Advertisment

ലൂസി.. യൂ ആർ ഗ്രേറ്റ് ! കാലം കാത്തുവച്ച മധുരപ്രതികാരം !

New Update

1952 ൽ അമേരിക്കയിലെ അലബാമ യൂണിവേഴ്‌സിറ്റി, കറുത്തവർഗ്ഗക്കാരിയെന്ന കാരണത്താൽ അഡ്‌മിഷൻ നിഷേധിച്ച 'ആതറിൻ ലൂസി ഫോസ്റ്റർ' (Autherine Lucy Foster) എന്ന വനിതയെ ഈ 89 മത്തെ വയസ്സിൽ യുണിവേഴ്സിറ്റിത്തന്നെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. കാലം കാത്തുവച്ച മധുരപ്രതികാരം.

Advertisment

publive-image

വംശീയവെറിക്കെതിരേ സ്വന്തം അവകാശങ്ങൾക്കു വേണ്ടി അവർ നടത്തിയ പോരാട്ടം പ്രശംസനീയമായിരുന്നു. പിന്നീടത് ഒരു സമൂഹത്തിന്റെ പോരാട്ടമായി മാറി. സ്വത്തിനും ജീവനും വരെ ഭീഷണിയുയർന്നിട്ടും ആ ധീരവനിത പതറിയില്ല. നീതിക്കുവേണ്ടി അവർ തലയുയർത്തിത്തന്നെ പൊരുതി.

1952 ൽ അലബാമ യൂണിവേഴ്‌സിറ്റി കറുത്ത വർഗ്ഗക്കാരിയെന്ന കാരണത്താൽ ലൂസിക്ക് അഡ്മിഷൻ നിഷേധിച്ചതിനെതിരേ അവർ കോടതിയെ സമീപിക്കുകയായിരുന്നു. 5 വർഷത്തെ നിയമപോരാട്ടത്തി നൊടുവിൽ അവർക്കനുകൂലമായ കോടതിവിധി ലഭിക്കുകയുണ്ടായി.

publive-image

അങ്ങനെ 1957 ൽ അലബാമ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായി ലൂസി ഫോസ്റ്റർ. ലൂസി ഫോസ്റ്ററിനു അഡ്മിഷൻ നൽകുകയും അവർ ക്ലാസ്സിൽ പഠനം തുടരുകയും ചെയ്‌തെങ്കിലും കോളേജിൽ ലഹള പൊട്ടിപ്പുറപ്പെട്ടു. വെള്ളക്കാരായ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങി.

ലൂസിയെ ആക്രമിക്കാനും വധിക്കാനും വരെ ശ്രമം നടന്നു. ലഹള കോളേജിന് വെളിയിലേക്കു പടരുമെന്ന ഘട്ടം വന്നപ്പോൾ കോളേജധികൃതർ മൂന്നാം ദിവസം ലൂസിയെ കോളേജിൽ നിന്ന് പുറത്താക്കുകയായിരുന്നു..

publive-image

പിന്നീടവർക്കു വിശ്രമമില്ലാത്ത നാളുകളായിരുന്നു. മുറിവേറ്റ മനസ്സുമായി കണ്ണുനീർവാർത്തുകൊണ്ട് കോളേജിൽനിന്ന് പുറത്തുവന്ന ലൂസി ഫോസ്റ്റർ നീതിനിഷേധത്തിനെതിരേ വീണ്ടും നീതിപീഠങ്ങളെത്തന്നെ ശരണം പ്രാപിച്ചു. അന്തസ്സായി ജീവിക്കാനും വിദ്യാഭ്യാസം ആർജ്ജിക്കാനുമുള്ള അവകാശത്തിനായി കോടതികളിൽ അവർ നടത്തിയ ഒറ്റയാൾപ്പോരാട്ടം അമേരിക്കയുടെ ചരിത്രത്താളുകളിൽ ഇന്ന് സ്വർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

publive-image

വെള്ളക്കാരുടെ എതിർപ്പും ഭീഷണയും ഒട്ടും കൂസാതെ കനൽ വഴികൾ ഏറെ താണ്ടിയ ലൂസിയുടെ നീണ്ടകാല നിയമപോരാട്ടങ്ങൾക്ക് ഫലമുണ്ടായി. 1988 ൽ അവരെ യൂണിവേഴ്സിറ്റിയിൽനിന്നു പുറത്താക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി.വാശിയോടെ അവർ വീണ്ടും കോളേജിൽ ചേർന്നു പഠനം തുടരുകയും അവിടെനിന്നു മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തതിനും കാലം പിന്നീട് സാക്ഷിയായി.

publive-image

ലൂസിയെ പുറത്താക്കി നീണ്ട 60 വർഷത്തിനുശേഷം ഇക്കഴിഞ്ഞ ഏപ്രിൽ 26 ന് അലബാമ യൂണിവേഴ്സിറ്റി ഇപ്പോൾ അവരെ പ്രായശ്ചിത്തമെന്നോണം ആദരിച്ചിരിക്കുന്നു. അതറിൻ ലൂസി ഫോസ്‌റ്ററിന് ഡോക്റ്ററേറ്റ് നൽകാനുള്ള തീരുമാനം കൈക്കൊണ്ട യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ " ലൂസി ഫോസ്റ്റർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം തന്നെ ഉടച്ചുവാർക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ധീരവനിതയാണെന്നാണ് " പറഞ്ഞിരിക്കുന്നത്.

മാത്രവുമല്ല 2010 ൽ അലബാമ യൂണിവേഴ്‌സിറ്റി കാമ്പസ്സിൽ അവരുടെ പേരിൽ ഒരു ലൂസി ഫോസ്റ്റർ ടവറും നിർമ്മിക്കുകയുണ്ടായി. കൂടാതെ പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലൂസി ഫോസ്റ്റർ സ്‌കോളർഷിപ്പും ഇപ്പോൾ യൂണിവേഴ്‌സിറ്റി നൽകിവരുന്നു.

publive-image

ലൂസി ഫോസ്റ്ററുടെ പോരാട്ടഫലമായി ഇന്ന് വംശീയമായ വേർതിരിവുതന്നെ അമേരിക്കയിലെ വിദ്യാലയങ്ങളിൽ തീർത്തും ഇല്ലാതായിരിക്കുന്നു.

ഡോക്റ്ററേറ്റ് സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞ വാക്കുകൾ ഇതാണ്. " അന്ന് എന്നെ കോളേജിൽനിന്ന് പുറത്താക്കിയപ്പോൾ ഞാൻ കരഞ്ഞില്ല, പക്ഷേ എന്റെ കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകയായിരുന്നു. പറയാനാവാത്ത ഒരവസ്ഥയായിരുന്നു അത്. എന്നെ അന്ന് വെറുപ്പോടെയും വിദ്വേഷത്തോടെയും നോക്കിനിന്നവരെ ഓർത്തുപോകുകയാണ്. എന്നാൽ ഇന്നതല്ല സ്ഥിതി, ഇവിടെ ഇന്ന് പുഞ്ചിരിക്കുന്ന മുഖങ്ങൾ മാത്രമേ ഞാൻ കാണുന്നുള്ളൂ.." എന്നാണ്.

Advertisment