Advertisment

സംസ്ഥാനം ലോക്ഡൗണിലായതോടെ പണിയില്ലാതെ പട്ടിണിയിലായി ബംഗാളികള്‍ ; വിശന്നു വലഞ്ഞ് കരഞ്ഞുവിളിച്ച് ബംഗാളി യുവാവ് പൊലീസ് സ്റ്റേഷനില്‍ ; താനും തനിക്കൊപ്പമുള്ള 25 പേരും ആഹാരം കഴിച്ചിട്ട് ഒന്നരദിവസമായെന്ന് കണ്ണീരോടെ യുവാവ് ; ഭക്ഷണവുമായി ഓടിയെത്തി എഎസ്‌ഐ ശ്രീനിവാസന്‍

New Update

കോഴിക്കോട് : വിശന്നു വലഞ്ഞ് കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് ഭക്ഷണം വാങ്ങി നൽകി എഎസ്‌ഐ ശ്രീനിവാസൻ. കൂടാതെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പൊലീസുകാര്‍ ഭക്ഷണം ഏര്‍പ്പാടാക്കി നല്‍കി. ഫറോക്ക് നല്ലളം പൊലീസ് സ്റ്റേഷനിലാണ് നന്മയുടെ ഈ മാതൃക ഉണ്ടായത്.

Advertisment

publive-image

”സാര്‍ മേ ചിത്തരഞ്ജന്‍ ബംഗാളി, ഏക് ഔര്‍ ആധാദിന്‍ ഹോ ഗയാ മുജേ ഖാനേ കേലിയേ മില്‍ക്കര്‍”. ബംഗാളി സ്വദേശിയായ ചിത്തരഞ്ജന്‍ വിശന്നുവലഞ്ഞ് കരഞ്ഞുകൊണ്ട് അഭ്യര്‍ഥിക്കുകയായിരുന്നു. ഒന്നര ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ശ്രീനിവാസന്‍ ചിത്തരഞ്ജന് ഭക്ഷണം വാങ്ങിനല്‍കാന്‍ ഏര്‍പ്പാടു ചെയ്തു.

എന്നാൽ താന്‍ മാത്രമല്ല, അരീക്കാട്ടെ വാടകവീട്ടില്‍ തന്നെപ്പോലെ ഇരുപത്തിയഞ്ചുപേര്‍ വേറെയുമുണ്ടെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് താത്കാലിക ആശ്വാസമെന്ന രീതിയില്‍ കുറച്ച്‌ ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ തന്റെ നാട്ടുകാരനായ ഹോട്ടല്‍ നടത്തിപ്പുകാരന്‍ ബിജുവിനോട് ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. ബിജുവും കുടുംബവും ഇവര്‍ക്കുവേണ്ട ഭക്ഷണം തയ്യാറാക്കി സ്റ്റേഷനിലെത്തിച്ചു.

നല്ലളം സ്റ്റേഷന്‍ ഓഫീസര്‍ എംകെ സുരേഷ് കുമാറും, എസ്‌ഐ മുസ്തഫയും ശ്രീനിവാസനും ചേര്‍ന്ന് ബംഗാളികള്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ഭക്ഷണം നല്‍കി. അതിനിടെ, തൊട്ടടുത്ത വിട്ടില്‍ നിന്ന് ഇരുപതോളംവരുന്ന ബംഗാളികളും പാത്രവുമായെത്തി. കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കെല്ലാം വീതിച്ചുനല്‍കുകയും വൈകീട്ടോടെ ഒരു ചാക്ക് അരിയും ഇവര്‍ക്കായി ഏര്‍പ്പാടാക്കി.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്‌ ഡൗണ്‍ നിലവില്‍ വന്നതോടെ ജോലിയില്ലാതായതാണ് മറുനാടന്‍ തൊഴിലാളികള്‍ പട്ടിണിയിലായത്. രാവിലെ അരീക്കാട് അങ്ങാടിയിലെത്തുന്ന ഇവരെ ജോലിക്കാവശ്യമുള്ളവര്‍ ഇരുചക്രവാഹനത്തിലും മറ്റും കൊണ്ടുപോവുകയാണ് പതിവ്.

covid 19 lock down kerala corona viruse
Advertisment