മോഷ്ടിച്ച ബൈക്കില്‍ വ്യാജനമ്പരൊട്ടിച്ച് കറങ്ങും…അവസാനം അത് വില്‍ക്കും…കോഴിക്കോട്ടെ ബൈക്ക് മോഷണ മാഫിയയെ പോലീസ് പിടികൂടിയത് അതിവിദഗ്ദമായി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, February 12, 2019

കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ ബൈക്കുകളും മൊബൈലും, കവര്‍ച്ച ചെയ്തിരുന്ന എട്ടംഗ സംഘം അറസ്റ്റില്‍. വ്യാജ നമ്പര്‍ പതിപ്പിച്ച് സംഘം ഉപയോഗിച്ചിരുന്ന ബൈക്കുകളും മൊബൈല്‍ ഫോണും കണ്ടെടുത്തു. വീട് തുറന്നുള്ള മോഷണത്തിനുള്‍പ്പെടെ ജയില്‍ ശിക്ഷ അനുഭവച്ചിട്ടുള്ള കണ്ണാടിക്കല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കസബ പൊലീസ് പിടികൂടിയത്.

പന്ത്രണ്ട് കേസുകളില്‍ പ്രതിയായ ഷാജി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാങ്കാവ്, മെഡിക്കല്‍ കോളജ്, നല്ലളം, കണ്ണാടിക്കല്‍, പന്നിയങ്കര, പാറന്നൂര്‍ തുടങ്ങി നഗരത്തിലെ വിവിധ ഇടങ്ങളില്‍ സംഘം കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

അടുത്തിടെ നഗരപരിധിയിലെ വീടുകളിലും കടകളിലുമുണ്ടായ കവര്‍ച്ചയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിക്കുന്ന ബൈക്ക് കുറച്ച് കാലം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കും.

ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി രാത്രിയില്‍ മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കും. വിലകൂടിയ ബൈക്കാണെങ്കില്‍ സ്വന്തം ആവശ്യത്തിനായി വ്യാജ നമ്പര്‍ പതിപ്പിച്ച് കുറച്ചുകാലം ഓടിയ്ക്കും. സംഘം തട്ടിയെടുത്ത പത്ത് ബൈക്കുകളും മൂന്ന് മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കസബ പൊലീസും സൗത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ എട്ടുപേരെയും വലയിലാക്കിയത്.

കഴിഞ്ഞദിവസം കസബ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് മോഷ്ടാക്കളുടെ ആദ്യസംഘം വലയിലായത്. പറമ്പില്‍ബസാര്‍ സ്വദേശി മുഹമ്മദ് ആഷിഖും, കുതിരവട്ടം സ്വദേശി നിധിനും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സഞ്ചരിച്ച് പിടികൂടി.

പരിശോധനയില്‍ കവര്‍ച്ച ചെയ്ത ബൈക്കില്‍ മാസങ്ങളായി വ്യാജ നമ്പരൊട്ടിച്ചുള്ള സഞ്ചാരമെന്ന് മനസിലായി. ഇവരില്‍ നിന്നാണ് പ്രധാന കണ്ണിയായ കണ്ണാടിക്കല്‍ ഷാജിയിലേക്കെത്തിയത്. പണവും വിലകൂടിയ ബൈക്കിലുള്ള കറക്കവും മോഹിച്ച് പതിനെട്ടിനും ഇരുപത്തി അഞ്ചിനുമിടയിലുള്ള യുവാക്കള്‍ ഷാജിയുടെ വലയില്‍ വീഴുകയായിരുന്നു. മോഷ്ടിക്കുന്നതിനും വാഹനം രൂപമാറ്റം വരുത്തുന്നതിനും സഹായിക്കുന്ന വര്‍ക് ഷോപ്പ് ഉടമയും തടമ്പാട്ടുതാഴം സ്വദേശിയുമായ ഷാജഹാന്‍. അനീഷ് റഹ്മാന്‍, ഫര്‍ദീന്‍, ആഷിഖ്, സെയ്ദ് മുഹമ്മദ് എന്നിവരെക്കൂടി പിടികൂടിയത്.

×