എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം ; മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാന്‍ ഭാര്യയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ല;കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്നു;പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കി നടി മോളി ജോസഫ് അഥവാ ചാള മേരി

ഫിലിം ഡസ്ക്
Friday, March 15, 2019

കൊച്ചി: സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെയാണ് മോളി കണ്ണമാലി ശ്രദ്ധേയ ആയത്. മോളി എന്നാണ് പേരെങ്കിലും ചാളമേരി എന്നു പറഞ്ഞാലേ മേരിയെ നാളാള്‍ അറിയൂ.

എന്നാല്‍ ഇപ്പോള്‍ മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങുകയാണ് മോളി. മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് മോളി പരാതിപ്പെടുന്നത്. കൊച്ചിസിറ്റി പൊലീസിന് മുന്‍പാകെയാണ് മോളിയും മകന്‍ ജോളിയും പരാതി നല്‍കിയിരിക്കുന്നത്.

പരാതിയെ പറ്റി മോളി പറയുന്നത് ഇങ്ങനെ… ‘എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം.

ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.

അങ്ങനെ ആണെങ്കില്‍ എനിക്ക് എന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ്. മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. മകള്‍ എറെ മനോവിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി കൊടുത്തത്. എന്നിട്ടാണ് അവര്‍ കള്ളക്കളി മുഴുവന്‍ കളിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ട്. എങ്കിലും ആധാരം തന്നിട്ടില്ല.

ആ രേഖകളെല്ലാം എന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ട്. അവസാന വഴിയെന്നോണമാണ് ഇവിടേക്ക് വന്നത്.’ മോളി പറയുന്നു.

ചെല്ലാനം കണ്ടക്കടവിലാണ് മോളി ജോസഫിന്റെ മകന്‍ വീടു വയ്ക്കാന്‍ ശ്രമിച്ചത്. സ്ത്രീധനമായി മകള്‍ക്ക് നല്‍കിയ വസ്തു തിരികെ കിട്ടാനായി മകന്റെ ഭാര്യാ മാതാവ് ശ്രമിക്കുകയാണ്. അതിനായി നിരവധി പരാതികള്‍ പല ഇടങ്ങളിലും അവര്‍ നല്‍കിയിട്ടുണ്ട്. നീതി ലഭിക്കും എന്ന വിശ്വാസത്തിലാണ് കമ്മീഷണറുടെ മുന്നിലെത്തിയതെന്നും അവര്‍ പറയുന്നു.

×