Advertisment

സിസിടിവിയില്‍ മുഖം കാണാതിരിക്കാന്‍ കൂളിങ് ​ഗ്ലാസ് വച്ച്‌ മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: നഗരത്തില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാള്‍ക്കൊപ്പം മറ്റൊരു മോഷണത്തില്‍ പങ്കാളിയായ കൂട്ടാളിയെയും 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അല്‍ത്താഫ് (33) അരക്കിണര്‍ സ്വദേശി ഷാനില്‍ (25) എന്നിവരെ കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

Advertisment

publive-image

രണ്ടാം ഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസില്‍ അല്‍ത്താഫിനായി അന്വേഷണം നടത്തുകയായിരുന്നു പൊലീസ്. മുഖം സിസിടിവി ദൃശ്യങ്ങളില്‍ പതിയാതിരിക്കാന്‍ കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു മോഷണം. എന്നാല്‍ യുവാവിന്റെ നടത്തത്തിലെ ചില രീതികളാണ് അന്വേഷണം അല്‍ത്താഫിലേക്ക് എത്തിച്ചത്. സംശയത്തെ തുടര്‍ന്ന് ഇയാളെ തിരഞ്ഞ പോലീസ് സംഘം അല്‍ത്താഫിനെയും ഷാനിലിനെയും ഒരുമിച്ച്‌ പിടികൂടുകയായിരുന്നു.

ഇവരുടെ കൈയില്‍ നിന്ന് രണ്ട് എയര്‍ പിസ്റ്റളുകളും കണ്ടെടുത്തു. കോട്ടപ്പറമ്ബ് ആശുപത്രിക്ക് സമീപത്തെ കടയില്‍ നിന്നാണ് ഇവര്‍ പിസ്റ്റളുകള്‍ മോഷ്ടിച്ചത്. ഇതിന് കസബ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വര്‍ഗീസ് ഒളിവിലാണ്.

ഡിസിപി സുജിത്ത് ദാസ്, സൗത്ത് എസിപി എജെ ബാബു എന്നിവരുടെ നിര്‍ദേശമനുസരിച്ച്‌ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ ഉമേഷ്, എസ്‌ഐമാരായ കെടി ബിജിത്, വിവി അബ്ദുല്‍ സലീം, എഎസ്‌ഐ മുഹമ്മദ് സബീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ്, അനൂജ്, മുഹമ്മദ് ഷാഫി, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Advertisment