Advertisment

വിടപറയും മുൻപേ ! മരണം ഏതു നിമിഷവും സംഭവിക്കാമെന്ന ഉറപ്പുണ്ടായിട്ടും അസഹനീയമായ വേദന സഹിച്ച് തൻ്റെ കർത്തവ്യ രംഗത്ത് പൂർണ്ണമായും കർമ്മനിരതയായി രമാ സാഹു

New Update

രണം ഏതു നിമിഷവും സംഭവിക്കാമെന്ന ഉറപ്പുണ്ടായിട്ടും കൊറോണയ്ക്കെതിരേ ശക്തമായ ഒറ്റയാൾ പോരാട്ടം നടത്തുന്ന രമാ സാഹുവിനെ ആരും നമിച്ചുപോകും.

Advertisment

ഒറീസ്സയിലെ ഗഞ്ചാം ജില്ലയിലുള്ള ഖണ്ടാര ഗ്രാമനിവാസിയായ രമാ സാഹു എന്ന 46 കാരിയായ ആശാ വർക്കർ ക്യാൻസർ രോഗത്തിൻ്റെ അവസാന സ്റ്റേജിലും തൻ്റെ കർത്തവ്യ രംഗത്ത് പൂർണ്ണമായും കർമ്മനിരതയാണ്.

publive-image

<രമാ സാഹു>

ലോക്ക് ഡൗൺ കാലയളവിൽ വളരെ പിന്നോക്ക ഗ്രാമീണമേഖലയായ ഖണ്ടാര ഗ്രാമത്തിലെ ആദിവാസി ഗ്രാമീണർക്ക് കൊറോണയ്‌ക്കെതിരെ കൈക്കൊള്ളേണ്ട മുൻകരുതലുകളെപ്പറ്റി വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും മരുന്നും ആഹാരവും വേണ്ടവർക്ക് പഞ്ചായത്തുതലത്തിൽ നിന്ന് അവ എത്തിച്ചുനല്കാനുമുള്ള തീവ്രയത്നവുമാണ് രമാ സാഹു നടത്തിവരുന്നത്.

രാമാ സാഹുവിൻ്റെ അധീനതയിൽ 251 വീടുകളാണുള്ളത്. ഭൂരിഭാഗവും ദരിദ്രരായ ആദിവാസി വിഭാഗങ്ങളാണ്.

ആരോഗ്യമേഖലയിൽ ഇന്നും പിന്നോക്കം നിൽക്കുന്ന ഒറീസ്സ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ ആശ വർക്കർമാർക്ക് പിടിപ്പതു ജോലിയുണ്ട്. കുടുംബാരോഗ്യ സർവ്വേ കൂടാതെ വ്യക്തിപരവും സാമൂഹികവുമായ പല വിവരങ്ങളും അവർക്കു സർക്കാരിലേക്ക് നൽകേണ്ടതുണ്ട്. ലോക്ക് ഡൗൺ കാലത്ത് പ്രത്യേകിച്ചും.

അതുകൊണ്ടുതന്നെ ഒറീസ്സയിൽ ആശാ വർക്കർക്ക് സ്റ്റീൽ അലമാരി, സൈക്കിൾ, കുട, ചെരുപ്പ്, റീചാർജബിൽ ടോർച്ച് എന്നിവയ്ക്കായി 10000 രൂപയും ഗ്രാൻഡായി മറ്റൊരു 10000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

publive-image

<ഭർത്താവ് രമേശ് സാഹുവിനൊപ്പം>

രമാ സാഹുവിന് ഗർഭാശയ ക്യാൻസർ അവസാന സ്റ്റേജിലാണ്. അത് ശരീരത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. വൈദ്യശാസ്ത്രം പൂർണ്ണമായും കയ്യൊഴിഞ്ഞ രമ , പക്ഷേ തോൽക്കാൻ തയ്യറല്ല. അസഹനീയമായ വേദന സഹിച്ചാണവർ വീടുകൾ സന്ദർശിക്കുന്നത്.

