Advertisment

സർക്കാർ പ്രവാസികളോട് കടക്ക് പുറത്ത് പറയുന്നു: ചെന്നിത്തല

New Update

തിരുവനന്തപുരം: പ്രവാസികളോട് കേറിവാടാ മക്കളേ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കടക്ക് പുറത്തെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് അനീതിയാണ്. ഇവിടേക്ക് വരുന്നത് അവരുടെ ജന്മാവകാശമാണ്.

Advertisment

publive-image

ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ഉപനേതാവ് എം.കെ മുനീറും ചേര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും. കൂടുതല്‍ ജംബോ ഫ്‌ളൈറ്റുകള്‍ അനുവദിക്കണം, മരിച്ചവരുടെ കുടുംബങ്ങള്‍ അടിയന്തിര സഹായം നല്‍കണം, വിമാനത്താവളങ്ങള്‍ക്ക് അടുത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറക്കണം, ഗള്‍ഫില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് പുനരധിവാസപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം, മടങ്ങിവരുന്നവര്‍ക്ക് സഹായം നല്‍കണം എന്നീ ആവശ്യങ്ങള്‍ക്കായാണ് കത്ത് നല്‍കുന്നത്.

ഗള്‍ഫില്‍ നിന്ന് വരുന്നവരെ സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പ്രവാസികളുടെ അവകാശമാണ് നാട്ടിലെത്തുകയെന്നത്. ആരും ഇങ്ങോട്ട് വരണ്ട എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക കേരള സഭയും നോര്‍ക്കയും പ്രവാസികള്‍ക്ക് ഒരു കുപ്പി വെള്ളം പോലും നല്‍കിയില്ല. ഈ അവസരത്തില്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ സംവിധാനങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളുടെ കാര്യത്തില്‍ മന്ത്രി കെ.ടി ജലീലിന് ഒന്നും അറിയില്ല. സന്നദ്ധ സേവനം നടത്തുന്ന കെ.എം.സി.സിയെയോ ഇന്‍കാസിനെയോ ഒ.ഐ.സി.സിയെയോ സര്‍ക്കാര്‍ അഭിനന്ദിക്കാനോ നല്ല വാക്ക് പറയാനോ ശ്രമിക്കുന്നില്ല.

പകരം അവരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കോവിഡ് പോസിറ്റീവായവര്‍ക്കും നെഗറ്റീവ് ആയവര്‍ക്കും പ്രത്യേകം വിമാനം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കോവിഡ് പോസിറ്റീവായവരെ എങ്ങനെ പ്രത്യേകം വിമാനത്തില്‍ കൊണ്ടുവരും? അവരെ കൊണ്ടുവരുന്ന പൈലറ്റിനും ക്രൂവിനും അപ്പോള്‍ കൊവിഡ് ബാധിക്കില്ലേ? അവരുടെ ജീവന് മുഖ്യമന്ത്രി വില കല്‍പ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആഴ്ചയില്‍ രണ്ടു വിമാനം മാത്രം വന്ദേഭാരത് മിഷനില്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരും സമാനമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് സര്‍വകലാശാല വി.സി കസേരയില്‍ ഒമ്പതു മാസമായി ആളില്ല. ഗവര്‍ണര്‍ ഒരു നിലപാട് സ്വീകരിക്കുകയും സര്‍ക്കാര്‍ മറ്റൊരു നിലപാട് തുടരുകയുമാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി മുഖ്യമന്ത്രി വെളിപ്പെടുത്തണം. പരീക്ഷ അടുത്തു വരുന്ന സമയത്ത് എത്രയും പെട്ടെന്ന് വി.സിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment