Advertisment

കോവിഡിന്റെ മറവില്‍ പമ്പാ ത്രിവേണിയിലെ മണൽക്കൊള്ള:  സര്‍ക്കാര്‍  തിരുമാനത്തെ പ്രതിപക്ഷത്തിന് തടയാന്‍ കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞ് കൂടിയ മണ്ണ് കൊള്ള നടത്തി സ്ഥാപിത താല്‍പര്യക്കാര്‍ക്ക്  വിട്ട് കൊടുക്കാനുമുള്ള  സര്‍ക്കാര്‍  തിരുമാനത്തെ പ്രതിപക്ഷത്തിന് തടയാന്‍ കഴിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാന്‍ വനം മന്ത്രിയെ  പ്രത്യേകം അഭിനന്ദിക്കുകയാണ്. അദ്ദേഹം വളരെ ശക്തമായ നിലപാടാണ് എടുത്തത്.

Advertisment

publive-image

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആറുമണിക്ക് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതിനുള്ളതാണ്. വനത്തിലൂടെ ഒഴുകുന്ന പുഴയാണെങ്കിലും അതിനകത്തുള്ളതിലെല്ലാം   വനത്തിന് അധികാരമില്ലെന്ന്  അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യന്‍  ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ് 1980 അനുസരിച്ച് എല്ലാ അധികാരവും വനം വകുപ്പില്‍  നിക്ഷിപ്തമാണ്.  മുഖ്യമന്ത്രി ആരോട് ചോദിച്ച്, എന്ത് മനസിലാക്കിയിട്ടാണ്  ഇത്തരം കാര്യങ്ങളെല്ലാം പറയുന്നത്?

ഈ ആക്റ്റില്‍ വ്യക്തമായി പറയുന്നുണ്ട്, വനത്തിലെ ഏതു വസ്തുവാണെങ്കിലും, അത് നദിയായാലും  നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിലും അത് ആക്റ്റിന്റെ പരിധിയില്‍ വരുന്നമെന്ന്.  അതനുസരിച്ചാണ് ഇന്നലെ  വനം സെക്രട്ടറി ഉത്തരവിറക്കിയത്. ദുരന്ത നിവാരണ ആക്റ്റ് പ്രകാരം മണല്‍ മാറ്റാം. നദിയില്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനാണ് അത്. ഞങ്ങള്‍ അതിന് എതിരല്ല, നദികളിലെ മണ്ണ് മാറ്റണം. എന്നാല്‍ ദുരന്ത നിവരാണ ആക്റ്റ് അനുസരിച്ച്  മാറ്റുന്ന മണ്ണ് വില്‍ക്കാന്‍ അധികാരമില്ല.

പൊട്ടിപ്പൊളിഞ്ഞ് പൂട്ടിയിട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ വില വരുന്ന ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ സൗജന്യമായി സ്വകാര്യ വ്യക്തികള്‍ക്ക് അടിച്ച് കൊണ്ട് പോകാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് പൊളിഞ്ഞത്. കേരളം കണ്ട വലിയ മണല്‍ കൊള്ളയാണ് പ്രതിപക്ഷത്തിന്റെ ഇടപെടല്‍ മൂലം തടയാന്‍ കഴിഞ്ഞത്. വനം വകുപ്പ്  സെക്രട്ടറിയുടെ സസമയോചിതമായ ഇടപെടലും ഉണ്ടായി.  അത് കൊണ്ടാണ് പത്തനംതിട്ട ജില്ലാ കളക്റ്റര്‍ക്ക് നിലപാട് മാറ്റേണ്ടി വന്നത്. അദ്ദേഹം ഇപ്പോള്‍  പറയുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍  മണല്‍ മാറ്റും എന്നാണ്. അത് നല്ല കാര്യം തന്നെയാണ്.  വില്‍ക്കണമോ വേണ്ടയോ എന്നൊക്കെ പീന്നീട് തിരുമാനിക്കുമെന്നാണ് കളക്റ്റര്‍ പറഞ്ഞത്. ഇത് തന്നെയാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണ്. ദുരന്ത നിവാരണ ആക്റ്റ് പ്രകാരം നടപടികള്‍ സ്വീകരിക്കാം. മണല്‍ മാറ്റാം, പക്ഷെ വില്‍ക്കാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് ഇല്ല. കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍  രണ്ട് പ്രകാരം മണല്‍ വില്‍ക്കുന്നതിന്  മൂന്ന് കാര്യങ്ങള്‍ തിരുമാനിക്കണം. ഒന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങണം, സാന്‍ഡ് ഓഡിറ്റ് വേണം, ഉപദേശ സമിതി അധികാരം വേണം. ഇതൊന്നുമില്ലാതെ സി പി എം നേതാവ് ചെയര്‍മാന്‍ ആയിട്ടുള്ള ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ   വ്യക്തികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ മണ്ണ് കോവിഡിന്റെ മറവില്‍ സൂത്രത്തില്‍  മറിച്ചു നല്‍കാനുള്ള നീക്കമാണ് ഇവിടെ പൊളിഞ്ഞത്.

