കൊളംബോ സ്ഫോടന പരമ്പര ;വീണ്ടും ചാവേർ ആക്രമണത്തിന് സാധ്യതയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, April 21, 2019

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ പ്രാർത്ഥനയ്ക്കിടെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 129 ആയി. പ്രദേശിക സമയം 8.45 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്.

മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങൾ നടന്നത്. പള്ളികളിൽ ഈസ്റ്റർ ദിന പ്രാർത്ഥനകൾക്കിടെയായിരുന്നു സ്ഫോടനം. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച്‌ എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമാകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇനിയും സ്ഫോടനങ്ങൾ ഉണ്ടായേക്കാമെന്നും, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ശ്രീലങ്കൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, ഇന്ത്യാക്കാർ ആരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

×