Advertisment

ഭീകരര്‍ കളിയിക്കാവിള തെരഞ്ഞടുത്തത് ദക്ഷിണേന്ത്യയില്‍ നടത്താനിരിക്കുന്ന ഭീകരാക്രമണത്തിന്റെ ടെസ്റ്റ് ഡോസ് നടപ്പാക്കാന്‍ ; വില്‍സണെ തെരഞ്ഞെടുത്തത് പൊലീസിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രം ; 'വെറുതെ ഒരു കൊലപാതകം 'നടത്തിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനശ്രദ്ധ നേടാന്‍ ; നടന്നത് റിഹേഴ്‌സല്‍ മാത്രം , ബാക്കി വരാനിരിക്കുന്നതെ ഉള്ളുവെന്ന് പിടിയിലായ ഭീകരരുടെ മൊഴി

New Update

തിരുവനന്തപുരം : കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസിലെ എ.എസ്.ഐ. വില്‍സണെ കൊലപ്പെടുത്തിയതിന്റെ അമ്പരപ്പിക്കുന്ന തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണു കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ചു കൊന്നത്.

Advertisment

publive-image

ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ടെസ്റ്റ് ഡോസ് നടപ്പാക്കാന്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്.

എന്നാല്‍, ഇരയായി എ.എസ്.ഐ. വില്‍സണെ തെരഞ്ഞെടുത്തതു പോലീസിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്. വില്‍സണ്‍ അല്ലെങ്കില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

പോലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം. ലോകത്തു പലയിടത്തും ഭീകരര്‍ ഇതേ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താറുണ്ട്. ശാന്തമായ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍പ്പോലും. കേരളത്തില്‍ ഇതിനു മുമ്പ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബര്‍ 29നു വര്‍ക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) സ്ഥാപകനേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായിരുന്നു.

എട്ട് പ്രതികള്‍ക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികള്‍ക്കു വൈരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു 'വെറുതേ ഒരു കൊലപാതകം' നടത്തിയതെന്നുമാണു പോലീസ് വിശദീകരിച്ചത്. എന്നാല്‍, ഡി.എച്ച്.ആര്‍.എം. ഇതു നിഷേധിച്ചു.

 

Advertisment