മാധ്യമങ്ങളെയും  ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളും  ജാഗ്രത കാട്ടി. അല്ലങ്കില്‍ കോടിക്കണക്കിന് രൂപ  കോവിഡിന്റെ മറവില്‍ സ്വകാര്യ വ്യക്തികളുടെ കൈകളിലേക്കെത്തുമായിരുന്നു. ഇത്തരം  തെറ്റായ നടപടികള്‍ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പോരാട്ടം. മുഖ്യമന്ത്രി എത്ര ആക്ഷേപിച്ചാലും ഞങ്ങള്‍  ഈ  പോരാട്ടം തുടരും.

കോവിഡിന്റെ മറവില്‍ നടക്കുന്ന മൂന്നാമത്തെ കൊള്ളയായിരുന്നു ഇത്. ആദ്യം സ്പിംഗ്ളര്‍, പിന്നെ ബെവ്കോക്ക് വെര്‍ച്ച്വല്‍ ക്യുവിനുണ്ടാക്കിയ ആപ്പ്, അതിപ്പോഴും ഒരാപ്പായി തന്നെ  നില്‍ക്കുകയാണ്. ഇത് വരെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല, ഞാന്‍ അതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാമത്തേതാണ് മണല്‍ കൊള്ള..  നാലാമതൊന്ന് കൂടി നടക്കുന്നുണ്ട്  ആലപ്പുഴയുടെ തീരപ്രദേശമായ തോട്ടപ്പള്ളിയിലെ  കരിമണല്‍  ഖനനം. ഇതെല്ലാം നടക്കുന്നത് കോവിഡിന്റെ മറവിലാണ്. അവിടെ സമരം ചെയ്യുന്നവരെ കാണാന്‍  പോയ എന്റെ പേരില്‍  കേസെടുത്തു.  ഈ നാട്ടില്‍ എല്ലാത്തരങ്ങളും കൊള്ളയും  സര്‍ക്കാര്‍ നടത്തുകയാണ്. അതിനെതിരെ ശക്തമായ  പോരാട്ടവുമായി   പ്രതിപക്ഷം മുന്നോട്ട പോകും .

രണ്ട് വര്‍ഷമായി പ്രളയം കഴിഞ്ഞിട്ട്. ഇതുവരെ  പമ്പയിലെയും ത്രിവേണിയിലെയും മണല്‍ മാറ്റാന്‍ എന്ത് കൊണ്ട് ഇവര്‍ക്ക് കഴിഞ്ഞില്ല? ഇപ്പോള്‍ ഹെലികോപ്റ്ററില്‍ പോയി തീരുമാനമെടുക്കകയൊക്കെ ചെയ്യുന്നതിലൂടെ സര്‍ക്കാരിന്റെ പാപ്പരത്വമാണ് വ്യക്തമാകുന്നത്. ഇതെല്ലാം കള്ളത്തരവും കൊള്ളയുമാണ്.

ഇപ്പോള്‍ മാറ്റുന്ന മണല്‍ പുറത്ത് കൊണ്ട് പോയി വില്‍ക്കാമോ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റിന് വിരുദ്ധമായി അദ്ദേഹത്തിന് ചെയ്യാമോ? ഒരു മുഖ്യമന്ത്രിക്കും കഴിയില്ല. അതിനൊക്കെ  ഈ രാജ്യത്ത് നിയമമുണ്ട്. ദുരന്തനിവാരണ അതോറിററിയുടെ ചെയര്‍മാന്  വെള്ളപ്പൊക്കം ഒഴിവാക്കാന്‍  മണല്‍ മാറ്റാം  പക്ഷെ വില്‍ക്കാന്‍ കഴിയില്ല. അതാണ് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റിന്റെ സെക്ഷന്‍ 2 ഉദ്ധരിച്ച് ഞാന്‍  പറഞ്ഞത്. ഇതൊന്നും വായിക്കാതെ മുഖ്യമന്ത്രി തന്നെ ബഡായി ബംഗ്ളാവ് തുടരുകയാണ്. മുഖ്യമന്ത്രി നേരിട്ടാണോ   വ്യവസായ വകുപ്പാണോ ഇതിന്റെ പിറകില്‍  എന്നതിനെക്കുറിച്ച്  സമഗ്രമായ അന്വേഷണം വേണമന്ന്  ഞാന്‍ ആവശ്യപ്പെടുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ  പ്രസ്താവന  കണ്ടപ്പോള്‍ അദ്ദേഹമാണ് ഇതിന് നിര്‍ദേശം കൊടുത്തതെന്ന് വ്യക്തമാണ്. സി പി എം  ജില്ലാ നേതാവിന്റെ  നേതൃത്വത്തില്‍ അടഞ്ഞ് കിടന്ന സ്ഥാപനത്തിന് ഇത്രയും വലിയ  ഉത്തരവാദിത്വം ഏല്‍പ്പിക്കുക. പിന്നീട് കളളക്കച്ചവടം നടക്കില്ലന്ന് കണ്ടപ്പോള്‍ അവര്‍ കണ്ടം വഴി ഓടുകയാണുണ്ടായത്.

Advertisment