Advertisment

കണ്ണീരണിഞ്ഞ ഒരു മെയ് ദിനം ! വ്യവസായ ശാലകളെല്ലാം അടഞ്ഞു കിടക്കുന്നു. ചെറുകിട സംരംഭങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ ...

New Update

ലോകമൊട്ടാകെ ഭീതി വിതറിയ കോവിഡ് 19 എന്ന മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട ലക്ഷങ്ങൾ ഇക്കൊല്ലത്തെ (2020) മെയ് ദിനത്തെ കണ്ണീരോടെയാണ് വരവേറ്റതും യാത്രയാക്കിയതും.

Advertisment

വ്യവസായ ശാലകളെല്ലാം അടഞ്ഞു കിടക്കുന്നു, ചെറുകിട സംരംഭങ്ങൾ നിലനിൽപ്പ് ഭീഷണിയിലാണ്. സ്വയം തൊഴിലുകളുടെ വാതിലുകളും അടക്കപ്പെട്ടു. ഇവിടെയൊക്കെ ജോലിചെയ്തിരുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ, അവരുടെ ഭാവി ഇരുളടയുകയാണ്.

publive-image

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ എൽ ഓ) നൽകിയിരിക്കുന്ന മുന്നറിയിപ്പനുസരിച്ച് കോവിഡ് മൂലം ലോകമെമ്പാടുമുള്ള പകുതിയോളം തൊഴിലാളികൾക്ക് അവരുടെ ജീവനോപാധിയായിരുന്ന തൊഴിൽ നഷ്ടപ്പെടുവാൻ പോകുകയാണെന്നാണ്.

330 കോടി സംഖ്യാബലമുള്ള ലോകത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികളിൽ 160 കോടി ആളുകളുടെ തൊഴിലാണ് നഷ്ടമാകാനിടയുള്ളത്. ഇതെല്ലാം വീടിനു പുറത്തു ജോലിചെയ്യുന്നവരാണ്.

ലോക്ക് ഡൌൺ പ്രഖ്യാപിച്ചശേഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ തൊഴിലാളികളുടെ വലിയൊരു പലായനം തന്നെയുണ്ടായി.

ആഹാരത്തിനും വാടകയ്ക്കും വകയില്ലാതെ രാജസ്ഥാൻ , പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്നും ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഛത്തീസ് ഗഡ്, ഒഡീഷ എന്നീ സംസ്ഥാനക്കാരായ പതിനായിരക്കണക്കിനുവരുന്ന പ്രവാസിത്തൊഴിലാളികൾ കാൽനടയായാണ് 500 മുതൽ 2800 കിലോമീറ്റർവരെ ദൂരത്തുള്ള അവരുടെ ഗ്രാമങ്ങളിലേക്ക് പോയത്.

ഈ സങ്കീർണ്ണമായ യാത്രയിൽ വിവിധ കാരണങ്ങളാൽ ലക്ഷ്യത്തെത്താതെ നിരത്തുകളിൽ പൊലിഞ്ഞുവീണതു 44 ജീവനുകളാണ്.

publive-image

ഉത്തരഭാരതത്തിലെ ഒട്ടുമിക്ക ഗ്രാമീണമേഖലകളിലെയും പ്രത്യേകിച്ചു ആദിവാസ പിന്നോക്കവിഭാഗങ്ങൾ ഇന്ന് പട്ടിണിയിലാണ്. പലർക്കും റേഷൻ കാർഡുകൾ പോലുമില്ല. അതുകൊണ്ടുതന്നെ സർക്കാർ ആനുകൂല്യങ്ങളും സഹായങ്ങളും പലർക്കും ലഭിക്കാറില്ല. ലോക്ക് ഡൗൺ മൂലം ദയനീയ സ്ഥിതിയിലായത് ദിവസ വേതനക്കാരായ തൊഴിലാളികളാണ്.

സുപ്രീം കോടതി കഴിഞ്ഞദിവസം നൽകിയ ഉത്തരവിൽ റേഷൻ കാർഡില്ലാത്ത ദുർബലവിഭാഗങ്ങൾക്ക് പി ഡി എസ് സ്കീം അനുസരിച്ചു ഭക്ഷ്യധാന്യങ്ങൾ നൽകണമെന്ന് കേന്ദ്ര സംസ്ഥാനസർക്കാരുകളോട് നിർദ്ദേശിക്കുകയുണ്ടായി.

എന്നാൽ അതൊന്നും പ്രാവർത്തികമാകുമെന്ന പ്രതീക്ഷ വിരളമാണ്. സർക്കാർ ആനുകൂല്യങ്ങളും റേഷനും അവരിലേക്കെത്തുന്നുണ്ടോ എന്നുപോലുമുള്ള പരിശോധനകൾ അവിടൊക്കെ വിരളമാണ്.

ഭരണം മാറിമാറിവന്നാലും ഗ്രാമീണജനതയുടെ ദൈന്യാവസ്ഥക്ക് ഇന്നുവരെയൊരു മാറ്റവുമുണ്ടായിട്ടില്ല.

publive-image

ബീഹാറിൽനിന്നുള്ള 40 ലക്ഷത്തോളം വരുന്ന പ്രവാസിത്തൊഴിലാളികളിൽ 17 ലക്ഷം പേർക്ക് 1000 രൂപവീതമാണ് സഹായധനമായി സർക്കാർ നൽകിയത്. ഇത് ഒട്ടകത്തിൻ്റെ വായിൽ തീറ്റയായി ഒരുനുള്ളു ജീരകം ഇട്ടുകൊടുക്കുന്നതിനു തുല്യമാണ്. മറ്റൊരാനുകൂല്യവും ഇന്നുവരെ ലഭിച്ചിട്ടില്ല.

മദ്ധ്യപ്രദേശ്, ഛത്തീസ്‌ ഗഡ്‌ , മഹാരാഷ്ട്രയിലൊക്കെ ഇതുതന്നെയാണാവസ്ഥ. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഒരു രൂപയുടെ ആനുകൂല്യങ്ങളും ഒരു മണി ധാന്യമോ പണമോ സർക്കാരുകളിൽനിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ ലഭിക്കുന്ന അരിയുടെ ഗുണനിലവാരവും പരിതാപകരമാണ്.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിസാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അതായത് ഗ്രാമീണ മേഖലകളിലെ തൊഴിൽ നഷ്ടപ്പെട്ട ദരിദ്രരായ തൊഴിലാളികളെ ഇനിയെങ്കിലും സർക്കാരുകൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ത്യയിൽ പട്ടിണി മരണങ്ങൾ ഉണ്ടാകുമെന്നാണ്.

Advertisment