Advertisment

സ്‌കൂട്ടറില്‍ വരുന്നതിനിടെ കാര്‍ ഇടിച്ചു തെറിച്ച് വീണത് കെഎസ്ആര്‍ടിസി ബസിനടിയിലേക്ക്; യുവാവിനെ വലിച്ചുകൊണ്ട് ബസ് ഓടിയത് 10 മീറ്റര്‍ ദൂരം; നാട്ടുകാര്‍ ഓടി പിന്നാലെ എത്തിയപ്പോഴേക്കും യുവാവിന് ദാരുണാന്ത്യം; ബിജുവിന്റെ മരണം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ..

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

അമ്പലപ്പുഴ : സ്കൂട്ടറിൽ വരുമ്പോൾ കാർ ഇടിച്ചതിനെ തുടർന്ന് കെഎസ്ആർ‌ടിസി ബസിനടിയിൽ വീണ് യുവാവ് മരിച്ചു. അമ്പലപ്പുഴ കരുമാടി ബിന്ദുഭവനത്തിൽ‌ ബാലകൃഷ്ണന്റെയും ആനന്ദവല്ലിയുടെയും മകൻ ഓൺലൈൻ മീൻ‌ ബിസിനസുകാരനായ ബിജു ബി.നായരാണ് (36) മരിച്ചത്.

Advertisment

publive-image

അമ്പലപ്പുഴ ക്ഷേത്രം റോഡിൽ പടി‍ഞ്ഞാറെ നടയ്ക്ക് സമീപം ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം. ഐസ് വാങ്ങി കരുമാടിയിലേക്കു ബിജു വരുമ്പോഴായിരുന്നു അപകടം. കാറും സ്കൂട്ടറും കരുമാടി ഭാഗത്തേക്കും ബസ് ആലപ്പുഴ ഭാഗത്തേക്കും പോവുകയായിരുന്നു.

സ്കൂട്ടറുമായി ബിജു ബസിനടിയിലേക്ക് വീണു. ബസിനടിയില്‍ കുടുങ്ങിയ ബിജുവിനെയും സ്കൂട്ടറിനെയും വലിച്ചുകൊണ്ട് 10 മീറ്റര്‍‌ ബസ് ഓടി. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബിജു മരിച്ചു.

ആലപ്പുഴ നിന്നു മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി ബസ് പിന്നിലേക്ക് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് അഗ്നിരക്ഷാസേന പാത ശുചീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ. ശ്രീജ. മക്കള്‍. ആദിദേവ്, ആദിനാരായണന്‍. കാറും ബസും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോക്ഡൗൺ കാലത്ത് തുടങ്ങിയ ഓൺലൈൻ മീൻ വിൽപന പച്ച പിടിച്ചു വരുന്നതിനിടയിലാണ് അമ്പലപ്പുഴ കരുമാടി ബിന്ദുഭവനിൽ ബിജു ബി. നായർ (36) വാഹനാപകടത്തിൽ ദാരുണമായി മരിച്ചത്. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിജു രണ്ടു വർഷം മുൻപാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായിരുന്ന ബിജുവിനു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടര്‍‌ന്ന് സുഹൃത്തുമായി ചേര്‍‌ന്ന് മൂന്നു മാസം മുന്‍പാണ് പുതിയ ജോലി കണ്ടെത്തിയത്. കടല്‍, കായല്‍‌ മീനുകള്‍ വാങ്ങി ഓണ്‍ലൈന്‍ വഴി ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം അമ്പലപ്പുഴയിലെ രാധാനിവാസില്‍ സംസ്കരിക്കും.

accident death bike accident
Advertisment