Advertisment

ഭൂപ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുവാന്‍ ഇനി ആര്‍ക്കും കഴിയില്ല; കുടിയേറ്റക്കാരെ കയ്യേറ്റക്കാരും പരിസ്ഥിതിദ്രോഹികളുമായിചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്; വിവേചന രഹിതമായി ജീവിക്കുന്നതിന് പ്രതികൂലമായി നില്‍ക്കുന്ന ഭൂപതിവ് ചട്ടങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി നടപ്പിലാക്കുന്നതിന് ഇനിയും വൈകിക്കൂടാ; ജോസ് കെ മാണി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

1960 ലെ ഭൂപതിവ് ചട്ടത്തിന്റെ ചുവട് പിടിച്ചുള്ള 1964 ലെയും 1993 ലെയും പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയിട്ടുള്ള പട്ടയഭൂമിയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിയന്ത്രണം ഏറെ ബാധിച്ചത് മലയോര മേഖലകളിലെ കുടിയേറ്റ കര്‍ഷകരെയാണ്. ആറ് പതിറ്റാണ്ട് മുന്‍പ് ലഭിച്ച പട്ടയഭൂമി ക്രയവിക്രയം ചെയ്യുന്നതിനും കാര്‍ഷികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബാങ്ക്‌വായ്പ എടുക്കുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ല.

Advertisment

publive-image

എന്നാല്‍ 2016 നു ശേഷമുണ്ടായ വിവിധ ഉത്തരവുകള്‍ കാരണം കുടിയേറ്റ കര്‍ഷകരുടെ ജീവിതം സമ്പൂര്‍ണ്ണ ദുരിതത്തിലായിരിക്കുകയാണ്. ഭൂപ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുവാന്‍ ഇനി ആര്‍ക്കും കഴിയില്ല. കര്‍ഷക വിരുദ്ധ സമീപനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഇത്തരമൊരു സാഹചര്യത്തെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിയിരുന്നു.

കുടിയേറ്റക്കാരെ കയ്യേറ്റക്കാരും പരിസ്ഥിതിദ്രോഹികളുമായിചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പട്ടയം ലഭിച്ച കൃഷിഭൂമിയില്‍ നിന്നും ഗത്യന്തരമില്ലാതെ സ്വയം ഒഴിഞ്ഞുപോകുന്നതിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ ഉദ്യോഗസ്ഥ തലത്തിലും ഗൂഢാലോചനകള്‍ വ്യാപകമാണെന്ന കര്‍ഷകര്‍ ഉയര്‍ത്തുന്ന ആക്ഷേപം ഏറെ ഗൗരവമുള്ളതാണ്.

ഇടുക്കിയിലെ കുടിയേറ്റത്തിന് തുടക്കം 19-ാം നൂറ്റാണ്ടില്‍

ഇടുക്കി ജില്ലയിലേക്കുള്ള കുടിയേറ്റത്തിന് തുടക്കം കുറിച്ചത് 1850 കാലഘട്ടങ്ങളിലാണ്. ഇതിന് പ്രാരംഭം കുറിച്ചത് അഞ്ചുനാടന്‍ തമിഴ് വശജരാണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. പിന്നീട് ഇംഗ്ലീഷുകാരും ഇതര തമിഴ് തൊഴിലാളികളും ഒപ്പം തിരുവിതാംകൂര്‍ കര്‍ഷകരും കുടിയേറി.

അഞ്ചുനാടന്‍ തമിഴരുടെ ജീവിത സംസ്‌കൃതി മറയൂര്‍ താഴ്‌വരകളിലും ഇംഗ്ലീഷുകാരുടേത് പീരുമേട്-മൂന്നാര്‍ മേഖലകളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹെന്‍ട്രി ബേക്കര്‍ ജൂനിയറിലൂടെയാണ് ജില്ലയിലേക്ക് യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. 1877 ല്‍ ജോണ്‍ ഡാനിയേല്‍ മണ്‍റോ മൂന്നാര്‍ മലനിരകള്‍ പൂഞ്ഞാര്‍ രാജാവില്‍ നിന്നും പാട്ടത്തിനെടുത്ത് തേയിലകൃഷി ആരംഭിച്ചു.

