Advertisment

ടെക്നോപാർക്ക് ഫെയ്സ് ത്രീയുടെ ഒഴിഞ്ഞ ഭൂമിയിൽ എക്സൈസ് സംഘത്തിന്റെ ചാരായ റെയ്ഡ് ; പ്ലാസ്റ്റിക് കൊണ്ട് ചുറ്റിക്കെട്ടിയ പൊതി കഞ്ചാവ് ആണെന്ന് കരുതി വലിച്ചെറിഞ്ഞപ്പോൾ ഉഗ്ര സ്ഫോടനം; തലനാരിഴയ്ക്കു രക്ഷപ്പെടൽ

New Update

കഴക്കൂട്ടം: അതീവ സുരക്ഷാ മേഖലയായ ടെക്നോപാർക്ക് ഫെയ്സ് ത്രീയുടെ ഒഴിഞ്ഞ ഭൂമിയിൽ എക്സൈസ് സംഘം ചാരായ റെയ്ഡ് നടത്തുമ്പോൾ കണ്ടെടുത്ത നാടൻ ബോബ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കുപ്പിച്ചില്ലുകൾ, ആണികൾ ,ബ്ലെയ്ഡിന്റെ കഷ്ണങ്ങൾ എന്നിവ ചിതറി തെറിച്ചെങ്കിലും ആർക്കും പരുക്കില്ല. പാർക്കിന്റെ വികസനത്തിനായി ഏറ്റെടുത്ത കല്ലിംഗൽ കുഴമുട്ടം ദേവീക്ഷേത്രത്തിനു സമീപത്താണ് ഇന്നലെ നാടൻ ബോംബ് പൊട്ടിത്തെറിച്ചത്.

Advertisment

publive-image

കല്ലിംഗൽ ഭാഗത്ത് ചാരായ വാറ്റും വിൽപനയും നടക്കുന്നുവെന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എക്സൈസ് ഇന്നലെ രാവിലെ 11.30 മണിയോടെ പരിശോധിക്കുകയായിരുന്നു. പാർക്കിന്റെ കെട്ടിട നിർമാണത്തിന് കരാറെടുത്തിരുന്ന കമ്പനി അവരുടെ ഓഫിസായി നേരത്തെ ഉപയോഗിച്ചിരുന്ന കണ്ടെയ്നർ പരിശോധിക്കുമ്പോൾ 80 ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തുടർന്ന് കണ്ടെയ്നറിനടുത്തു നിന്ന് 100 മീറ്റർ മാറി പ്ലാസ്റ്റിക് കൊണ്ട് ചുറ്റിക്കെട്ടിയ പൊതി കണ്ടെത്തി.

കഞ്ചാവ് ആണെന്ന് കരുതിയ എക്സൈസ് സംഘം പൊതി അഴിക്കാൻ അകലെ വലിച്ചെറിഞ്ഞപ്പോളാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഘം ഓടി മാറിയതിനാൽ ആർക്കും പരുക്കില്ല.

എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ്കുമാർ, രതീശൻ ചെട്ടിയാർ സിവിൽ എക്സൈസ് ഓഫിസർമാരായ മണികണ്ഠൻ നായർ, ശിവൻ, വിഷ്ണു,അരുൺ,വിനോജ് ഖാൻ തുടങ്ങിയവരാണ് റെയ്ഡിന് എത്തിയത്.

എക്സൈസ് വിഭാഗം പരാതി നൽകിയതിനെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലം പരിശോധിച്ചു.

BLAST CASE
Advertisment