മുതിർന്നവരുടെ ഡയപ്പർ കെട്ടിയാണവർ ഡ്യൂട്ടി നിർവഹിക്കുന്നത്. ഒരു ദിവസം 2 ഡയപ്പർ ആവശ്യമാണ്. അവരുടെ ഈയവസ്ഥ പലർക്കുമറിയില്ല.

വീട്ടിലിരുന്നാൽ വേദനയും വിഷമവും താങ്ങാനാകില്ല. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം അസ്തമിച്ച രമയ്ക്ക് ഏക ആശ്വാസം ഇന്ന് ഗ്രാമവാസികളാണ്. അവരെക്കാണുമ്പോൾ അവരുമായി സംവദിക്കുമ്പോൾ തൻ്റെ ദുഖങ്ങളെല്ലാം അവർ മറക്കുകയാണ്. ജീവിതം എന്നും വേദനയും ദുഖവുമാണ് അവർക്കു സമ്മാനിച്ചത്.

രമയെ സംബന്ധിച്ചിടത്തോളം രണ്ടു മക്കളുടെയും മരണമേല്പിച്ച ആഘാതം ചില്ലറയായിരുന്നില്ല. ഇളയ മകന് മൂന്നു മാസം പ്രായമുള്ളപ്പോൾ വന്ന പനിയാണ് അവന്റെ ജീവനപഹരിച്ചത്. അതുകഴിഞ്ഞ് 6 മാസത്തിനുള്ളിൽ 3 വയസ്സുണ്ടായിരുന്ന മൂത്തമകനും സമാന രീതിയിൽ മരിക്കുകയായിരുന്നു.

മക്കൾ നഷ്ടപ്പെട്ടതോടെ കുടുംബം ആകെ നിരാശയിലായി. പ്രസവം നിർത്തിയ രമാദേവി ഭർത്താവിന്റെ നിർബന്ധത്താൽ വീണ്ടും ഓപ്പറേഷന് വിധേയയായി. ഒരു കുഞ്ഞെങ്കിലും വേണമെന്ന അവരുടെ അതിയായ മോഹമായിരുന്നു അതിനുപിന്നിൽ. എന്നാൽ വിധി അവർക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു.

publive-image

<കോവിഡ് 19 വക്താവ് സുബ്രതോ ബാഗച്ചി കാണാനെത്തിയപ്പോൾ>

ഓപ്പറേഷന് വളരെ നാളുകൾക്കുശേഷമാണ് രമാദേവിക്ക്‌ ഗർഭാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്. 2014 ൽ അതിനുള്ള ചികിത്സക്കായി മുംബൈക്ക് പോയിരുന്നു. അവിടുത്തെ ചികിത്സയിൽ രോഗം ഭേദമായെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നല്ലൊരു തുക അവിടെ ചെലവായി.

നാളുകൾക്ക് ശേഷം വീണ്ടും അസ്വസ്ഥതകൾ തലപൊക്കാൻ തുടങ്ങി. ഭുവനേശ്വർ റിസേർച് സെന്ററിലെ പരിശോധനയിൽ ക്യാൻസർ രൂക്ഷമായതായി അറിയാൻ കഴിഞ്ഞു. റേഡിയേഷൻ തെറാപ്പി നടത്തണമെന്നും 2.70 ലക്ഷം രൂപ ചെലവ് വരുമെന്നും അവരറിയിച്ചു. പണത്തിനു മാർഗ്ഗമില്ലാതെ രമയും ഭർത്താവും ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

ഹോമോയോപ്പതി ചികിത്സ പരീക്ഷിച്ചുനോക്കി. ഫലം കണ്ടില്ല. സർക്കാരാശുപത്രികളിൽ തൂടർചികിത്സ നടത്തിയെങ്കിലും രോഗം മൂർഛിച്ചതല്ലാതെ മറ്റു നേട്ടമൊന്നുമുണ്ടായില്ല.