അഞ്ചുനാടന്‍ തമിഴരുടെ സംഘത്തലവനും ഇംഗ്ലീഷുകാരുടെ വഴികാട്ടിയിമായിരുന്ന കണ്ണന്‍ ദേവന്റെ പേരില്‍ മൂന്നാര്‍ മലനിരകള്‍ കണ്ണന്‍ദേവന്‍ ഹില്‍സ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ആലുവ -മൂന്നാര്‍ റോഡും, മൂന്നാര്‍-മറയൂര്‍-ടോപ് സ്റ്റേഷന്‍ റോഡും നിര്‍മ്മിച്ചത് ഈ കാലയളവിലാണ്. ജില്ലയുടെ മധ്യഭാഗമായ ഇടുക്കി മേഖലകളിലേക്ക് കുടിയേറ്റമുണ്ടായത് ഉടുമ്പന്നൂര്‍, കൈതപ്പാറ, കൂട്ടക്കുഴി തുടങ്ങിയ വനപാതകളിലൂടെയാണ്.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കുടിയിരുത്തലുകള്‍

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് 1946 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച “ഗ്രോമോര്‍ ഫുഡ് പദ്ധതി “ പ്രകാരം ഭക്ഷ്യവിപ്ലവം ലക്ഷ്യമിട്ട്  കാര്‍ഷികോല്‍പാദനത്തിനായി കൃഷിക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുവാന്‍ തീരുമാനിച്ചു. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ജില്ലയുടെ വിവിധ മേഖലകളില്‍ പദ്ധതി പ്രകാരം ഭൂമി പതിച്ച് നല്‍കി.

ഇവര്‍ക്ക് കൃഷിക്കാവശ്യമായ വിത്തും വളവും പണിയായുധങ്ങളും സൗജന്യമായി നല്‍കി ഇത്തരം കാര്‍ഷിക ഭൂമികളില്‍ കുടിയിരുത്തി. അയ്യപ്പന്‍കോവില്‍, നെടുംകണ്ടം, കഞ്ഞിക്കുഴി, അടിമാലി, കട്ടപ്പന മേഖലകളില്‍ പതിനായിരം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ പതിച്ചുനല്‍കിയത്.

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം

സ്വാതന്ത്ര്യാനന്തരം ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഇടുക്കിയിലെ ചില ഭാഗങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാന്‍ മറയൂര്‍, കാന്തല്ലൂര്‍, കല്ലാര്‍ - പട്ടം കോളനി, ദേവിയാര്‍ പ്രദേശങ്ങളില്‍ കോളനികള്‍ ആരംഭിച്ച് ആ പ്രദേശങ്ങളെ കേരളത്തോട് ചേര്‍ത്തുനിര്‍ത്തി. 1954 ല്‍ തിരുകൊച്ചി മുഖ്യമന്ത്രി 7500 ഏക്കര്‍ കൃഷിഭൂമിയാണ് കോളനൈസേഷന്‍ സ്‌കീമില്‍ കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയത്.

മലയോര മേഖലകളില്‍ കൃഷി വ്യാപകമായതോടെ കൂടുതല്‍ കര്‍ഷകര്‍ ഇടുക്കിയിലേക്ക് ആകൃഷ്ടരായി. ഇവര്‍ കാര്‍ഡമം ഹില്‍സിന്റെ പുറമ്പോക്കായി കിടന്ന പുല്‍മേടുകളിലും ചതുപ്പ് നിലങ്ങളിലും കുടിയേറി കൃഷിയും താമസവും ആരംഭിച്ചു.

വണ്ടന്‍മേട്, ചക്കുപള്ളം, കല്‍ത്തൊട്ടി, അണക്കര എന്നിവിടങ്ങളില്‍ 1000 ഏക്കര്‍ ഭൂമി പുതുവല്‍ റൂള്‍ പ്രകാരം നെല്‍കൃഷിക്കായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ പതിച്ചുനല്‍കി. 1940 ല്‍ കുത്തകപ്പാട്ട വിളംബരമുണ്ടായി. 1958 ല്‍ സി.എച്ച്.ആര്‍ മേഖലയിലെ ഭൂമി റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണം മാത്രം വനം വകുപ്പിനും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

കര്‍ഷകരുടെ മാഗ്നാകാര്‍ട്ട- മാത്യു മണിയങ്ങാടന്‍ കമ്മീഷന്‍

1960 കളില്‍ ജലവൈദ്യുത പദ്ധതികള്‍ക്കും മറ്റുമായി കൃഷിഭൂമിയില്‍ നിന്നും കൃഷിക്കാരെ കുടിയിറക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ കുടിയിറക്ക് വിരുദ്ധസമരങ്ങള്‍ക്ക് മലയോര മേഖല വേദിയായി. തുടര്‍ന്ന് 12.08.1965 ല്‍ മലയോര മേഖലയിലെ കുടിയേറ്റവും കര്‍ഷകരുടെ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മാത്യു മണിയങ്ങാടന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു.

