Advertisment

സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ്; ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്‌; 44000 പുതിയ തസ്തികകള്‍ ഉണ്ടാക്കി, 1.59 ലക്ഷം നിയമന ശുപാര്‍ശ നല്‍കി; പി.എസ്.സിക്ക് നിയമനം വിട്ട വകുപ്പിലോ സ്ഥാപനത്തിലോ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല: നിയമന വിവാദത്തില്‍ വിശദമായി കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാർ നിയമനങ്ങളില്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റിലുള്ള മുഴുവൻപേർക്കും നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ മുൻ മുഖ്യമന്ത്രി തന്നെ പിന്തുണച്ചു രംഗത്തു വരുന്നത് ആശ്ചര്യകരമാണ്. ജോലി ലഭിക്കണമെന്ന് ഉദ്യോഗാർഥികൾക്ക് ആഗ്രഹം കാണും. അതുവച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കുത്സിത പ്രവർത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിൻറെയും യുഡിഎഫ് സർക്കാരിന്റെയും കാലത്തുനടന്ന നിയമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ടു നിരത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിൽ 13,825 നിയമനം നടന്നു. യുഡിഎഫ് കാലത്ത് 4791 നിയമനമാണ് നടന്നത്. എൽഡി ക്ലാർക്കായി 19,120 പേർക്കു എൽഡിഎഫ് സർക്കാർ നിയമനം നൽകി. യുഡിഎഫ് കാലത്ത് 17,711 മാത്രം. കൊവിഡ്‌ അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ് ഇത്രയും നിയമനം നടത്തിയത്.

ഈ സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍കിയിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എൽപിഎസ്എ: യുഡിഎഫ് 1630; എൽഡിഎഫ് 7322, യുപിഎസ്എ: യുഡിഎഫ് 802; എൽഡിഎഫ് 4446, സ്റ്റാഫ് നഴ്സ് ഹെൽത്ത്: യുഡിഎഫ് 1608; എൽഡിഎഫ് 3607, അസി. സർജൻ ഹെൽത്ത്: യുഡിഎഫ് 2435; എൽഡിഎഫ് 3324, സ്റ്റാഫ് നഴ്സ് മെഡി വിദ്യാഭ്യാസം: യുഡിഎഫ് 924; എൽഡിഎഫ് 2200 തുടങ്ങിയ നിയമനകണക്കുകളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഏപ്രില്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് ശരിയല്ല. കൂടുതല്‍ ആളുകള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകണം. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നഷ്ടം സംഭവിക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്. ഇത്തരം നിയമനം നടന്ന ഒരിടത്തും പിഎസ്.സി വഴി ആളെ നിയമിക്കാന്‍ കഴിയില്ല. അതൊന്നും പി.എസ്.സിക്ക് വിട്ട തസ്തികകളല്ല. പി.എസ്.സിക്ക് നിയമനം വിട്ട വകുപ്പിലോ സ്ഥാപനത്തിലോ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള ഒരാളെയും ഇത് ബാധിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.

ജൂണിൽ കാലാവധി തീർന്ന സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് നീട്ടണമെന്നാണ് ഒരാവശ്യമെന്നും കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കാലഹരണപ്പെട്ട ലിസ്റ്റ് നീട്ടാൻ ഏതെങ്കിലും നിയമമോ സാധ്യതയോ മുന്നിലില്ല. അതറിയാത്തവരല്ല പ്രതിപക്ഷ നേതാക്കൾ. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോയെന്നാണ് നോക്കുന്നത്. പൊലീസ് റാങ്ക് ലിസ്റ്റിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല. അവസരം നിഷേധിക്കുന്ന നിലപാടും ഉണ്ടായിട്ടില്ല. ഇതെല്ലാം ആർക്കും പരിശോധിക്കാം.

2020 ജൂണിൽ കാലാവധി തീരുന്ന ലിസ്റ്റിൽ 2021 ഡിസംബർവരെയുള്ള ഒഴിവുകൾ സർക്കാർ റിപ്പോർട്ട് ചെയ്തു. ഉദ്യോഗാർഥികൾ നാടിന്റെ സന്തതികളാണ്. അവരോട് അനുകമ്പ മാത്രമേ സർക്കാരിനുള്ളൂ. ഈ സർക്കാരിൻറെ കാലത്ത് രണ്ടു ലിസ്റ്റുകളിലായി പൊലീസിൽ 11420 പേർക്കു നിയമനം നൽകി. ആദിവാസി വിഭാഗത്തിൽ 200 തസ്തിക സൃഷ്ടിച്ചു. ആദ്യമായി വനിതാ ബറ്റാലിയനു രൂപം നൽകി. 400 കോൺസ്റ്റബിൾ തസ്തിക ഇതിനായി സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment