Advertisment

ഛോട്ടാ രാജനെതിരെ തീഹാര്‍ ജയിലില്‍ വധശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്; പിന്നില്‍ ദാവൂദ് ഇബ്രാഹിമെന്ന് സൂചന

New Update

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെതിരെ തീഹാര്‍ ജയിലിനുള്ളില്‍ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ദാവൂദ് ഇബ്രാഹിമും സംഘവുമാണെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഛോട്ടാ രാജന് ജയിലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളിയും ദാവൂദിന്റെ അടുത്ത അനുയായിയുമായ നീരജ് ബവാനയുടെ നേതൃത്വത്തിലാണ് വധശ്രമം നടക്കുന്നതെന്നാണ് സൂചന ലഭിച്ചത്. ബവാനയുടെ അനുയായി മദ്യപാന സദസ്സിനിടെ അബദ്ധത്തില്‍ വിവരം പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Advertisment

publive-image

തന്നെ കാണാനെത്തിയ വ്യക്തിയോടു ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ചു പറഞ്ഞതായും വിവരമുണ്ട്. തീഹാര്‍ ജയിലില്‍ തന്നെയാണു ബവാനയും കഴിയുന്നത്. മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ തനിച്ചൊരു സെല്ലിലേക്കു മാറ്റി.

നീരജ് ബവാനയെ സെല്ലില്‍നിന്നു മാറ്റുന്നതിനു മുന്‍പു നടത്തിയ പരിശോധനയില്‍ ഇയാളുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണടക്കമുള്ളവ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ അടച്ചത്. രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തീഹാറില്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ബവാനയ്ക്കു രാജനെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു. തീഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ അവസാന സെല്ലില്ലാണു ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്. ബവാന ഒറ്റപ്പെട്ട പ്രദേശത്തും. രാജനു പ്രത്യേകം സുരക്ഷാ ഭടന്മാരും പാചകക്കാരനുമുണ്ട്. കൂടാതെ, ഇവരെയെല്ലാം ദിവസേന പരിശോധിക്കുകയും ചെയ്യാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള ക്രിമിനലുകള്‍ വഴിയും ഛോട്ടാ രാജനെ വധിക്കാന്‍ ഡി കമ്പനി പലവട്ടം ശ്രമിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ രാജനെ ആക്രമിക്കാന്‍ അവര്‍ക്കു സാധിച്ചാല്‍ അത് ഡി കമ്പനിയുടെ വിജയമായാണ് കണക്കാക്കപ്പെടുക. ഇന്ത്യന്‍ സുരക്ഷയിലെ വീഴ്ചയുമായി കണക്കാക്കപ്പെടും. വിവാദ വ്യവസായി വിജയ് മല്യയടക്കമുള്ള ക്രിമിനലുകള്‍ ഇന്ത്യന്‍ ജയിലുകള്‍ മോശമാണെന്നു പറയുന്ന സാഹചര്യത്തില്‍ രാജനെതിരെയുണ്ടാകുന്ന ചെറിയ ആക്രമണംപോലും വിപരീത ഫലമാകും ഉണ്ടാക്കുകയെന്നും ജയിലിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു.

ഛോട്ടാ രാജന്‍ വിദേശത്തിരുന്നു മുംബൈ അധോലോകം ഭരിക്കുന്ന കാലത്താണു മുംബൈയില്‍ 1993ലെ സ്‌ഫോടനപരമ്പരയുണ്ടായത്. 257 പേര്‍ മരിച്ച സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കരങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഇരുവരും തമ്മില്‍ തെറ്റുകയും ചെയ്തു. 2000 സെപ്റ്റംബറില്‍ ബാങ്കോക്കില്‍ ദാവൂദ് സംഘത്തിന്റെ വെടിയേറ്റു പരുക്കേറ്റെങ്കിലും രാജന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 2001ല്‍ ദാവൂദ് സംഘത്തിലെ ശരദ് ഷെട്ടിയെ ദുബൈയില്‍ കൊലപ്പെടുത്തി പ്രതികാരം ചെയ്തു. 15-20 കൊലപാതകക്കേസുകളാണു ഛോട്ടാ രാജനെതിരെയുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, കള്ളക്കടത്ത് തുടങ്ങി മറ്റു കേസുകളുമുണ്ട്.

chota rajan
Advertisment