1966 ജൂലൈയില്‍ കമ്മീഷന്‍ നല്‍കിയ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൃഷിക്ക് ഉപയുക്തമായ സ്ഥലത്ത് താമസിക്കുന്ന മനുഷ്യജീവികളുടെ പ്രശ്‌നങ്ങളെ അവഗണിക്കരുതെന്ന ഊന്നലോടെ വനംസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

ജനസാന്ദ്രത, ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, ഫലഭൂയിഷ്ഠ പ്രദേശങ്ങളില്‍ കുടുംബത്തോടൊപ്പം കൃഷി ചെയ്ത് താമസിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണ എന്നിവയെല്ലാം കര്‍ഷക കുടിയേറ്റത്തിന്റെ പിന്നിലുണ്ടെന്നും പദ്ധതികള്‍ക്ക് വേണ്ടി എവിടെയെങ്കിലും അവരെ കുടിയൊഴിപ്പിച്ചാല്‍ തത്തുല്യമായ ഭൂമിയും നഷ്ടപരിഹാരവും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

01.01.1968 വരെയുള്ള മുഴുവന്‍ കുടിയേറ്റത്തേയും നിയമപരമായി അംഗീകരിച്ചു. പിന്നീട് 1977 വരെയുള്ള കുടിയേറ്റത്തേയും സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 1960 ലെ ഭൂപതിവ് നിയമത്തിന് കീഴില്‍ 01.01.1977 ന് മുന്‍പുള്ള വനമേഖലയിലെ കുടിയേറ്റങ്ങള്‍ നിയമവിധേയമാക്കി. ഏറ്റവുമൊടുവില്‍ പട്ടയം നല്‍കുന്നതിനുള്ള പ്രത്യേക ഭൂപതിവ് ചട്ടങ്ങള്‍ 1993 ല്‍ നിലവില്‍ വന്നു.

ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് തുടക്കം

ടൂറിസം സാധ്യതകള്‍ ലക്ഷ്യമാക്കിയെത്തിയ റിസോര്‍ട്ട് മാഫിയകളുടെ പ്രവര്‍ത്തികള്‍ മൂലമാണ് മൂന്നാറില്‍ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ക്ക് വഴിതുറന്നത്. മൂന്നാര്‍ മലനിരകളിലെ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ “വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഹൈക്കോടതിയെ സമീപിച്ചു.

മൂന്നാര്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിര നടപടി സ്വീകരിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. കേസ് പരിഗണിച്ച കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലോണോ എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടു.

ഹൈക്കോടതി ഇടക്കാല ഉത്തരവിലെ മൂന്നാര്‍ മേഖല എന്നത് മൂന്നാര്‍ ട്രിബ്യൂണല്‍ മേഖല എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന എട്ട് വില്ലേജുകള്‍ കൂടി നിര്‍മ്മാണ നിയന്ത്രണ മേഖലയാക്കി സര്‍ക്കുലര്‍ ഇറക്കി.

ഇതിന് പിന്നില്‍ ആസുത്രിത ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നും ബാഹ്യശക്തികളുടെ പ്രേരണ ഉണ്ടെന്നും അന്ന് ഉയര്‍ന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മൂന്നാറില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ആനവിലാസം വില്ലേജിനെ കൂടി മൂന്നാര്‍ പ്രദേശം കണക്കിലാക്കി നിര്‍മ്മാണ നിയന്ത്രണ പരിധിയിലാക്കിയത് ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

നിരവധി കോടതി വ്യവാഹരങ്ങള്‍ക്ക് ഇതിന് കാരണമായി. 2018 ല്‍ കെ.ഡി.എച്ച് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ട് വില്ലേജുകളില്‍ നിര്‍മ്മാണങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.ഡി.എച്ച് പരിധിയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിയന്ത്രണം 1964, 1993 ഭൂപതിവ് ചട്ടപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പട്ടയഭൂമികള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചു. എട്ട് വില്ലേജുകളിലെ പട്ടയഭൂമിയില്‍ മാത്രം നിര്‍മ്മാണ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് ബഹു.സുപ്രീംകോടതി തള്ളി.

1964, 1993 ഭൂപതിവ് ചട്ടപ്രകാരമുള്ള മുഴുവന്‍ പട്ടയഭൂമിയിലും നിര്‍മ്മാണ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രിംകോടതി ഉത്തരവിറക്കി. നിരവധി നിയമപോരാട്ടങ്ങളെത്തുടര്‍ന്ന് 2019 ല്‍ പട്ടയഭൂമി എന്ത് ആവശ്യത്തിനാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി നിര്‍ബന്ധമാക്കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവിന്റെ ആഘാതം ഇടുക്കി ജില്ലയെ പൂര്‍ണ്ണമായി ബാധിക്കുകയും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത നിലവിലെ സ്ഥിതി സംജാതമാകുകയും ചെയ്തു.

