ദൈവത്തിന്റെ പേരില്‍ സംസാരിച്ചവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ദൈവത്തിന്റെ പേരില്‍ കേസെടുത്ത ഒരാളെ കാണിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ ?; മോദിക്കെതിരെ പിണറായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തെ കുറിച്ച് വസ്തുതാ വിരുദ്ധവും സത്യവിരുദ്ധവുമായ പ്രചാരണമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിങ്ങളുടെ വസ്തുതതയില്ലാത്ത പ്രചാരണങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല.

ദൈവത്തിന്റെ പേരില്‍ സംസാരിച്ചവര്‍ക്കെതിരെ കേസെടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ദൈവത്തിന്റെ പേരില്‍ കേസെടുത്ത ഒരാളെ കാണിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് പിണറായി ചോദിച്ചു. കണ്ണൂരില്‍ തെരഞ്ഞടുപ്പ്  യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തോട് മോദിക്ക് ഇത്ര വിദേഷമുണ്ടെന്ന് തിരിച്ചറിഞ്ഞില്ല.ഈ മനസ്സുള്ള ആളോടാണോ പ്രളയത്തില്‍ ഇത്ര സഹായം ആവശ്യപ്പെട്ടതെന്ന് പിണറായി പറഞ്ഞു. മോദി നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല, പ്രധാനമന്ത്രിയാണ്. നിങ്ങള്‍ വസ്തുത പറയണം.നിങ്ങളുടെ വാക്കുകള്‍ ജനം കേള്‍ക്കുന്നത് പ്രധാമന്ത്രിയായതുകൊണ്ടാണെന്ന് പിണറായി പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ നുണ നല്ലതുപോലെ പ്രചരിപ്പിക്കണം. അത് നിങ്ങള്‍ നേരത്തെ ചെയ്തിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയോര്‍ത്തുവേണം സംസാരിക്കാന്‍. ശബരിമലയില്‍ ഭക്തരെ ആക്രമിച്ച് കലാപഭുമിയാക്കാന്‍ ശ്രമം നടത്തിയവരെയാണ് തടഞ്ഞത്.

അവിടെ  ഉടയ്ക്കാനുള്ള തേങ്ങകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്തരെയും പൊലീസീനെയും തല്ലിയത്. ശബരിമലയില്‍ എന്തും ചെയ്യാമെന്ന ധാരണ വേണ്ട. ഈ നാട്ടില്‍ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം. അക്രമം നടത്താന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടിവരുമെന്ന് പിണറായി പറഞ്ഞു.

എല്ലാകാലത്തും ജനാധിപത്യം തകര്‍ത്തവര്‍ അതിന്റെ ഭാഗമായി വെള്ളം കുടിച്ചിട്ടുണ്ട്. ബിജെപി അത് അനുഭവിക്കാന്‍ പോകുകയാണ്. നിങ്ങള്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിച്ചു. അതിന് സര്‍ക്കാര്‍ അനുവദിച്ചില്ല. നിങ്ങളോട് ഒറ്റക്കാര്യമേ പറയാനുള്ളു. സംസ്ഥാനത്ത് എവിടെയും ജയിച്ചുവരാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും പിണറായി പറഞ്ഞു .

×