Advertisment

മകൾ ഡി എസ് പി, അച്ഛൻ സബ് ഇൻസ്‌പെക്ടർ. മകളെ സല്യൂട്ട് ചെയ്തുകൊണ്ട് ഡ്യൂട്ടി ആരംഭിക്കുന്ന അച്ഛൻ 

New Update

രു പിതാവിനെ സംബന്ധിച്ചിടത്തോളം മേലധികാരിയായ മകളെ സല്യൂട്ട് ചെയ്തുകൊണ്ട് ഡ്യൂട്ടി ആരംഭിക്കുക എന്നതിൽപ്പരം അഭിമാനം മറ്റെന്താണുള്ളത് ?

Advertisment

ആ കാഴ്ച കാണണമെങ്കിൽ മദ്ധ്യപ്രദേശിലെ സിധി ജില്ലയിലുള്ള 'മജോലി' ടൗൺ പോലീസ് സ്റ്റേഷനിൽ എത്തണം. അവിടെ ഡി എസ് പിയായ ഷബീറ അൻസാരി ട്രെയ്‌നിംഗിലാണെങ്കിലും ലോക്ക് ഡൗൺ കാലമായതിനാൽ സ്റ്റേഷന്റെ ചുമതലയും അവർക്കാണ്. പിതാവ് അഷ്‌റഫ് അലി അൻസാരി അവിടെ സബ് ഇൻസ്പെക്ടറാണ്.

ഷബീറയുടെ പിതാവ് അഷ്‌റഫ് അലി അൻസാരി ഇൻഡോർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെകടറായിരുന്നു.

publive-image

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുൻപാണ് ഒരാഴ്ച അവധിയെടുത്ത് ഇൻഡോറിൽ നിന്ന് 715 കിലോമീറ്റർ അകലെയുള്ള സിധി ജില്ലയിലെ മജോലിയിൽ അദ്ദേഹം മകളെക്കാണാനെത്തിയത്.

ലോക്ക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ യാത്ര ചെയ്യാൻ പാടില്ലാത്തതിനാൽ മജോലി സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യാൻ അഷ്‌റഫ് അലിയോട് അധികാരികൾ നിർദ്ദേശിക്കുകയായിരുന്നു.

അങ്ങനെ മജോലി സ്റ്റേഷനിൽ മകളുടെ അധീനതയിൽ ഡ്യൂട്ടി ജോയിൻ ചെയ്തു. ആഗ്രഹിച്ചാൽപ്പോലും ഒരുപക്ഷേ നടക്കാതിരുന്ന കാര്യം ലോക്ക് ഡൗൺ വഴി നടന്നതിൽ ഏറെ സന്തുഷ്ടനാണ് അഷ്‌റഫ് അലി.

മകളുടെ ഒപ്പമാണ് താമസം. രാവിലെ രണ്ടാളും ഒരുമിച്ചാണ് വീട്ടിൽനിന്നിറങ്ങുന്നത്. സ്റ്റേഷനിലെത്തിയാൽ മകളുടെ ക്യാബിനിൽപ്പോയി സല്യൂട്ട് ചെയ്തശേഷമാണ് പിതാവിന്റെ ഔദ്യോഗിക ജോലികൾ തുടങ്ങുക.

അതേപ്പറ്റി മകൾ പറയുന്നതിങ്ങനെ: "ആദ്യ ദിവസം ഓഫിസിൽ വന്ന് എന്നെ സല്യൂട്ട് ചെയ്തപ്പോൾ അബ്ബൂവിന്റ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അഭിമാനം കൊണ്ട് ആ മുഖം തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.

അബ്ബൂവിനു മറുപടി സല്യൂട്ട് നൽകി ഓടിച്ചെന്നാ കാലുകളിൽ വീണു. പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ അബ്ബൂവിനെപ്പോലെ എനിക്കും കണ്ണീരടക്കാനായില്ല.

വീട്ടിലെത്തിയാൽ ഇപ്പോഴും അബ്ബൂ പഴയ കർക്കശക്കാരനാണ്. അച്ചടക്കവും കൃത്യനിഷ്ഠയും അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. വൈകിട്ടത്തെ ഡിന്നർ പൂർണ്ണമായും എന്റെ വകയാണ്. അടുക്കളയിൽ അബ്ബൂവിനു പ്രവേശനം നൽകില്ല.

ഞാൻ തയ്യാറാക്കുന്ന ഭക്ഷണം അദ്ദേഹത്തിന് ഏറെ പ്രിയവുമാണ്. സമയക്കുറവുള്ളതിനാൽ രാവിലെയും ഉച്ചക്കും ജോലിക്കാരിയാണ് ഭക്ഷണമുണ്ടാക്കുന്നത്.

പിതാവെത്തിയശേഷം ജോലി സംബന്ധമായ പല കാര്യങ്ങളും അദ്ദേഹത്തിൻറെ അനുഭവത്തിൽ നിന്നും ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് വലിയ അനുഗ്രഹമായി മാറി.

ലോക്ക് ഡൗൺ കാലം കഴിഞ്ഞാൽ അബ്ബൂ മടങ്ങിപ്പോകുമല്ലോ എന്ന ദുഖമാണിപ്പോഴും... ഒപ്പം രാവിലത്തെ ആ കൃത്യതയുള്ള സല്യൂട്ടും. ആ സല്യൂട്ട് അഭിമാനവും അതിലേറെ വാത്സല്യവും നിറഞ്ഞതാണ്. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിലയേറിയതും - അവർ പറയുന്നു.

Advertisment