1964 ചട്ടമനുസരിച്ച് പട്ടയഭൂമിയില്‍ ഭവന നിര്‍മ്മാണത്തിനും കൃഷിചെയ്യുവാനും മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. 1993 പ്രത്യേക ഭൂപതിവ് ചട്ടത്തില്‍ ഭവന നിര്‍മ്മാണവും കൃഷി ചെയ്യുന്നതിനും,ഷോപ് സൈറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക അവസ്ഥയും ജീവിത സാഹചര്യങ്ങളും അനുസരിച്ചുള്ള ചട്ടമാണ് അന്ന് രൂപീകരിച്ചത്.

കൃഷി ജനങ്ങളുടെ മുഖ്യഉപജീവന മാര്‍ഗവും പ്രധാന തൊഴിലും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സുമായിരുന്നു. കാലം മാറിയപ്പോള്‍ കാര്‍ഷികോല്പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചവരുടെ ദൈനംദിന ജീവിതം ദുഷ്‌കരമാകുകയും കൃഷിക്കാരും അവരുടെ അനന്തര തലമുറയും ഇതര മേഖലകളിലെ തൊഴില്‍ മേഖലയും വരുമാന മാര്‍ഗവും കണ്ടെത്തുന്നതിന് നിര്‍ബന്ധിതരായി.

പട്ടയഭൂമിയില്‍ ബാങ്ക് വായ്പയെടുത്തും ഭൂമിയുടെ ക്രയവിക്രയം നടത്തിയും ചെറുകിട വ്യാപാരത്തിനാവശ്യമായ കെട്ടിടങ്ങളും വ്യാപരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മാണം നടത്തിയും ജീവിതം മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കര്‍ഷകന്റെ മേല്‍ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി അടിച്ചേല്‍പ്പിച്ചത്.

ജില്ലയിലുടനീളം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധന ആലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ ടൗണ്‍ഷിപ്പുകള്‍ ഇന്ന നിലവിലുണ്ട്. ഈ വസ്തുതകളാകെ അവഗണിച്ചുകൊണ്ടാണ് ഒരു ജനതയുടേയും പ്രദേശത്തിന്റെയും മേല്‍ നിയന്ത്രണങ്ങളുടെ ചങ്ങലകള്‍ കൂട്ടികെട്ടിയത്. നിലനില്‍പ്പിനും അതിജീവനത്തിനുമായി എന്നും പ്രയത്‌നിക്കുന്ന മലയോരകര്‍ഷകന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ് ഭൂപ്രശ്‌നങ്ങളും പട്ടയം ലഭിച്ച കൈവശഭൂമിയിലെ നിര്‍മ്മാണ നിയന്ത്രണങ്ങളും.

ഭൂപതിവ് ചട്ടഭേദഗതി അടിയന്തിരവും അനിവാര്യവും

സംസ്ഥാനത്തെ മറ്റല്ലാ ജില്ലയിലുമുള്ള ഭൂവുടമകള്‍ക്ക് ലഭിക്കുന്ന പരിഗണനയും അംഗീകാരവും ഇടുക്കിയിലെ ജനങ്ങള്‍ക്കും ലഭിച്ചേ മതിയാകൂ. കുടിയേറ്റ കര്‍ഷകനെ കൈയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. വിവേചന രഹിതമായി ജീവിക്കുന്നതിന് പ്രതികൂലമായി നില്‍ക്കുന്ന ഭൂപതിവ് ചട്ടങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി നടപ്പിലാക്കുന്നതിന് ഇനിയും വൈകിക്കൂടാ.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് മലയോര ജനതക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പ്രകൃതിയും പ്രതികൂല സാഹചര്യങ്ങളും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയവരാണ് മലയോരകര്‍ഷകര്‍.

കൈവശഭൂമിയിലെ അവകാശങ്ങള്‍ക്കായി അവര്‍ നടത്തുന്ന പരിശ്രമങ്ങളെയും പോരാട്ടങ്ങളെയും ചേര്‍ത്ത് നിര്‍ത്തേണ്ടത് കേരളത്തിന്റെ കടമയാണ്. അതിനാല്‍ കാലവിളംബം കൂടാതെ 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളില്‍ നിയമഭേദഗതി വരുത്തി മലയോര ജനതയെ സഹായിക്കുകതന്നെ വേണം, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല.

Advertisment