Advertisment

88-89 അടി താഴ്ചയിൽ രണ്ടുവയസുകാരൻ: ഉദ്വേഗത്തിന്റെ 65 മണിക്കൂർ പിന്നിടുമ്പോൾ ??

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്ന് നാലാം ദിനം. 65 മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. കഠിനമായ പാറയും, അതിലെ വെള്ളത്തിന്റെ ഉറവയും മൂലം ഇന്നലെ രാത്രി ഡ്രില്ലിംഗ് ജോലികൾ നിർത്തിവച്ചു. വിദഗ്ധസംഘം നടത്തിയ വിശദമായ ചർച്ചകൾക്കുശേഷം ചെന്നൈയിൽ നിന്ന് "ആകാശ്" എന്ന ഡ്രിൽ മെഷീൻ വരുത്തപ്പെട്ടു.

Advertisment

ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് ഡ്രില്ലിങ് ആരംഭിച്ചെങ്കിലും കാര്യമായി അത് മുന്നേറുന്നില്ല. കാരണം ശക്തമായ ഡില്ലിങ് നടത്തി പാറ പൊട്ടിച്ചാൽ കുട്ടി കഴിയുന്ന ബോർവെല്ലിന്റെ കുഴിയിൽ ആഘാതമുണ്ടാകാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പാണ് കാരണം.

തമിഴ് നാട് ഉപമുഖ്യമന്ത്രി പനീർസെൽവം സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയുണ്ടായി. ഇതുവരെ 40 അടിയിൽത്താഴെമാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. 50 അടിവരെ കാഠിന്യമേറിയ പാറയാണത്രെ. അതുകഴിഞ്ഞാൽ കുഴിക്കുന്നത് അനായാസമാകും. ഇടയ്ക്കിടെ വരുന്ന മഴ പണിക്കു തടസ്സമാകുന്നുമുണ്ട്. പാറ പൊട്ടിച്ചുനീക്കാനായുള്ള നീക്കം പാളുകയാണ്.

publive-image

സമയം അതിക്രമിക്കുന്നു. എല്ലാവരും തിരക്കിട്ട ആലോചനയിലാണ്. എണ്ണക്കുഴലുകൾ കുഴിക്കുന്ന ONGC ടീം, L &T, ദേശീയ ദുരന്തനിവാരണസേന , ജില്ലാ ഭരണകൂടം, സംസ്ഥാനസർക്കാർ പ്രതിനിധികൾ ഒക്കെ പാറ പൊട്ടിക്കുന്ന വിഷയത്തിൽ ഒരുറച്ച തീരുമാനത്തിലെത്താൻ ഇതുവരെ കഴിയാത്തതിനാൽ ജോലികൾ വളരെ പതുക്കെയാണ് മുന്നേറുന്നത്.

സമയം അതിക്രമിക്കുന്നത് കുട്ടിയുടെ ജീവൻ കൂടുതൽ അപകടത്തിലാക്കാൻ ഇടയാക്കിയേക്കാം. ഇതിനിടെ കുട്ടി വീണ ബോർവെൽ കുഴിച്ച ആളുകളെയെല്ലാം വിളിച്ചുവരുത്തി അവരുടെയും അഭിപ്രായവും തേടുകയാണ്.

കുട്ടി നിലകൊള്ളുന്നത് ഇപ്പോൾ 88-89 അടി താഴ്ചയിലാണ്. 90 അടിക്കുമേൽ കുഴിയെടുത്തശേഷം താഴെ 4 അടി നീളമുള്ള തുരങ്കം കൈകൊണ്ടു നിർമ്മിച്ചുവേണം കുട്ടിയുടെ അരുകിലെത്താൻ. ഇതിനായി മൂന്നു വിദഗ്‌ദ്ധർ തയ്യറായി നിൽക്കുകയാണ്. ഇവരെക്കൂടാതെ ഇന്ന് രാവിലെ 4 പേർകൂടി വിമാനമാർഗ്ഗം തൃച്ചിവഴി എത്തിച്ചേർന്നു.

പാറ തുരന്നുകഴിഞ്ഞാലും ഇപ്പോഴത്തെ നിലയിൽ 90 അടിവരെ കുഴിക്കാൻ വീണ്ടും 16 മണിക്കൂർ സമയമെടുക്കും. അവിടെനിന്ന് 4 അടി തുരങ്കം നിർമ്മിക്കാൻ 4 മണിക്കൂറെടുക്കും. അതായത് പൂർണ്ണമായും ഒരു ദിവസം.

പാറ പൊട്ടിക്കാൻ എത്രസമയമെടുക്കുമോ രക്ഷാപ്രവർത്തനങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തിയാകും മുന്നോട്ടുനീങ്ങുക. പാറ പൊട്ടിക്കുന്നതുമൂലം കുട്ടി കഴിയുന്ന ബോർവെല്ലിനു പ്രശനമുണ്ടായാൽ അത് കുട്ടിയുടെ ജീവനെ ബാധിച്ചേക്കാം. അങ്ങനെ വന്നാൽ അത് ജനരോഷം ആളിക്കത്താൻ ഇടയായേക്കാം എന്നും അധികാരികൾ ഭയക്കുന്നുണ്ട്. പാറ പൊട്ടിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്.

രണ്ടുദിവസമായി കുട്ടിയിൽനിന്നുള്ള സിഗ്നൽ ഒന്നും ലഭ്യമല്ല. ഡോക്ടർമാരുടെ ഒരു സംഘം സ്ഥലത്തു കാമ്പ് ചെയ്യുന്നുണ്ട്. കുട്ടി കഴിയുന്ന കുഴൽക്കിണറിലേക്ക് ഓക്സിജൻ ഇടതടവില്ലാതെ നൽകിവരുന്നുണ്ട്.

Advertisment