Advertisment

കോട്ടയത്ത് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ യുവതിക്കും മക്കള്‍ക്കും ഉണ്ടായ ദുരനുഭവം പരാമര്‍ശിച്ച് മുഖ്യമന്ത്രി: അന്യദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ ചിലര്‍ക്ക് ദുരനുഭവമുണ്ടായി; ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിര്‍ത്തരുത്; അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയില്‍ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ദുരനുഭവങ്ങളുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്‍റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്‍റീൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.

സാധാരണ നിലയ്ക്ക് ക്വാറന്‍റീന്‍ പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്‍റീന്‍ ആണ് അവർ‍ക്ക് നി‍ർദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്‍റെ പൊതുനിലയ്ക്ക് അപകീർത്തികരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പെരുമാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമൂഹം ശ്രമിക്കണം. വിദേശത്തുനിന്ന് എത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യം ചെയ്യുകയുമാണ് നമ്മുടെ ഉത്തരവാദിത്തം. വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവില്‍നിന്നും നാട്ടിലെത്തി 14 ദിവസത്തെ ക്വറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നഴ്സിനും മക്കൾക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും കഴിഞ്ഞ ദിവസമാണ് വിലക്ക് നേരിട്ടത്. ഇതേത്തുടർന്ന് സഹായം അഭ്യർഥിച്ച് കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റിൽ എത്തി എട്ട് മണിക്കൂറോളമാണ് അഭയം തേടി അലഞ്ഞത്. ഒടുവില്‍ ഇവരെ അഭയകേന്ദ്രത്തിലാക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി രണ്ടാഴ്ച മുൻപ് മുൻപാണ് നാട്ടിലെത്തിയത്. കുട്ടികളുമായി ഇവർ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.

വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.

അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്

Advertisment