കൊറോണ വൈറസ് നിയന്ത്രണ വിധേയമായാലും രണ്ടു മാസത്തോളം നീളുന്ന ക്യാംപ് താരങ്ങള്‍ക്കു വേണ്ടി വരും; അതിനു ശേഷം മാത്രമേ കളിക്കളത്തില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ; ഇന്ത്യൻ ബോളിങ് കോച്ച് ഭരത് അരുൺ

സ്പോര്‍ട്സ് ഡസ്ക്
Thursday, May 21, 2020

കൊറോണ വൈറസ് നിയന്ത്രണ വിധേയമായാലും രണ്ടു മാസത്തോളം നീളുന്ന ക്യാംപ് താരങ്ങള്‍ക്കു വേണ്ടി വരുമെന്നും അതിനു ശേഷം മാത്രമേ കളിക്കളത്തില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ എന്നും വ്യക്തമാക്കി ഇന്ത്യൻ ബോളിങ് കോച്ച് ഭരത് അരുൺ.

ഇന്ത്യന്‍ താരങ്ങള്‍ക്കു ചുരുങ്ങിയത് ആറു മുതല്‍ എട്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ക്യാംപ് സംഘടിപ്പിക്കേണ്ടി വരുമെന്നാണ് ടീം മാനേജ്‌മെന്റ് തീരുമാനം. കളിക്കാര്‍ക്ക് തങ്ങളുടെ ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കുന്നതിനു വേണ്ടിയാണിത്. അതിനു ശേഷം മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂ. ഭരത് അരുണ്‍ വ്യക്തമാക്കി.

ക്രിക്കറ്റില്‍ നിന്നും വലിയ ബ്രേക്ക് വന്നതിനാല്‍ തന്നെ അതു താരങ്ങളെയെല്ലാം മാനസികമായും ശാരീരികമായും ബാധിച്ചിരിക്കും. അതില്‍ നിന്നും മുക്തരായി ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെങ്കില്‍ ക്യംപ് അനിവാര്യമാണ്. ഒരു പ്രൊഫഷണല്‍ കായിക താരത്തെ സംബന്ധിച്ചു വീട്ടില്‍ വെറുതേയിരിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടില്ല. അരുണ്‍ പറയുന്നു.

ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് വിരാട് കോഹ്ലിയും സംഘവും അവസാനമായി കളിച്ചത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളും റദ്ദാക്കുകയായിരുന്നു.

×