Advertisment

അഞ്ചംഗ കുടുംബത്തെ ഒന്നടങ്കം തുടച്ചുമാറ്റിയ ചെട്ടിയാംമലയിലെ മണ്ണിടിച്ചില്‍ കവര്‍ന്നെടുത്തത് വിരുന്നെത്തിയ മിഥുനെയും; വിദ്യാര്‍ത്ഥിയെ മരണം തേടിയെത്തിയത് മഴമൂലം ലഭിച്ച അവധി ആഘോഷിക്കാനെത്തിയപ്പോള്‍

New Update

എരുമമുണ്ട: ചെട്ടിയാംമലയിലെ ആ അഞ്ചംഗ കുടുംബത്തെ ഒന്നടങ്കം തുടച്ചുമാറ്റിയ മണ്ണിടിച്ചില്‍ തട്ടിയെടുത്തത് വിരുന്നെത്തിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയേയും. എരുമമുണ്ടയില്‍ അഞ്ചുപേരടങ്ങുന്ന കുടുംബം വീട് തകര്‍ന്ന് മണ്ണിനടിയില്‍ പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവര്‍ പോലും അറിഞ്ഞില്ല, ആ പതിനാറുകാരനും ഉരുള്‍പൊട്ടലില്‍ അകപ്പെട്ടെന്ന്.

Advertisment

മഴമൂലം കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചപ്പോള്‍ അവധിദിവസം ബന്ധുക്കള്‍ക്കൊപ്പം ചെലവിടാനെത്തിയ മിഥുന്‍ അവര്‍ക്കൊപ്പം മരണത്തിലേക്കു മറയുകയായിരുന്നു. കുഞ്ഞിലക്ഷ്മി, മകന്‍ സുബ്രഹ്മണ്യന്‍, ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്.

publive-image

ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മിഥുന്റെ മൃതദേഹം, തകര്‍ന്നടിഞ്ഞ വീട്ടില്‍നിന്ന് 100 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. മാതൃസഹോദരിയായ കുഞ്ഞിയുടെ എരുമമുണ്ട ചെട്ടിയാംപാറയിലെ വീട്ടില്‍, മിഥുന്‍ ഇടയ്ക്കുവന്ന് നില്‍ക്കാറുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഉടന്‍, കുഞ്ഞിയുടെ വീട്ടില്‍ അഞ്ചുപേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ധരിച്ചത്. പിന്നെയാണ് വിരുന്നെത്തിയ ഒരാള്‍കൂടി ഉണ്ടെന്ന് അറിയുന്നത്.

തിരച്ചിലിനൊടുവില്‍, മിഥുന്റെ മൃതദേഹം വീടിന്റെ നൂറു മീറ്ററോളം താഴ്ഭാഗത്തുനിന്നു കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വീടിനു സമീപത്തുനിന്നു തന്നെ കണ്ടെത്തി. നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മിഥുന്‍. അടുത്തുള്ള മുട്ടിയേല്‍ കോളനിയിലാണ് വിദ്യാര്‍ത്ഥിയുടെ വീട്. ഉരുള്‍പൊട്ടലിന്റെ ഭയാനക ശബ്ദം കേട്ട് മിഥുന്‍ ഓടിയതാകും എന്നാണു കരുതുന്നത്. പ്ലസ് വണ്‍ പ്രവേശനം ലഭിച്ച് ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു.

അതേസമയം, വീടുള്‍പ്പടെ എല്ലാം ഉരുള്‍പൊട്ടല്‍ കൊണ്ടുപോയ ചെട്ടിയാംമലക്കാര്‍ക്ക് ,ചെങ്കുത്തായ മലയ്ക്കു താഴെ, സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയില്‍ ഇനി ജീവിതം തിരിച്ചുപിടിക്കുക എളുപ്പമല്ല. ഒരു വീട് മണ്ണിനടിയിലായി. മറ്റുവീടുകള്‍ ഭാഗികമായി തകര്‍ന്നു. അര കിലോമീറ്ററോളം മണ്ണും പാറക്കൂട്ടങ്ങളും നിറഞ്ഞു. എരുമമുണ്ട അങ്ങാടിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചെട്ടിയാംമല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അനുവദിച്ച മിച്ചഭൂമിയില്‍ ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷമായി താമസിക്കുന്ന കുടുംബങ്ങളുണ്ട്. മലയ്ക്കു മീതെ ഒരുമാസം മുന്‍പ് മണ്ണിടിച്ചിലുണ്ടായിരുന്നതായും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതു കാര്യമായെടുത്ത് നടപടികള്‍ സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Advertisment