Advertisment

മനുഷ്യത്വം മണ്മറഞ്ഞ നാട് ; ബീഹാറിൽ നടന്നത് ആരും നടുങ്ങുന്ന അമാനവീയകൃത്യം

New Update

19 അനാഥമൃതദേഹങ്ങൾ ആരുമറിയാതെ പോലീസ് കൂട്ടത്തോടെ മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി മണ്ണെണ്ണയും വിറകുമുപയോഗിച്ചു കത്തിച്ചു.പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചു.മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനത്തിന് മുൻപായിരുന്നു ഈ ഹീനകൃത്യം.

Advertisment

publive-image

മുസഫർ പൂരിൽ മസ്തിഷ്കജ്വരം ബാധിച് 153 ലധികം കുട്ടികൾ ഇതുവരെ മരണപ്പെട്ടു. ഇവരിൽ അധികം പേരും മരണപ്പെട്ടത് മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിലായിരുന്നു. ആ ഹോസ്പ്പിറ്റലിന്റെ (( SKMCH )) തൊട്ടുപിറകിലുള്ള ചെറിയ കുറ്റിക്കാട്ടിലാണ് നാലുദിവസം മുൻപ് നിരവധി മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

സംഗതി വിവാദമായതോടെ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. അതേത്തുടർന്നാണ് ബീഹാർ പോലീസിന്റെ ക്രൂരമുഖം വെളിപ്പെടുന്നത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഹോസ്പ്പിറ്റലിൽ 18 അനാഥമൃതദേഹങ്ങൾ മാസങ്ങളായി സംസ്കരിക്കാതെ പോസ്റ്റ്മാർട്ടം റൂമിനോട് ചേർന്ന മുറിയിൽ നിരുത്തരവാദപരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നുവത്രേ.

പോസ്റ്റ് മാർട്ടം റൂമിനോട് ചേർന്ന് 6 മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ഒരു ഡീപ്പ് ഫ്രീസ് ഏരിയയുണ്ട്. അവിടെയാണ് ഈ മൃതദേഹങ്ങളെല്ലാം മാസങ്ങളായി സൂക്ഷിച്ചിരുന്നത്.

ഇതുകൂടാതെ അടുത്തിടയെത്തിയ 12 മൃതദേഹങ്ങൾ അവിടെ വേറെയുമുണ്ട്. പല മൃതശരീരങ്ങളും അഴുകിദ്രവിച്ച നിലയിലാണുള്ളത്. ദുർഗന്ധം മൂലം പോസ്റ്റ്മാർട്ടം ചെയ്യുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും അവിടെ പോകാനാകാത്ത അവസ്ഥയായിരുന്നു.പലതവണ പോലീസിൽ വിവരമറിയിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല.

മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചതും ഇപ്പോഴും ചികിത്സയിലുള്ളതും ഈ മെഡിക്കൽ കോളേജിലാണ്.

ഒരു അജ്ഞാതമൃതദേഹം പോലീസിനു ലഭിച്ചാൽ അത് ആശുപത്രിയിലെത്തിച്ചു പോസ്റ്റ്മാർട്ടവും ഫോട്ടോ ഗ്രാഫിയും മാറ്റത്യാവശ്യനടപടിക്രമങ്ങളും പൂർത്തിയാക്കി 72 മണിക്കൂർവരെ ഇവിടെ സൂക്ഷിക്കാമെന്നാണ് നിയമം. അതിനുശേഷം അവകാശികളാരും മുന്നോട്ടുവന്നില്ലെങ്കിൽ പോലീസ്‌തന്നെ മൃതദേഹം സംസ്കരിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മൃതശരീരത്തോടുള്ള അനാദരവായി കണക്കാക്കുന്ന കുറ്റമായി അത് മാറപ്പെടും.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 2000 രൂപ മെഡിക്കൽ കോളേജിലെ പേഷ്യന്റ് വെൽഫെയർ ഫണ്ടിൽനിന്നും അനുവദിക്കുന്നുണ്ട്‌. ആ പണം പോലീസ് കൈപ്പറ്റുകയും ചെയ്തിരിക്കുന്നു.

ഇപ്പോൾ മസ്തിഷ്കജ്വരം മൂലം കുഞ്ഞുങ്ങൾ കൂട്ടമായി മരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുന്ന വിവരമറിഞ്ഞു വിറളിപൂണ്ട പോലീസ് ഇക്കഴിഞ്ഞ ജൂൺ 17 നു രാത്രി ധൃതിപിടിച്ചാണ് ആരുമറിയാതെ 19 അഴുകിയ മൃതദേഹങ്ങൾ ആശുപത്രിക്കു പിന്നിലെ ചെറിയ കാട്ടിൽ കൂട്ടിയിട്ടു കത്തിച്ചത്.

ഇവിടെ ചില വസ്തുതകൾ വേറെയുമുണ്ട്. മൃതദേഹങ്ങൾ കത്തിച്ച കുറ്റിക്കാടും പരിസരവും ആശുപത്രി കാമ്പൗണ്ടിൽ തന്നെയാണ്. ആശുപത്രി പരിസരങ്ങളിൽ ഒരുകാരണവശാലും മൃതദേഹങ്ങൾ സംസ്കരിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ട്.

ഇപ്പോൾ ഏറ്റവുമൊടുവിൽ അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്ന വിവരം അവിടെനിന്ന് 70 മൃതദേഹ ങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ്. ആശുപത്രിയധികൃതരും പോലീസും പറയുന്നത് 19 മൃതദേഹങ്ങൾ മാത്രമാണ് തങ്ങൾ കത്തിച്ചതെന്നാണ്. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി പോലീസും മെഡിക്കൽ കോളേജ് അധികാരികളും ചേർന്ന് ഇവിടെ സ്ഥിരമായി മൃതദേഹങ്ങൾ കത്തിക്കാറുണ്ടെന്ന് സ്ഥലത്തെ ലോക്കൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിൽ നിന്നായി പ്രതിമാസം അവകാശികളില്ലാത്ത കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ഈ മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിനായി വരാറുണ്ട്.

പോലീസിന്റെ അതിക്രൂരവും അമാനവീയവുമായ നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

കാണുക ആരും നടുങ്ങുന്ന ആ ദൃശ്യങ്ങൾ.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

 

Advertisment