Advertisment

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദ്ദേശിച്ചത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍; തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; പ്രവാസികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ എന്ത് ചെയ്യാനാകുമെന്ന് കേന്ദ്രവുമായി ചര്‍ച്ച ചെയ്യുകയാണെന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് വിദേശത്ത് നിന്ന് വരുന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തോത് തടയാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവരെ രോഗ ബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ച് കൊണ്ടുവരണമെന്ന തീരുമാനത്തിൽ എത്തിയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും തുടർച്ചയായ കത്തുകൾ അയച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ വിമാന യാത്രികരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ടു. ഇതിന്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് ചീഫ് സെക്രട്ടറിയെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം അറിയിച്ചത് പ്രകാരം യുഎഇയില്‍ മാത്രമാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളു. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏകദേശം ആയിരം രൂപയാണ് ചിലവ് വരിക.

ഒമാനില്‍ ആര്‍.ടി. പി.സി.ആര്‍ ടെസ്റ്റുകള്‍ മാത്രമേയുള്ളു. ഇവിടെ സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 25 ന് ടെസ്റ്റ് നിര്‍ബന്ധമാക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധുമുട്ടുണ്ടെന്നാണ് അവിടെനിന്ന് അറിയിച്ചിട്ടുള്ളത്. സൗദിയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികള്‍ നടത്തുന്നുണ്ട്. പക്ഷെ അത് അവിടുത്തെ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. ബഹറൈനില്‍ ടെസ്റ്റ് നടത്താനും പ്രയാസമുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കുവൈത്തില്‍ ഒരു ടെസ്റ്റും നടക്കില്ലെന്നാണ് നേരത്തെ എല്ലാവരും വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം പറയുന്നത് അവിടെ ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നാണ്. മറ്റ് എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് അവര്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. നല്ല രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടക്കുകയാണ്. അതിന്റെ ഫലമെന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിൽ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോൾ പറഞ്ഞിട്ടുള്ളത് ജൂൺ 25 മുതൽ ചാർട്ടേഡ് വിമാനത്തിലും സ്വകാര്യ വിമാനത്തിലും വരുന്നവർ പരിശോധന നടത്തണം എന്നാണ്. യാത്രയ്ക്കിടെ രോഗപകർച്ച ഉണ്ടാകാൻ പാടില്ല. ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ എന്തുചെയ്യാനാകുമെന്ന് കേന്ദ്ര സർക്കാരുമായി ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുള്ളവര്‍ക്ക് എല്ലാവര്‍ക്കും വരാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വരുമ്പോള്‍ ചില ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് മാത്രം.  അതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റുള്ള വാദഗതികളെല്ലാം ആളുകളെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ റുട്ടീൻ സാംപിൾ, സെന്റിനൽ, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നീ വിഭാഗങ്ങളിലായി 1,92,000 സാംപിളുകൾ പരിശോധിച്ചു.  കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്, ഐപിസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment