Advertisment

കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തില്ലെന്ന് മുഖ്യമന്ത്രി; കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തത്?‌ കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും പിണറായി

New Update

publive-image

Advertisment

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണം കേന്ദ്ര പദ്ധതിയാണെന്ന് തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണംചെയ്തില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്.

ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ, മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. കേരളതല ധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ അനുഭവങ്ങളിലൂടെ വ്യക്തമാണ്. ഒരാള്‍ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആള്‍ വൈകുന്നേരം അതേ ആരോപണം ആരോപിക്കുന്നു. ഇരു പാര്‍ട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment