Advertisment

ഇതാണ് ആ അഭിഭാഷകൻ ! പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 സാംസ്കാരിക നായകർക്കെതിരേ കേസ് ഫയൽ ചെയ്ത സുധീർ കുമാർ ഓജ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്ത്യയിലെ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ വർദ്ധിച്ചുവരുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 സാംസ്കാരിക നായകർക്കെതിരേ ഉത്തർപ്രദേശിലെ മുസഫർപൂർ സി ജെ എം കോടതിയിൽ കേസ് ഫയൽ ചെയ്ത അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ആദ്യചിത്രത്തിൽ കാണുന്നത്..

Advertisment

പൊതുവായ കത്തെഴുതി അന്താരാഷ്ട്രതലത്തിൽ പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടമുണ്ടാക്കി എന്നതാണ് ഇവർക്കെതിരെ അദ്ദേഹം ഫയൽ ചെയ്തിരിക്കുന്ന കേസ്സ്.

publive-image

<സുധീർ കുമാർ ഓജ>

സിനിമാ - സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ നേതാക്കൾക്കെതിരേ ഇത്രയധികം കേസുകൾ ഫയൽ ചെയ്യപ്പെടുന്നത് മുസഫർപൂർ കോടതിയിലല്ലാതെ രാജ്യത്തു മറ്റെങ്ങുമുണ്ടാകില്ല.

ഇതുവരെ 745 കേസുകൾ സുധീർ കുമാർ ഓജ മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് എന്നറിയുമ്പോൾ തന്നെ നാം മൂക്കത്ത് വിരൽ വച്ചുപോകും. രസകരമായ മറ്റൊരു കാര്യം അദ്ദേഹം ഫയൽ ചെയ്ത ഒരു കേസിലും ഇതുവരെ തീർപ്പുണ്ടായിട്ടില്ല എന്നതാണ്.

അരവിന്ദ് കേസരിവാൾ ,പ്രിയങ്കാ ഗാന്ധി, ലാലു യാദവ്, രാജ് താക്കറെ, മമതാ ബാനർജി, സൽമാൻ ഖാൻ, അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യാ റായ്, അണ്ണാ ഹസാരെ തുടങ്ങി അദ്ദേഹം കേസ് ഫയൽ ചെയ്തവരുടെ നിര നീളുകയാണ്. അദ്ദേഹം കേസ് ഫയൽ ചെയ്തിട്ടില്ലാത്ത വ്യക്തികൾ അപൂർവ്വമാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി.

publive-image

ഇദ്ദേഹം ഫയൽ ചെയ്യുന്ന കേസുകളിൽ കോടതി അന്വേഷണത്തിനുത്തരവിടാറുണ്ടെങ്കിലും തെളിവോ, സാക്ഷികളെയോ ഹാജരാക്കാൻ അഭിഭാഷകനു കഴിയാത്തതിനാൽ പലതും പോലീസ് അന്വേഷണത്തിൽ നിലനിൽക്കാറില്ല.

" ഇതെന്റെ കടമയാണ്, അത് ഞാൻ ചെയ്യുന്നു. പബ്ലിസിറ്റി എനിക്കാവശ്യമില്ല, മീഡിയയുടെ പിറകേ ഞാൻ പോകാറില്ല. ഞാൻ ഒരഭിഭാഷകനാണ് . എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യുന്നു. കേസ് നൽകുക എന്റെ ജോലിയാണ്. തെളിവുണ്ടാക്കേണ്ടത് പൊലീസാണ് " അടിസ്ഥാനമില്ലാതെ ഇങ്ങനെ കേസ് നൽകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ഇതായിരുന്നു ഓജ പത്രക്കാരോട് പറഞ്ഞത്‌..

publive-image

<തമന്ന ഹാഷ്‌മി>

ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ഒരടിസ്ഥാനവുമില്ലാതെ ഇങ്ങനെ തുരുതുരെ കേസ് ഫയൽ ചെയ്യുന്ന ഈ അഭിഭാഷകന് കോടതി എന്തിനിത്ര സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഓജ കേസ് ഫയൽ ചെയ്യുന്നു, കോടതിയിൽ അത് സ്വീകരിക്കപ്പെടുന്നു, മാദ്ധ്യമങ്ങളിൽ അത് വലിയ വാർത്തയാകുന്നു, എന്നാൽ ആ കേസുകളുടെ അവസ്ഥയെന്താകുന്നു ? ഒന്നും സംഭവിക്കാറില്ല. കോടതിയുടെ സമയം പാഴാക്കലാണിതെന്നും അവർ അടിവരയിട്ടു പറയുന്നു.

രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. കീഴ് കോടതികളുടെ കാര്യമാണ് അതിലും ഗുരുതരം. എന്നിട്ടും മുസഫർപൂർ കോടതിയിൽ ഇത്രയധികം കേസുകൾ എന്തുകൊണ്ട് ഫയൽ ചെയ്യപ്പെടുന്നു എന്ന ചോദ്യം ബാക്കിയാണ്.

publive-image

<മുസാഫർപൂർ കോടതി നിർദ്ദേശമനുസരിച്ചു അവിടുത്ത സദർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഷീറ്റ്. ഇതിൽ കാണുന്ന രണ്ടാമത്തെ പേരാണ് ശ്രീ.അടൂർ ഗോപാലകൃഷ്ണന്റേത്>

സുധീർ കുമാർ ഓജയെപ്പോലെതന്നെ മുസഫർപൂർ കോടതിയിൽ ഇതേപോലെ 100 ൽപ്പരം കേസുകൾ ഫയൽ ചെയ്ത മറ്റൊരു വ്യക്തിയാണ് തമന്ന ഹാഷ്‌മി.  ഇദ്ദേഹം അമിത് ഷാ, അരവിന്ദ് കേസരിവാൾ, നിതീഷ് കുമാർ, ഹർഷ് വർദ്ധൻ ,അൽപ്പേഷ് താക്കൂർ ,രവീണ ടണ്ടൻ തുടങ്ങി രാഷ്ട്രീയ സിനിമാ സാംസ്കാരിക നായകർക്കെതിരെയും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ തീരുമാനം ഒന്നിലും ഇതുവരെയുണ്ടായിട്ടില്ല. തെളിവുകൾ ഇവർക്ക് നൽകാൻ കഴിയാറില്ല എന്നതാണ് കാരണം.

ഇതൊക്കെയാണെങ്കിലും തങ്ങൾ ചെയ്യുന്നത് ജനസേവനമാണെന്നും ജനങ്ങളുടെ ആഗ്രഹമനുസരിച്ചാണ് തങ്ങൾ സദാ പ്രവർത്തിക്കുന്നതെന്നുമാണ് സുധീർ കുമാർ ഓജയുടെയും തമന്ന ഹാഷ്മിയുടെയും പ്രതികരണം.

Advertisment