Advertisment

പ്രളയത്തിലും കൊവിഡിലും രക്ഷകനായെത്തി; ബൈക്കില്‍ ഘടിപ്പിച്ച ഹാം റേഡിയോയുമായുള്ള യാത്രക്കിടെ ആ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു; അഷ്‌റഫിന്റെ മരണം വഴിയരികില്‍ കുഴഞ്ഞുവീണ് ആരും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന്..

New Update

കോഴിക്കോട്: പ്രളയത്തിലും കൊവിഡിലും രക്ഷകനായെത്തിയ അഷ്‌റഫിന്റെ മരണം റോഡരികില്‍ തളര്‍ന്നു വീണിട്ടും ആരും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന്‌ .നടപ്പാതയിൽ തളർന്നുകിടന്ന അദ്ദേഹത്തെ കോവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ലെന്ന് പരാതിയുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment

publive-image

ബൈക്കിൽ ഘടിപ്പിച്ച ഹാം റേഡിയോയുമായുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ചയാണ് സരോവരത്തിനു സമീപം അഷ്റഫ് അകാലത്തിൽ ജീവിതത്തിൽനിന്ന് യാത്രയായത്. സന്നദ്ധപ്രവർത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കൊയിലാണ്ടി കാപ്പാട് അറബിത്താഴ എ.ടി. അഷ്റഫ് (48) ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ആർക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കിൽ കാപ്പാട്ടെ അഷ്റഫിനെ അറിയിച്ചാൽ മാത്രം മതി, അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഹാം റേഡിയോയിലേക്ക് ഒരു ചെറുസന്ദേശം. പിന്നെ അധികം വൈകില്ല, മരുന്ന് ആവശ്യക്കാരന്റെ കൈയിലെത്തിയിരിക്കും. ഇങ്ങനെ സ്വയംമറന്ന് ഓടിനടന്ന് ആർക്കൊക്കെയോ കരുതലേകിയ അഷ്റഫ് ഇനിയില്ല, സഹായം തേടിയുള്ള വിളി കേൾക്കാൻ.

അഗ്നിരക്ഷാസേനയുടെ കീഴിലുള്ള കേരള സിവിൽ ഡിഫൻസ് കോർപ്സിന്റെ കോഴിക്കോട് റീജ്യണൽ ചീഫ് വാർഡനും റെഡ്ക്രോസ് പ്രവർത്തകനുമാണ്. കോഴിക്കോടിന്റെയും വയനാടിന്റെയും ചുമതല ഇദ്ദേഹത്തിനായിരുന്നു. ഹാംറേഡിയോ ഉപയോഗിച്ചായിരുന്നു പ്രവർത്തനങ്ങൾ.

ദുരന്തനിവാരണ പ്രവർത്തനത്തിലും മറ്റ് സേവനപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ലോക്ഡൗൺ കാലത്ത് നിരവധിപേർക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിലും മുൻപന്തിയിലുണ്ടായിരുന്നു.

 

 

covid 19 accident death
Advertisment