Advertisment

'ബെല്ലാരി രാജ'യായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി, മകന്‍റെ വിവാഹത്തിന് പണിതത് കോടികളുടെ കൊട്ടാരം

New Update

കര്‍ണാടക: മകന്റെ വിവാഹത്തിനു മുന്നോടിയായി കൊട്ടാരസദൃശമായ വീട് പണിത് കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. ബെല്ലാരി ഹൊസ്പേട്ട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ആനന്ദ് സിങ്ങാണ് മൂന്നേക്കറില്‍ വ്യാപിച്ചുകിടക്കുന്ന മണിമന്ദിരം പണിതത്.

Advertisment

publive-image

ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. വിശാലമായ നീന്തല്‍ക്കുളവും ഹെലിപ്പാഡും ദര്‍ബാര്‍ ഹാളും വിശിഷ്ടമായ കൊത്തുപണികളുമുള്ള 'കൊട്ടാര'ത്തിന്റെ നിര്‍മാണം ഏഴുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

'ദ്വാരക' എന്നുപേരിട്ട വീടിന്റെ പ്രവേശനകവാടത്തിലെ ആനകളുടെ കൂറ്റന്‍ ശില്‍പമാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. ഡിസംബര്‍ ഒന്നിനാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന് മണ്ഡലത്തിലെ 50,000 വോട്ടര്‍മാരെ ക്ഷണിച്ചത് ഇതിനോടകം വിവാദമാകുകയുംചെയ്തു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നുകാണിച്ച് ബി.ജെ.പി. വിമതസ്ഥാനാര്‍ഥി കവിരാജ് അര്‍സ് ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

കഴിഞ്ഞദിവസം നടന്ന ഗൃഹപ്രവേശനത്തില്‍നിന്നു മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബെല്ലാരിയിലെ ഖനി ഉടമയായ ആനന്ദ് സിങ് കഴിഞ്ഞ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്- ജെ.ഡി.എസ്. വിമതരോടൊപ്പം എം.എല്‍.എ.സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി.യില്‍ ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി.

സമ്മാനംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ചെങ്കിലും വിവാഹത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന നിലപാടിലാണ് അധികൃതര്‍. ക്ഷണക്കത്തിനൊപ്പം സമ്മാനങ്ങള്‍ നല്‍കിയതായി വിവരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

karnadaka
Advertisment