Advertisment

ചൈനയില്‍ ബ്രൂസെല്ലോസിസ് വ്യാപിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആയിരക്കണക്കിന് പേര്‍ക്ക്; ചൈനയിലെ ലാബിലുണ്ടായ ചോര്‍ച്ച രോഗവ്യാപനത്തിന് കാരണമെന്ന് സംശയം; മൃഗങ്ങള്‍ വഴി വ്യാപിക്കാവുന്ന രോഗം കൊവിഡിനെക്കാളും അപകടകാരി; ബ്രൂസെല്ലോസിസ് ഇന്ത്യയില്‍ വ്യാപിക്കാന്‍ സാധ്യതയേറെയെന്ന് വിദഗ്ധര്‍; വിശദാംശങ്ങള്‍ അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. ഇതിനിടയില്‍ 'ബ്രൂസെല്ലോസിസ്' എന്ന പകര്‍ച്ചവ്യാധി (ബാക്ടീരിയ രോഗം) വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്ക പടര്‍ത്തുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൊവുല്‍ 3245 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. 1401 പേര്‍ക്ക് പ്രാഥമിക ലക്ഷണങ്ങളും കണ്ടെത്തി. ഭാഗ്യവശാല്‍, ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നമ്മുടെ രാജ്യത്തും ഈ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെയാണ്. മനുഷ്യരെയും മൃഗങ്ങളെയും ഇത് ഏറെ ബാധിക്കും. കൊവിഡിനെക്കാള്‍ ഗുരുതരമായ മഹാമാരിയായി ബ്ലൂസെല്ലോസിസ് മാറിയേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബ്രൂസെല്ലോസിസിനെക്കുറിച്ച് അറിയേണ്ടത്

ബ്രൂസെല്ല ജനുസില്‍പെട്ട ബാക്ടീരിയകളാണ് ബ്രൂസെല്ലോസിസിന് കാരണം. ഇത് മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും. രോഗം ബാധിച്ച മൃഗങ്ങളില്‍ നിന്ന്, ശുദ്ധീകരിക്കാത്ത പാലുത്പന്നങ്ങള്‍ കഴിക്കുന്നത്, മലിനമായ വായു ശ്വസിക്കുന്നത് തുടങ്ങിയവയാണ് മനുഷ്യരിലേക്ക് ഇത് വ്യാപിക്കുന്നതിന് പ്രധാന കാരണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇത് പകരുന്നത് വളരെ അപൂര്‍വമാണെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) പറയുന്നത്.

എന്നാല്‍ ലൈംഗിക ബന്ധത്തിലൂടെയും, മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് കുഞ്ഞിലേക്കും രോഗം വ്യാപിക്കാം. ചര്‍മ്മത്തിലെ കടുത്ത മുറിവുകളോ പോറലുകളോ ഈ അണുബാധയ്ക്ക് കാരണമാകാം.

കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയ്ക്ക് സോങ്മു ലാന്‍ഷൊവു ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ ചോര്‍ച്ചയാണ് ചൈനയില്‍ ഇത് പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നാണ് കരുതുന്നത്. മൃഗങ്ങളില്‍ ഉപയോഗിക്കുന്നതിനായി ബ്രൂസെല്ല വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ഫാക്ടറിയില്‍ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. ഇത് രോഗവ്യാപനത്തിന് കാരണമായ ചോര്‍ച്ചയിലേക്ക് നയിച്ചെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബ്രൂസെല്ലോസിസിന്റെ ലക്ഷണങ്ങള്‍

പനി, സന്ധി വേദന, ക്ഷീണം, വിശപ്പ് കുറയല്‍, തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം ബാധിച്ചതിന് ശേഷം രോഗലക്ഷണം കാണിക്കാന്‍ കുറച്ച് ദിവസങ്ങള്‍ മുതല്‍ ഏതാനും മാസങ്ങള്‍ വരെ എടുത്തേക്കാം.

ഈ രോഗത്തിന്റെ മിക്ക ലക്ഷണങ്ങള്‍ക്കും കൊവിഡുമായി വളരെ സാമ്യമുണ്ടെന്നതാണ് പ്രത്യേകത. സന്ധിവാതം, സ്‌പോണ്ടിലൈറ്റിസ് (നട്ടെല്ലിന്റെ വീക്കം), വൃഷണങ്ങളുടെ വീക്കം തുടങ്ങിയ ലക്ഷണങ്ങളും ബ്രൂസെല്ലോസിസിന് കാരണമാകാം.

കൊവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ബ്രൂസെല്ലോസിസ് ചികിത്സയ്ക്കായി ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ ലഭ്യമാണ്. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ ഈ രോഗത്തിനും കണ്ടെത്തിയിട്ടില്ല.

ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ബ്രൂസെല്ലോസിസ് ചികിത്സിക്കാന്‍ കഴിയുമെങ്കിലും ചികിത്സയ്ക്ക് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ എടുക്കും. കൂടാതെ, വീണ്ടും രോഗം ബാധിക്കാനുള്ള ശക്തമായ സാധ്യതയുമുണ്ട്. ശുദ്ധീകരിക്കാത്ത പാലുത്പന്നങ്ങള്‍ ഒഴിവാക്കുക, മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

ഇന്ത്യയിലും വേണം ശക്തമായ പരിശോധന

പന്നികള്‍, പശുക്കള്‍, എരുമകള്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് ബ്രൂസെല്ലോസിസ് മനുഷ്യരിലേക്ക് പകരാം. വന്‍തോതില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗം ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ ഈ രോഗം ഇന്ത്യയില്‍ പടരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

ഇന്ത്യയില്‍ നിലവില്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വരെ റിപ്പോര്‍ട്ടുകളുമുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം ആളുകളെ വരെ ഇന്ത്യയില്‍ ഈ രോഗം ബാധിക്കാമെന്നും അതില്‍ രണ്ടു ശതമാനം മരണനിരക്കുണ്ടാകാമെന്നുമാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയില്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

Advertisment