുള്ളത് ഇടത് മുന്നണിയിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം പ്രീണിപ്പിച്ചാൽ അധികാരത്തിലെത്താമെന്ന സ്ഥിരം അജൻഡയാണ് യുഡിഎഫിനെ ഇത്രയും വലിയ പതനത്തിൽ എത്തിച്ചത്.

ഉമ്മൻചാണ്ടി വന്നതോടെ ഭരണം കിട്ടിയാലും സ്ഥിതി എന്താവും എന്ന ചിന്ത ജനങ്ങൾക്കുണ്ടായി. വീണ്ടും ലീഗിന്റെ അപ്രമാദിത്വം ഭരണത്തിൽ വരുമെന്ന ചിന്ത അവരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

രമേശ് ചെന്നിത്തലയെ ഇല്ലാതാക്കാൻ എ ഗ്രൂപ്പും ലീഗും മറ്റൊരു തുരുപ്പ് ചീട്ട് കൂടി എടുത്തു. ഇടത് നേതാക്കൾ പോലും ഉന്നയിക്കാത്ത ആരോപണം അവർ പ്രചരിപ്പിച്ചു. ചെന്നിത്തല ആർഎസ്എസ് കാരനാണ് എന്ന്. അതായത് രമേശ് ചെന്നിത്തല നയിച്ചാൽ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കില്ല മറിച്ച് ഉമ്മൻ ചാണ്ടി വരണം എന്ന്. ഇത് ഹൈന്ദവരെ അകറ്റുകയും ചെയ്തു. ന്യൂനപക്ഷ വോട്ട് കാര്യമായി കിട്ടിയതുമില്ല.

മത ന്യൂനപക്ഷങ്ങളെ അമിതമായി പ്രീണിപ്പിച്ചതാണ് ഇന്ത്യയിൽ കോൺഗ്രസിന്റെ അന്ത്യം കുറിച്ചത്. അത് ബിജെപിക്ക് വളരാൻ സാഹചര്യമുണ്ടാക്കുകയും ചെയ്തു. ജാതിയും മതവുമില്ലാത്ത ഒരു നേതൃത്വം കോൺഗ്രസിന് എന്ന് ഉണ്ടാകുന്നോ അന്ന് മാത്രമേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളു.

ഗാന്ധി കുടുംബത്തിന്റെ മഹിമ കണ്ട് ജനം വോട്ട് ചെയ്യും എന്ന ദിവാസ്വപ്നം മാറ്റി വക്കുന്നതായിരിക്കും നല്ലത്. നാണമില്ലാത്ത ഗ്രൂപ്പ് മാനേജർമാർ എന്ന് ഇല്ലാതാവുന്നോ അന്ന് കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടും.

യുഡിഎഫിനെ ഒരു മത്സരത്തിനെങ്കിലും പ്രാപ്തനാക്കിയ രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണമെന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കണം. ഉമ്മൻചാണ്ടി വന്നതു കൊണ്ട് ഈ തിരഞ്ഞെടുപ്പിൽ എന്ത് ഗുണമുണ്ടായി ? ഇത്തരം പ്രവൃത്തി കൊണ്ട് ഉണ്ടാകുന്ന തെറ്റായ സന്ദേശം പുതു തലമുറയെ കോൺഗ്രസിൽ നിന്ന് അകറ്റും എന്ന സത്യം വിസ്മരിക്കാതിരിക്കുക.

voices
Advertisment