Advertisment

സി. എഫ്. തോമസ് എം എൽ എ നീതിയും ധർമ്മവും കൈവെടിയാത്ത രാഷ്ട്രീയക്കാരൻ: ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: നീതി ബോധത്തോടും ധർമ്മനിഷ്ഠയോടുംകൂടി പ്രവർത്തിച്ച സത്യസന്ധനായ രാഷ്ട്രീയക്കാരനായിരുന്നു ശ്രീ. സി എഫ് തോമസ് എം എൽ എയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം . യുവത്വത്തിന്റെ ചെറുപ്രായത്തിൽതന്നെ കെ എസ് യു വിലൂടെ രാഷ്ട്രീയ വേദിയിലെത്തിയ സിഎഫ് കേരള കോണ്ഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായി രാഷ്ട്രീയ പ്രവർത്തനം തുടരുകയും അവസാനംവരെ ഉത്തമനായ ഒരു രാഷ്ട്രീയക്കാരനായി ജന സേവനം നിർവഹിക്കുകയും ചെയ്തു.കേരളകോൺഗ്രസിൽ ഉന്നത പദവികൾ അലങ്കരിച്ച സി എഫ് തോമസ് പതിനൊന്നാം കേരള നിയമസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. ബോധ്യങ്ങളിൽ ഉറച്ചു നിന്നിരുന്ന സി എഫ് സംസാരത്തിലും ഇടപെടലുകളിലും തികഞ്ഞ മാന്യത പുലർത്തുകയും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്ന കുലീന വ്യക്തിത്വത്തിനുടമയായിരുന്നു.

ഒമ്പതു തവണ തുടർച്ചയായി ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി എഫ് 43 വർഷം എം എൽ എ ആയി തുടർന്നു. അധ്യാപകനായിരുന്ന സിഎഫ് സാർ രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകനായപ്പോഴും അധ്യാപകന്റേതായ പക്വതയോടും ആശയത്തെളിമയോടും യുക്തിഭദ്രതയോടും കൂടിയാണ് വ്യാപിച്ചത്. സ്വന്തം ലാഭത്തിനുവേണ്ടി നീതിയും ധർമ്മവും വെടിഞ്ഞ് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല അദ്ദേഹം. അധികാര പദവികളുടെ പിറകെ പോയതുമില്ല. എന്നും സത്യസന്ധതയോടെ പ്രവർത്തിക്കുകയും, ആളുകളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവരോടൊപ്പം ആയിരിക്കുവാൻ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുഖം നോക്കാതെ അദ്ദേഹം ജനങ്ങളെ സേവിച്ചു ,ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്ന ജന നേതാവിനെ ചങ്ങനാശ്ശേരി ക്കാർ കൈവിട്ടില്ല.

സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തനനിരതനായിരുന്ന സി എഫ് തോമസ് സഭയോടും ചങ്ങനാശ്ശേരി അതിരൂപതയോടും എന്നും വിശ്വസ്തത പുലർത്തിയിരുന്നു. ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കെ സി എസ് എൽ എന്ന കത്തോലിക്ക വിദ്യാർത്ഥി സംഘടനയുടെ അമരക്കാരിൽ ഒരുവനായും 40 വർഷം അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായും അദ്ദേഹം സഭയിലും തൻറെ അല്മായ ദൗത്യം ആത്മാർത്ഥതയോടെ നിർവഹിച്ചു. അതിരൂപത അദ്ദേഹത്തിന് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എല്ലാദിവസവും തന്നെ ദേവാലയത്തിൽ വിശുദ്ധ കുർബാനക്കണഞ്ഞിരുന്ന തോമസ് സാർ ഏവർക്കും ഉത്തമമാതൃകയായിരുന്നു.

അഴിമതി തീണ്ടാത്ത ജന നേതാവായിരുന്ന സി എഫ് എല്ലാവരുമായും നല്ല വ്യക്തി ബന്ധം പുലർത്തുകയും പാവപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം നിലകൊള്ളുകയും ചെയ്തിരുന്നു. ഒരുത്തമ രാഷ്ട്രീയക്കാരനെയും നിസ്വാർത്ഥ ജനസേവകനെയുമാണ് നമ്മുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. തോമസ് സാറിന്റെ ദേഹവിയോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ആദരവും പ്രാർത്ഥനയും നേരുന്നു. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെയെന്നും ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടംപറഞ്ഞു .

Advertisment