Advertisment

അവിനാശി അപകടം: വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും

author-image
admin
New Update

കോയമ്പത്തൂര്‍: തിരിപ്പുര്‍ അവിനാശിയിലെ വാഹനാപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രി എറണാകുളത്ത് എത്തിച്ചു. കെ.എസ്.ആര്‍.ടി.സി സൗത്ത് ബസ് സ്റ്റേഷനില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി.

Advertisment

publive-image

മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് റീത്ത് സമര്‍പ്പിച്ചു. ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ പേപ്പതിയിലെ വീട്ടില്‍ സംസ്‌കരിക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്‌എന്‍ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.

അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സര്‍ക്കാര്‍ വഹിക്കും.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

Advertisment