Advertisment

ബന്ധു നിയമനം, ലൈംഗിക ചുവയുള്ള സംഭാഷണം, അഴിമതി, തമ്മിലടി… ഒടുവിൽ വീണ്ടും ബന്ധു നിയമനം. പിണറായി സർക്കാരിലെ അഞ്ചു മന്ത്രിമാരുടെ വീഴ്ച ഇങ്ങനെ ! രണ്ടര വർഷം പിടിച്ചു നിന്ന ജലീലിനെ വീഴ്ത്തിയത് ലോകായുക്ത. ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കുന്നുവെന്ന് പറയുമ്പോഴും യാഥാർത്ഥ്യം മറിച്ച്. ഹൈക്കോടതി പരാമർശം തിരിച്ചടിയാകുമോയെന്ന ഭയത്തിൽ രാജി വാങ്ങിയത് മുഖ്യമന്ത്രി തന്നെ !

New Update

publive-image

Advertisment

തിരുവനന്തപുരം: അഴിമതിരഹിത ഭരണം എന്ന പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിലെ അഞ്ചാമത്തെ മന്ത്രിയാണ് ഇത്തവണ രാജിവച്ചത്. മുമ്പ് രാജിവച്ചവരിൽ മൂന്നു പേർ വിവാദങ്ങളിൽ കുടുങ്ങിയും ഒരാൾ പാർട്ടിയിലെ പോരിനെ തുടർന്നുമാണ് രാജി വച്ചത്.

ബന്ധുവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍ഡിസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതോടെ മന്ത്രി ഇ.പി ജയരാജന്റെ വിക്കറ്റ് പാര്‍ട്ടി തന്നെ പിഴുതെടുക്കുകയായിരുന്നു. ധാര്‍മികതയുടെ പേരിലാണ് രാജി എന്നൊക്കെ പാർട്ടിക്കാർ ഊറ്റംകൊണ്ടെങ്കിലും പിണറായിയുടെയും കോടിയേരിയുടെയും അനുമതി വാങ്ങാതെ സുധീര്‍ നമ്പ്യാരെ നിയമിച്ചതായിരുന്നു കസേര തെറിക്കാനുള്ള യഥാര്‍ത്ഥ കാരണം.

പിന്നീട് ജയരാജൻ മന്ത്രിയായി തിരികെ എത്തി. എങ്കിലും പുതിയ പുതിയ ആരോപണങ്ങൾ അദ്ദേഹം നേരിട്ടതും ചരിത്രം. മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തകയുമായി ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ധാർമികതയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനാണ് രാജിവച്ചത്.

വിവാദമായ വാര്‍ത്ത പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് നിൽക്കാതെ പിണറായിക്ക് രാജികത്ത് നല്‍കി ശശീന്ദ്രൻ പുറത്ത് പോയി. ആ ഒഴിവിലേക്ക് തോമസ് ചാണ്ടി വന്നു. തോമസ് ചാണ്ടി വന്നതോടെ അഴിമതിയും സ്വജനപക്ഷപാതവും കൂടിയെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.

അങ്ങനെയിരിക്കെയാണ് ഗതാഗതമന്ത്രി തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ വഴിയൊരുക്കുന്നതിന് പാടംനികത്തിയത് വലിയ വിവാദമായത്. കോടീശ്വരനായ ചാണ്ടിയെ രക്ഷിക്കാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ പാളി.

ചാനല്‍ വാര്‍ത്തകളുടെ പേരില്‍ രാജിവേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം. എന്നാല്‍ കോടതി പരാമർശം വന്നതോടെ ഗത്യന്തരമില്ലാതെ അദ്ദേഹം രാജിവെച്ചു.

അപ്പോഴേക്കും ഹണിട്രാപ്പ് കേസില്‍ നിന്ന് തലയൂരിയ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിക്കസേരയിൽ എത്തി. അതിനിടെ ജനതാദളില്‍ അധികാരവടംവലി ശക്തമായി. ഒടുവിൽ മാത്യു ടി തോമസ് രാജിവച്ച് കെ കൃഷ്ണൻകുട്ടി മന്ത്രിയായി.

publive-image

ഒടുവിൽ ആഴ്ചകൾ മാത്രം ശേഷിക്കെ അഞ്ചാം മന്ത്രിയും വീണു. മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയെ തുടർന്നാണ് ജലീൽ ഒഴിയുന്നത്. ധാർമ്മികതയെ കൂട്ടുപിടിച്ചാണ് രാജി എന്ന് ആവർത്തിക്കുമ്പോഴും അതല്ല വാസ്തവം എന്നു പൊതു സമൂഹം ഉറപ്പിക്കുകയാണ്.

ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ പോയ മന്ത്രി കൂടുതൽ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയത്തിലാണ് രാജി വച്ചത്. ഹൈക്കോടതി സ്വഭാവികമായും ഈ കേസിൽ ഇടപെടാനുള്ള സാധ്യത പോലും നിയമവിദഗ്ദ്ധർ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ തിരിച്ചടി ഭയന്നാണ് ജലിൽ രാജി വച്ച് പുറത്തു പോകുന്നത്.

2018 നവംബർ രണ്ടിന് ഉയർന്ന വിവാദത്തിൽ പല ഘട്ടത്തിലും തിരിച്ചടി നേരിട്ടപ്പോൾ മുട്ടാ ന്യായം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു കെടി ജലീൽ. ധാർമ്മികതയാണ് രാജിക്ക് പിന്നിൽ എങ്കിൽ ഇതു രണ്ടു വർഷം മുമ്പ് നടക്കേണ്ടിയിരുന്നു.

ജലീലിനെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുന്നതിൽ പാർട്ടിയിലും കടുത്ത പ്രതിഷേധമുണ്ടായിരുന്നു. എംഎ ബേബി അടക്കമുള്ളവർ പരസ്യമായും രംഗത്തു വന്നിരുന്നു.

trivandrum news
Advertisment