Advertisment

നിയമസഭാ കയ്യാങ്കളി കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല; കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല. കേസില്‍ അഡ്വ. എസ് സുരേശനെ സ്‌പെഷ്യല്‍ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രിംകോടതിയെയും ചെന്നിത്തല സമീപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്, സൗമ്യ വധക്കേസ് എന്നിവയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ. സുരേശന്‍. നിലവിലുള്ള പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനെ കേസ് വാദിച്ചാല്‍ അത് പ്രഹസനമാകുമെന്നും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ആറ് ഇടത് എംഎല്‍എമാരും നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം.

വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം.മാണിയുടെ ബജറ്റ് അവതരണം.

കെ.എം.മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു.കെ.എം.മാണി നിയമസഭയിലെത്തിയതോടെ അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കടന്നുകയറി.

ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, എം.എല്‍.എമാരായിരുന്ന ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ് സി.കെ.സദാശിവന്‍ എന്നിവരാണ് കയ്യാങ്കളി കേസിലെ പ്രതികള്‍.

NEWS
Advertisment