Advertisment

പ്രളയവും ഫ്രാങ്കോയും നിറഞ്ഞാടിയപ്പോള്‍ അണ്ടര്‍ഗ്രൗണ്ടില്‍ സര്‍ക്കാര്‍ നടത്തിയത് തീവെട്ടിക്കൊള്ള : മദ്യമൊഴുക്കാന്‍ ലൈസന്‍സും 10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും. ചെന്നിത്തല തുറന്നുവിട്ട ബ്രൂവറി ബോംബ്‌ പിണറായി സര്‍ക്കാരിന് ഇടിത്തീയാകും. 2 ദിനംകൊണ്ട് മലക്കം മറിഞ്ഞ കാന൦ അനുസരണയുള്ള സഖാവായതെങ്ങനെ ?

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് പ്രളയവും പിന്നാലെ ഫ്രാങ്കോയും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ ആരുമറിയാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ബ്രൂവറി / ഡിസ്നിലറി ഇടപാടില്‍ സര്‍ക്കാരിനെ വെട്ടിലാക്കാനുറച്ച് പ്രതിപക്ഷം.

Advertisment

സര്‍ക്കാര്‍ ജഡീഷ്യല്‍ അന്വേഷണത്തിന് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തുറന്നുവിട്ട ബ്രൂവറിബോംബ്‌ പിണറായി സര്‍ക്കാരിനെ എടുത്തുലയ്ക്കും എന്നുറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേര്‍ക്കുനേര്‍ ആരോപണമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് നേരിട്ട് രംഗത്ത് വന്നിരിക്കുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ ഇടത് മുന്നണിയും സമ്മര്‍ദ്ദത്തിലായി.

publive-image

പിണറായിക്ക് പുറമേ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍, മദ്യ ലോബിക്കായി കാക്കനാട്ട് കിന്‍ഫ്രാ പാര്‍ക്കിലെ 10 ഏക്കര്‍ സ്ഥലം എഴുതി നല്‍കിയ വ്യവസായ വകുപ്പിന്റെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പ്രമുഖ മദ്യ കമ്പനിയുടെ ബിനാമിയെന്നു സംശയിക്കുന്ന കമ്പനിയ്ക്ക് ബ്രൂവറി തുടങ്ങാനാണ് വ്യവസായ വകുപ്പിന് കീഴിലുള്ള കോടികള്‍ വിലമതിക്കുന്ന 10 ഏക്കര്‍ കിന്‍ഫ്ര ഭൂമി എഴുതി നല്‍കിയിരിക്കുന്നത്.

publive-image

ഇതാണ് തീവെട്ടിക്കൊള്ള ?

സര്‍ക്കാരിന്റെ നയപരമായ തീരുമാനമോ മദ്യ നയമോ മന്ത്രിസഭയില്‍ ചര്‍ച്ചയോ ഇടത് മുന്നണി തീരുമാനമോ ഒന്നും കൂടാതെ പ്രളയത്തിനിടെ ഒതുക്കത്തില്‍ നടപ്പിലാക്കിയ ബ്രൂവറി / ഡിസ്നിലറി അഴിമതി സമീപ കാലത്ത് ഒരു സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും വലിയ കൊള്ളയായാണ് വിലയിരുത്തപ്പെടുന്നത്. മദ്യവര്‍ജ്ജനവും മദ്യ നിരോധനവുമൊക്കെ വര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത് സമരം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് സംസ്ഥാനത്ത് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ 4 കമ്പനികള്‍ക്ക് ഒതുക്കത്തില്‍ അനുമതി നല്‍കിയിരിക്കുന്നത് എന്നതാണ് കൌതുകം.

ഇടതുപക്ഷത്തിന്റെ സ്ഥാനത്ത് യു ഡി എഫായിരുന്നു ഈ തീരുമാനം നടപ്പിലാക്കിയിരുന്നതെങ്കില്‍ കേരളം മുഴുവന്‍ കത്തുന്ന സമര കോലാഹലങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പ്രതിപക്ഷം 2 ദിവസമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും പ്രതിപക്ഷ നേതാവ് പരമ്പരയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടി നല്‍കാനാകാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്.

publive-image

സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്നിലറികളും അനുവദിക്കേണ്ടതില്ലെന്ന 1999 ലെ സര്‍ക്കാര്‍ ഉത്തരവാണ് 17 വര്‍ഷത്തിന് ശേഷം യാതൊരു പ്രഖ്യാപനവും ഇല്ലാതെ തിരുത്തിയിരിക്കുന്നത്. 1999 മുതല്‍ കാത്തിരുന്ന അപേക്ഷകരെയൊക്കെ തള്ളി പരസ്യമായി ടെണ്ടര്‍ പോലും ക്ഷണിക്കാതെ ഏറ്റവും ഒടുവിലെ അപേക്ഷകന് 3 മാസം കൊണ്ട് തിടുക്കപ്പെട്ട് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഉത്തരവിലൂടെയാണ് ബ്രൂവറിയും മറ്റ്‌ ഡിസ്നിലറികളും അനുവദിച്ചു നല്‍കിയിരിക്കുന്നത്.

99 നു ശേഷം 3 സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ചിരുന്ന ഒരു ഉത്തരവാണ് മദ്യ ലോബിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഹിഡന്‍ അജണ്ടയായി നടപ്പിലാക്കിയിരിക്കുന്നത്.

സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ വിവാദ തട്ടിപ്പുകാരിയെ ഉള്‍പ്പെടെ വിലയ്ക്കെടുത്ത് വ്യാജ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് സഹായങ്ങള്‍ ചെയ്ത മദ്യ ലോബിയ്ക്കായി ഒരു സര്‍ക്കാരുകളും ഇന്നേവരെ ചെയ്യാത്ത സഹായങ്ങളാണ് സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്.

publive-image

കാനത്തിന്റെ മലക്കംമറിച്ചില്‍

അത് കണ്ടെത്തിയതോടെ ഉത്തരവിലെ പൊള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തിയാണ് 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത് അതിന് മറുപടി കിട്ടുംവരെ സമരത്തിനാണ് പ്രതിപക്ഷ നീക്കം. അതേസമയം ബ്രൂവറി തീരുമാനം അറിഞ്ഞതേയില്ലെന്ന് പറഞ്ഞ് ആദ്യമേ രംഗത്തെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 2 ദിവസംകൊണ്ട് മലക്കം മറിഞ്ഞു.

എല്ലാം ഇടതുമുന്നണി നയത്തിനനുസരിച്ചാണ് നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് കാനം പറയുന്നത്. ഇതോടെ കാനത്തെ സിപിഎം നേതൃത്വം സെറ്റില്‍ ചെയ്തു എന്ന്‍ വ്യക്തമായിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പ് സിപിഐ യും മുന്നണിയും ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ കാനം എല്ലാം അറിയിക്കേണ്ടതുപോലെ അറിയിച്ചതോടെ അനുസരണയുള്ള സഖാവായി മാറിയത്രെ. ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മദ്യ കമ്പനികള്‍ക്ക് ലൈസന്‍സ് നേടിയ മദ്യ രാജാക്കന്മാര്‍ നേരിട്ട് രംഗത്തിറങ്ങിയതായും പറയുന്നു.

publive-image

എക്‌സൈസ് മന്ത്രിയോട് ചെന്നിത്തല ചോദിച്ച 10 ചോദ്യങ്ങള്‍ ചുവടെ:

1. സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

2. അബ്കാരി രംഗത്ത് ഏത് ലൈസന്‍സിനും ഒരു വര്‍ഷമാണ് കാലാവധി എന്നതിനാല്‍ സര്‍ക്കാരുകള്‍ വര്‍ഷാവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ?

3. 1999 മുതല്‍ നിലനില്‍ക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോള്‍ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ?

4. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുമ്പോള്‍ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസിലെ സെക്ഷന്‍ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോ? എങ്കില്‍ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചര്‍ച്ച ചെയ്തത് ?

5. ബ്രൂവറികളും ഡിസ്റ്റിലറിയും വന്‍തോതില്‍ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളില്‍ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ ?

publive-image

6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു?

7. 1975 ലെ കേരളാ ഫോറിന്‍ ലിക്കര്‍ (കോംപൗണ്ടിംഗ്, ബ്‌ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ്) റൂള്‍ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാന്‍, മെഷിനറിയുടെ വിശദാംശം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉള്‍ക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളില്‍ അവ നല്‍കിയിട്ടുണ്ടോ? അനുമതി നല്‍കി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്?

8. ജി.ഒ.(ആര്‍.ടി) നമ്പര്‍ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്‌ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് അനുമതി നല്‍കിയത്? ആ സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ വെളിപ്പെടുത്താമോ ?

publive-image

9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്‌ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷയിന്മേല്‍ തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നോ? എങ്കില്‍ അതിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

10. പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കില്‍ 2006ലെ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ ?

ramesh chennithala tp ramakrishnan bar liqer
Advertisment