Advertisment

അപൂര്‍വ്വ ജനിതക രോഗംബാധിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

New Update

പരിയാരം-എറണാകുളം : മൂന്നാമത്തെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ചികിത്സയ്ക്ക് വഴി ഒരുക്കി സിപിടി. അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞിനാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മിഷന്‍ വഴി ചികിത്സ ഒരുക്കിയത്. കണ്ണൂര്‍ പരിയാരത്ത് നിന്നും എറണാകുളം അമൃത ഹോസ്പിറ്റലില്‍ സോഷ്യല്‍ മീഡിയ സഹായത്തോടെ23 തിയതി സുരക്ഷിതമായി എത്തിച്ചത് കേവലം നാലരമണിക്കൂര്‍ കൊണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തൃശ്ശൂര്‍ ഒരു സ്ഥലത്ത് പത്ത് മിനിറ്റ് ആംബുലന്‍സ് നിര്‍ത്തിയിരുന്നു.

Advertisment

publive-image

കാസറഗോഡ് ജില്ലയിലെ ബളാല്‍ സ്വദേശി രാജേഷ് - രമാദേവി ദമ്പതികളുടെ 4 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് അപൂര്‍വ്വ ജനിതക രോഗം ബാധിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അത്യാസന്ന നിലയിലായ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി അമൃത ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് സിപിടി കുവൈറ്റ് കോഡിനേറ്റര്‍ ഷാഫി കോഴിക്കോട് മുഖാന്തിരം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപെടുകയും സംസ്ഥാന ഭാരവാഹികളുമായി കൂടി ആലോചിച്ച് മിഷന്‍ നടത്തുകയുമായിരുന്നു.

രാജേഷ് രമാദേവി ദമ്പതികള്‍ക്ക് നേരത്തെ ജനിച്ചിരുന്ന രണ്ട് കുട്ടികളും ഇതേ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഈ കുഞ്ഞിനെ എങ്കിലും രക്ഷിക്കാന്‍ വേണ്ടിയാണ് പിതാവ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംഘടനയുടെ സഹായം തേടിയത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പെരുന്നാളിന്റെ തലേ ദിവസമായതിനാല്‍ റോഡില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ സംഘടന ഈ മിഷന്‍ ഏറ്റെടുക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യത ഉണ്ടാകും എന്ന് കരുതിയെങ്കിലും സുമനസുകളുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്താല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. കോഴിക്കോട് മുതല്‍ തൃശ്ശൂര്‍ വരെ പോലീസ് എസ്‌കോര്‍ട്ട് ലഭിച്ചത് യാത്രസുഖമമാക്കി. ആംബുലന്‍സ് ഓടിക്കാനുള്ള ദൗത്യം അജ്മല്‍ കൊന്നക്കാട്, സഹ ഡ്രൈവര്‍ സിറാജ് എന്നിവര്‍ ഏറ്റെടുത്തു.

കുട്ടിയെ അനുഗമിച്ച് രക്ഷിതാക്കള്‍ക്ക് പുറമേ മുന്‍പരിയാരം സ്റ്റാഫ്‌നേഴ്‌സും സി.പി.ടി യുഎഇ കമ്മിറ്റി ട്രഷറര്‍ ആയ രാഹുല്‍ രാമകൃഷ്ണന്‍, സിപിടി കാസറഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശില്‍പരാജ് ചെറുവത്തൂര്‍ എന്നിവരും ഉണ്ടായിരുന്നു. കൊറോണ വ്യാപനകാലത്ത് സ്വന്തം ജീവന്‍ നോക്കാതെ ഈ ദൗത്യം ഏറ്റെടുത്ത നാല് യുവാക്കളെ സോഷ്യല്‍ മീഡിയ വഴി നിരവധിപേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ശില്‍പരാജാണ് ഈ മിഷന്‍ ലൈവായി ജനങ്ങളില്‍ എത്തിച്ചത്. കൊറോണ ടെസ്റ്റുമായി ബന്ധപ്പെട്ട് വന്ന യാത്ര തടസ്സങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം ശരിയാക്കി.

പ്രതീക്ഷിച്ചതിലും നേരത്തെ കൃത്യം 7.15 ന് ആംബുലന്‍സ് കുട്ടിയെ അമൃതാ ആശുപത്രിയില്‍ എത്തിച്ച് മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഈ ഉദ്യമത്തില്‍ സഹകരിച്ച ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സിപിടി പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആംബുലന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങീ ഏവര്‍ക്കും സംഘടനയുടെ നന്ദി അറിയിച്ചു.

BABY LIFE RESCUE
Advertisment