യാക്കോബായാ ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം: യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് ശുശ്രൂഷകള്‍ നടത്തിയത് പള്ളിക്ക് പുറത്തുവെച്ച്: മരിച്ചയാളുടെ ബന്ധുക്കളെ മാത്രം അകത്തു കയറ്റി സംസ്‌കാരം നടത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 12, 2019

കൊച്ചി: പള്ളിതര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹത്തിന്റെ കബറടക്ക ശുശ്രൂഷകള്‍ നടത്തിയത് പള്ളിക്ക് പുറത്ത് വെച്ച്. പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായാ ഓര്‍ത്തഡോക്‌സ് തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് പള്ളിയ്ക്ക് പുറത്ത വച്ച് ശുശ്രൂഷകള്‍ നടത്തി.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു. യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെന്റ് മേരീസ്.

ഫാ.മത്തായി ഇടയനാലിന്റെ നേതൃത്വത്തില്‍ ഇരുപതോളം വിശ്വാസികളാണ് രാവിലെ പള്ളിയില്‍ കയറി ആരാധന നടത്തിയത്. ഇതിനിടെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ സംസ്‌കാരം പള്ളിയില്‍ നടത്തണമെന് ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ യാക്കോബായ വിശ്വാസി റാഹേല്‍ പൗലോസിന്റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി.

യാക്കോബായ വൈദികര്‍ പള്ളിക്കകത്ത് കയറരുതെന്നും വൈദികര്‍ പുറത്തു നിന്ന് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വിശ്വാസികള്‍ക്ക് അകത്ത് കയറി സംസ്‌കാരം നടത്താമെന്നും തീരുമാനിച്ചു.

കളക്ടറുടെയും എസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതോടെ യാക്കോബായ വൈദികര്‍ പള്ളിക്ക് പുറത്ത് നിന്ന് മരണ ശുശ്രുഷകള്‍ നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ മാത്രം അകത്തു കയറ്റി സംസ്‌കാരം നടത്തുകയായിരുന്നു.

×