ലോകമൊട്ടാകെ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരുന്ന ദിനം, ഈ രണ്ടു പ്രഥമ വനിതകളുടെ സമാഗമവും ലോക ശ്രദ്ധയാകര്‍ഷിച്ചു

പ്രകാശ് നായര്‍ മേലില
Wednesday, May 2, 2018

രണ്ടു പ്രഥമ വനിതകളുടെ സമാഗമവും ലോക ശ്രദ്ധയാകര്‍ഷിച്ചു.

27 ഏപ്രില്‍ 2018, ലോകമൊട്ടാകെ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരുന്നു. ബദ്ധവൈരികളായ രണ്ടു ശത്രുരാജ്യങ്ങളുടെ തലവന്മാര്‍ പരസ്പ്പരം കണ്ടു മുട്ടുന്ന സുദിനം.

ഇരുകൊറിയകളിലെയും ജനങ്ങള്‍ ആകാംക്ഷാഭരിതരായി കാത്തിരുന്നു. ഒരേ ഭാഷയും സംസ്കാരവും ആചാരങ്ങളും ഉള്‍ക്കൊണ്ട് ഒന്നായി ജീവിച്ച ജനത. വന്‍ ശക്തികളുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടു രണ്ടു ചേരികളായി നിന്നു പോരാടി ലക്ഷക്കണക്കിനാള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തി ഒടുവില്‍ തെക്കും വടക്കുമായി വിഭജിക്കപ്പെട്ട് എന്നേയ്ക്കുമായി അവര്‍ അകലുകയായിരുന്നു.

ഒന്നായി ജീവിക്കേണ്ടവര്‍, പരസ്പ്പരം ഇരു രാജ്യങ്ങളിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലും കാണാനാകാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ പതിനായിരങ്ങള്‍..

ഒടുവില്‍ മഞ്ഞുരുകാന്‍ തുടങ്ങി.. അകന്നുപോയ മനസ്സുകളുടെ അടുക്കാനുള്ള വെമ്പല്‍ ഉച്ചസ്ഥായിയിലായി. ജനമനസ്സുകളുടെ സ്പന്ദനം ഉള്‍ക്കൊള്ളാതിരിക്കാന്‍ ഏതു ഭാരണാധികാരിക്കാണ് കഴിയുക?

ഇരു കൊറിയകളുടെയും തലവന്മാരുടെ കൂടിക്കാഴ്ച ഇന്ന് ഇതിഹാസത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. മേഖല പൂര്‍ണ്ണമായും സംഘര്‍ഷഭീതിയില്‍ നിന്നു മുക്തമായിരിക്കുന്നു.

നോര്‍ത്ത് കൊറിയന്‍ പ്രസിഡണ്ട്‌ കിം ജ്യോംഗ് ഉന്നും സൗത്ത് കൊറിയന്‍ പ്രസിഡണ്ട്‌ മൂണ്‍ ജെ ഇന്നും ചരിത്രത്തിന്‍റെ ഭാഗമായി മാറിയ ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ ഇരുവരുടെയും ഭാര്യമാര്‍ എന്തെടുക്കുകയായിരുന്നു ? അതും ഇന്ന് വാര്‍ത്തയാണ്.

സൗത്ത് കൊറിയന്‍ പ്രഥമ വനിത ‘കിംഗ് ജംഗ് സൂക്ക്’ ( Kim Jung Sook ) നോര്‍ത്ത് കൊറിയന്‍ പ്രഥമ വനിത ‘റീ സോള്‍ സൂ’ ( Ri Sol Ju ) വിനെ സ്വീകരിച്ചത് അതിരറ്റ ആവേശത്തോടെയായിരുന്നു. വര്‍ഷങ്ങളായി വേര്‍പെട്ട സഹോദരിയെ സ്വീകരിക്കുന്ന സ്നേഹാദരങ്ങളോടെ. കൂടുതല്‍ സമയവും ഒരു കരുതല്‍ കണക്കെ അവരുടെ കൈ മുറുകെപ്പിടിച്ചായിരുന്നു കിംഗ് ജംഗ് സൂക്ക് തന്‍റെ സ്നേഹം പങ്കുവച്ചത്. മനസ്സുതുറന്ന് ഇരുവരും സംവദിച്ചു. അതിരുകളില്ലാതെ, നിയന്ത്രണങ്ങള്‍ ഏതുമില്ലാതെ..

ഇരുകൊറിയകളും വര്‍ഷങ്ങളായുള്ള വൈരം മറന്ന് ഇപ്പോള്‍ പരസ്പ്പരം മനസ്സുതുറക്കാന്‍ തയ്യാറാ യെങ്കില്‍ സമാന സാഹചര്യത്തില്‍ വേര്‍പെട്ടകന്ന നമുക്കും ( ഇന്ത്യ – പാകിസ്ഥാന്‍) എന്തുകൊണ്ട് കഴിയില്ല എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത് ?

നമുക്കും കഴിയണം.. വികസനപാതയില്‍ ലോകശക്തിയായി മാറിയ ചൈനയുടെ ശ്രമങ്ങളാണ് ഇരു കൊറിയകളെയും തമ്മിലടുപ്പിച്ചത്. ആ നയം തന്നെയാണ് ചൈന ഇപ്പോള്‍ ഇന്ത്യയുമായും പിന്തുടരാന്‍ ശ്രമിക്കുന്നത്. യുദ്ധവും വൈരവും രാജ്യപുരോഗതിക്കും വികസനത്തിനും എന്നും വിലങ്ങുതടിയാണ്.

×