ഇപ്പോൾ രമാ സാഹു ക്യാൻസറിന്റെ അവസാന സ്റ്റേജിലാണ്‌. ശരീരത്തത് വ്യാപിച്ചുകഴിഞ്ഞു. ഇനി റേഡിയേഷൻ തെറാപ്പിയോന്നും സാദ്ധ്യമല്ല. ഡോക്ടർമാർ കൈവിട്ടിട്ടും രമാ സാഹു ഇന്നും കർമ്മനിരതയാണ്. ഡോക്ടർമാർ ജോലിക്കുപോകരുതെന്നവരെ പലതവണ വിലക്കിയതുമാണ്. കീമോയുടെ ഗുളികകളാണ് ഇപ്പോഴവർക്ക് ചികിത്സ എന്ന് പറയാവുന്നത്.

ഭർത്താവ് രമേശ് സാഹുവിന് ഗ്രാമത്തിൽ ചെറിയ പലചരക്കു കടയുണ്ട്. ഭാര്യയുടെ അവസ്ഥയിൽ ഏറെ ദുഖിതനാണദ്ദേഹം. "ഡോക്ടർമാർ പറഞ്ഞത് രമയുടെ രോഗം അവസാന സ്റ്റേജിലാണ്, ഞങ്ങൾക്കൊന്നും ചെയ്യാനില്ല, എല്ലാം ഇനി ദൈവത്തിന്റെ കൈകളിലാണെന്നാണ്. അവളില്ലാതായാൽ പിന്നെ ഞാനെന്തിന് ജീവിക്കണം?

വീട്ടിലെത്തിയാൽ രമ എന്നൊയോർത്താണ് വിലപിക്കുന്നത്. നാളെ അവളില്ലാതായാൽ ഞാനെന്തുചെയ്യും എന്നാണവളുടെ ചിന്ത. അവളെ ഒന്നും പറഞ്ഞാശ്വസിപ്പിക്കാനാകാനുന്നില്ല" ഇത് പറയുമ്പോൾ രമേശ് വിതുമ്പലടക്കാൻ പാടുപെടുകയാണ്.

publive-image

<പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മൺ ഗോഡ>

ജീവിതത്തിന്റെ അവസാന നാളുകളിലും രമ വീട്ടിലടങ്ങിയിരിക്കാൻ തയ്യറല്ല. രാവിലെ മുതൽ വൈകുന്നേരം വരെ ഭവന സന്ദർശനവും പഞ്ചായത്തിലെ തിരക്കുകളുമായി അവർ എല്ലാ വേദനകളും മറക്കുകയാണ്.

ഈയവസ്ഥയിലും കർമ്മനിരതയായ രമാ സാഹുവിൻ്റെ വിവരങ്ങളറിഞ്ഞ ഒറീസ്സയിലെ സർക്കാരിന്റെ കോവിഡ് 19 വക്താവ് സുബ്രതോ ബാഗച്ചി അവരെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.

അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ 13 ന് അവരെക്കാണാൻ ഗ്രാമത്തിൽ നേരിട്ടെത്തുകയും അവരെഅഭിനന്ദിക്കുകയും ചെയ്തു. . പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മൺ ഗോഡ രാമാ സാഹുവിനെ വിശേഷിപ്പിച്ചത് ദൈവം അയച്ച മാലാഖയെന്നാണ്.

ഇന്ന് രമാ സാഹുവിനെ അടുത്തറിയുന്ന എല്ലാവരും പ്രതീക്ഷിക്കുന്നു ഒരു 'മിറക്കിൾ' സംഭവിച്ചിരുന്നെങ്കിൽ എന്ന്. ഒരു പക്ഷേ അത് വെറുമൊരു പ്രതീക്ഷയാണെങ്കിൽക്കൂടി.

ചിത്രങ്ങൾ :- 1) രമാ സാഹു. 2) ഭർത്താവ് രമേശ് സാഹുവിനൊപ്പം. 3) COVID-19 Spokesperson Subrato Bagchi അവരെ കാണാനെത്തി. 4) പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മൺ ഗോഡ.

Advertisment