Advertisment

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍:  മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എമ്മുകാരനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്.

New Update

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ചട്ടങ്ങളും, മാനദണ്ഡങ്ങളും അട്ടിമറിച്ച്  സിപിഎം ബന്ധമുള്ള വ്യക്തിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കുന്നതിനായി നടത്തുന്ന നിയമവിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കി.

Advertisment

publive-image

കുട്ടികളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍, പ്രത്യേകിച്ചും അവരുടെ സാമൂഹ്യ, നിയമ  കാര്യങ്ങളില്‍, ശ്രദ്ധേയമായ  ഇടപെടലുകളും, സംഭാവനകളും നല്‍കിയ വ്യക്തികളെയാണ് ഇത് വരെ ഈ പോസ്റ്റില്‍ നിയമിച്ചിരുന്നത്. പോക്സോ കേസുകളുടെ മോണിട്ടറിംഗ് ഉള്‍പ്പെടെ, കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ വിപുലമായ അധികാരങ്ങളാണ് ഈ സ്ഥാപനത്തിനുള്ളത്.

ഇതിന്റെ തലപ്പത്തേക്ക്, അതും ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയിലേക്ക്,  ഈ മേഖലയുമായി യാതൊരുവിധ മുന്‍പരിയമോ, പ്രവര്‍ത്തന പശ്ചാത്തലമോ, അനുഭവസമ്പത്തോ, യോഗ്യതയോ ഇല്ലാത്ത ഒരു വ്യക്തിയെ, പാര്‍ട്ടി സ്വാധീനവും, കൂറും മാത്രം കണക്കിലെടുത്ത് നിയമിക്കുന്നത്  ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ തകിടംമറിക്കും.

ഒരു സ്‌കൂളിന്റെ പിടിഎ കമ്മിറ്റി അംഗമെന്നത്  മാത്രമാണ് ഇദ്ദേഹത്തിനുള്ള യോഗ്യത. കൂടാതെ ബാലവകാശ കമ്മീഷനിലെ അംഗങ്ങളുടെ ഇന്റര്‍വ്യൂവിനെ സംബന്ധിച്ചും സമാനമായ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വന്തക്കാരേയും, അനര്‍ഹരേയും ലിസ്റ്റില്‍ തിരുകി കയറ്റുന്നതിന്, വകുപ്പ്മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ക്രമവിരുദ്ധമായ പല ഇടപെടലുകളും നടത്തിയതായി പരാതിയുണ്ട്.

നമ്മുടെ കുട്ടികളുടെ പൊതുതാല്‍പര്യവും, ബാലവകാശ കമ്മീഷന്റെ വിശാല ലക്ഷ്യങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ നടക്കുന്ന ഈ ക്രമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണമെന്നും, ബാലവകാശ കമ്മീഷന്റെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ്, സുതാര്യമായ രീതിയില്‍, കഴിവും യോഗ്യതയും മാത്രം മാനദണ്ഡമാക്കി, മുന്‍പ് അനുവര്‍ത്തിച്ചിരുന്ന രീതിയില്‍ നടത്തണമെന്നും, ഇപ്പോഴത്തെ നിയമനനടപടികള്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Advertisment