Advertisment

മലപ്പുറത്ത് ബസ് മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്

New Update

Advertisment

വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ബസ് മറിഞ്ഞ് 9 പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന എ ആർ ട്രാവൽസ് ബസാണ് മറിഞ്ഞത് ആരുടേയും പരിക്ക് ഗുരുതരമല്ല.

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാകുന്നത് വളാ‍‍ഞ്ചേരി വട്ടപ്പാറയിലാണ്. ഒരു വർഷത്തിനിടെ മാത്രം 81 അപകടങ്ങളിലായി വട്ടപ്പാറ വളവിൽ പൊലിഞ്ഞത് 19 ജീവനുകളാണ്. ദേശീയപാതയില്‍ ഓരോ അപകടമുണ്ടാവുമ്പോഴും ജനപ്രതിനിധികളും അധികൃതരും അപകടമൊഴിവാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും പിന്നീട് ഒന്നും ഇവിടെ നടക്കാറില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ വളവിലുണ്ടായത് 265 അപകടങ്ങൾ. മരിച്ചത് 59 പേർ.പരുക്കേറ്റത് 230 പേർക്ക്. ഒരു മാസത്തിൽ കുറഞ്ഞത് ഏഴു അപകടങ്ങളെങ്കിലും വട്ടപ്പാറ വളവില്‍ ഉണ്ടാകുന്നുവെന്നാണ് പൊലീസ് കണക്ക്. ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പ്പെട്ടിട്ടുള്ളത് പാചക വാതക ടാങ്കറുകളാണ്.

ഏതാണ്ട് രണ്ടായിരത്തോളം ടാങ്കർ ലോറികളാണ് ദേശീയപാതയിലൂടെ കടന്ന് പോകുന്നത്. ടാങ്കര്‍ മറിഞ്ഞുള്ള വാതക ചോർച്ചയും മണിക്കൂറുകൾ നീണ്ട ഗതാഗത നിയന്ത്രണവും ഈ പ്രദേശത്തുകാരുടെ സ്ഥിരം ദുരിതമാണ്. അപകട ഭീഷണിയെ തുടര്‍ന്ന് സമീപത്തെ പല താമസക്കാരും വീടും സ്ഥലവും ഒഴിവാക്കി ഇവിടെനിന്നും പോയി.

ലോഡുമായി എത്തിയ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചതാണ് അടുത്തിടെ വട്ടപ്പാറയിലുണ്ടായ വലിയ അപകടം. അപകടങ്ങളൊഴിവാക്കാനുള്ള സ്ഥിരം സംവിധാനം വേണമെന്നാവശ്യപെട്ട് അന്ന് നാട്ടുകാര്‍ റോഡ് ഉപരോധമുടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.

Advertisment