ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണ; മിനിമം ചാര്‍ജ് എട്ട് രൂപയാകും; അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 13, 2018

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ധിച്ച് എട്ടു രൂപയാകും. ഇതുസംബന്ധിച്ച അന്തിമതീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് സമരം തീരുമാനമെടുത്തും ചര്‍ച്ചകളിലൂടെയും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബസ് ചാർജ് വർധന ചർച്ച ചെയ്യാൻ ഇന്ന് എകെജി സെന്ററിൽ അടിയന്തര ഇടതുമുന്നണി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകിയത്.

ചാർജ് വർധിപ്പിക്കുന്നില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേർന്നത്. മാത്രമല്ല, അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ പേരിൽ കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ആലോചിച്ചത്.

×