Advertisment

പ്രേക്ഷകര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക്; ചാനലുകളുടെ പോര് ഫേസ്ബുക്ക് റേറ്റിങ്ങിനെ ചൊല്ലി; വല്ലപ്പോഴുമെ കണക്കു പറയാറുള്ളുവെന്ന് ട്വന്റി ഫോര്‍! വല്ലപ്പോഴും പറഞ്ഞാലും കള്ളക്കണക്ക് പറയരുതെന്ന് മീഡിയാവണ്‍! പ്രേക്ഷക നഷ്ടം തുടരുമ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ആഴ്ചയും വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് താഴേക്ക്. പ്രേക്ഷകര്‍ ടെലിവിഷന്‍ വിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നുവെന്ന സൂചനയാണ് 35-ാം ആഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് പോയവാരം 20 പോയിന്റാണ് നഷ്ടമായത്.

Advertisment

publive-image

തുടര്‍ച്ചയായ പ്രേക്ഷക ഇടിവിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമന്‍. ഈയാഴ്ച 146.29 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്.രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് 113.06 പോയിന്റാണുള്ളത്. കഴിഞ്ഞ റേറ്റിനെ അപേക്ഷിച്ച് പന്ത്രണ്ട് പോയിന്റാണ് ട്വന്റി ഫോറിന് കുറഞ്ഞത്.

മനോരമ ന്യൂസ് മൂന്നാമതും മാതൃഭൂമി ന്യൂസ് നാലാമതുമാണ്. രണ്ടു ചാനലിനും 80 പോയിന്റില്‍ താഴെയാണുള്ളത്. ജനം ടിവി ഇക്കുറിയും അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

publive-image

ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയ്ക്കായി നേരിട്ടവതരിച്ചിട്ടും കൈരളിയുടെ ശനിദശ തുടരുന്നു. ജനത്തിനും പിന്നിലായി ആറാം സ്ഥാനത്താണ് 40.53 പോയിന്റ് മാത്രമുള്ള കൈരളി ന്യൂസിന്റെ സ്ഥാനം. എട്ടാം സ്ഥാനത്തു നിന്നും ജമാ അത്ത് ഇസ്ലാമിയുടെ നിയന്ത്രണത്തലുള്ള മീഡിയാ വണ്‍ ഇത്തവണത്തെ റേറ്റിങ്ങില്‍ ഏഴാം സ്ഥാനത്തെത്തി. അതേസമയം അംബാനിയുടെ ന്യൂസ് 18 കേരളം ഇത്തവണയും തകര്‍ച്ച തുടരുകയാണ്.

ബാര്‍ക്ക് റേറ്റിങ്ങില്‍ പിന്നിലായെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ റേറ്റിങ്ങിന്റെ പേരില്‍ വിവിധ ചാനലുകളുടെ തമ്മിലടി സാമൂഹ്യമാധ്യമങ്ങളില്‍ തുടരുകയാണ്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനലിനെ സംബന്ധിച്ചാണ് തര്‍ക്കം. പോയ ആഴ്ചകളിലൊക്കെ ഈ പോര് മീഡിയാവണ്ണും മനോരമ ചാനലും തമ്മിലായിരുന്നു. എന്നാല്‍ ഇക്കുറി അത് ട്വന്റി ഫോറും, മീഡിയാവണ്ണും തമ്മിലാണ്.

publive-image

വല്ലപ്പോഴുമെ കണക്കു പറയാറുള്ളെന്നും പറഞ്ഞാല്‍ കുറെ പറയണമെന്നും പറഞ്ഞാണ് ട്വന്റി ഫോറിന്റെ പ്രചരണം. ഫേസ്ബുക്കില്‍ വീഡിയോ കാണുന്നതില്‍ 22.68 മില്ല്യണാണ് തങ്ങളെന്നും മീഡിയാവണ്‍ 21.13 മാത്രമാണെന്നുമാണ് ട്വന്റി ഫോറിന്റെ അവകാശ വാദം.

എന്നാല്‍ ഇതിന് മീഡിയാവണ്‍ പറയുന്നത് വല്ലപ്പോഴും പറഞ്ഞാലും കള്ളക്കണക്ക് പറയരുതെന്ന മറുപടിയാണ്. ഫേസ്ബുക്കില്‍ ലൈവ്-നോണ്‍ ലൈവ് വിഭാഗങ്ങളിലായി തങ്ങളാണ് മുന്നിലെന്നു കണക്കുകള്‍ വച്ച് മീഡിയാവണ്ണും പറയുന്നു. എന്തായാലും ഇവരുടെ തര്‍ക്കത്തിലേക്ക് മറ്റു ചാനലുകള്‍ ഇതുവരെ അവകാശവാദവുമായി എത്തിയിട്ടില്ല.

publive-image

അതിനിടെ വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനം ഫ്‌ളവേഴ്‌സ് ചാനലും നിലനിര്‍ത്തി. സൂര്യാ ടിവി മൂന്നാം സ്ഥാനത്തും മഴവില്‍ മനോരമ നാലാം സ്ഥാനത്തുമാണ്.

channel rating
Advertisment