തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് രവീന്ദ്രന്‍ ചികിത്സയിലുള്ളത്. കിടത്തി ചികിത്സയാണ് രവീന്ദ്രനുള്ളതെന്നാണ് വിവരം.
മറ്റന്നാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു മുന്നില്‍ ഹാജരാകണമെന്ന് രവീന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
നേരത്തെ നവംബര്‍ ആറിന് രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരികരിക്കുകയായിരുന്നു.
പിന്നീട് കോവിഡ് മുക്തനായപ്പോഴും രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയെങ്കിലും കോവിഡാനന്തര രോഗങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഹാജരാകാതിരിക്കുകയായിരുന്നു.
ഇതു മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് രണ്ടു ദിവസം മുമ്പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ തവണ രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറിയതില്‍ സിപിഎമ്മിന് തന്നെ പ്രതിഷേധമുണ്ടായിരുന്നു.